പുനലൂർ :നഗരസഭാപ്രദേശത്ത് വെള്ളമെത്തിക്കുന്ന പുനലൂർ ജലവിതരണപദ്ധതിയുടെ പ്രധാന കുഴലിൽ ചോർച്ച. മണ്ണിനടിയിലൂടെ ഉയർന്ന മർദത്തിൽ വെള്ളം ചോർന്ന് കൊല്ലം-തിരുമംഗലം ദേശീയപാത രണ്ടിടത്ത് പൊളിഞ്ഞു. പുനലൂർ കെ.എസ്.ആർ.ടി.സി.ജങ്ഷനിലാണ് ദേശീയപാത പൊളിഞ്ഞത്. രണ്ടുദിവസംമുൻപാണ് സംഭവം.

To advertise here,

ഇതേത്തുടർന്ന് തൊട്ടുചേർന്നുള്ള കച്ചേരി റോഡിന് അടിയിലൂടെ സ്ഥാപിച്ചിട്ടുള്ള കുഴലിൽ ചോർച്ച കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ഇതിനായി ചൊവ്വാഴ്ച, നഗരസഭാ കാര്യാലയത്തിനു മുന്നിൽ ഏഴടിയോളം ആഴത്തിൽ കുഴിച്ച് പരിശോധന നടക്കുകയാണ്. റോഡിൽ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിയെത്തുടർന്ന് പട്ടണത്തിൽ ജലവിതരണം മുടങ്ങി.

ഹൈസ്‌കൂൾ വാർഡിലെ സംഭരണിയിൽനിന്ന് പട്ടണത്തിലേക്കു വരുന്ന 300 മില്ലീമീറ്റർ വ്യാസമുള്ള പ്രധാന കാസ്റ്റ്അയൺ (സി.ഐ.) കുഴലിൽ നഗരസഭാ കാര്യാലയത്തിന്റെ പരിസരത്താണ് ചോർച്ച സംശയിക്കുന്നത്. ഇവിടെ കുഴിച്ചുനടത്തിയ പരിശോധനയിൽ ഏഴുനില വ്യാപാരസമുച്ചയത്തോടു ചേർന്ന് ഒരു ചോർച്ച കണ്ടെത്തിയിട്ടുണ്ട്. ഇനി ഒരു ചോർച്ചകൂടി കണ്ടെത്താനുണ്ട്. ഇതിനായി പരിശോധന നടന്നുവരികയാണ്.

20 വർഷംമുൻപും സമാനരീതിയിൽ ചോർച്ചയുണ്ടായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. കുഴലുകൾ കൂട്ടിച്ചേർത്തിട്ടുള്ള ഭാഗങ്ങളിൽ കാലപ്പഴക്കംമൂലമാണ് ചോർച്ചയുണ്ടാകുന്നതെന്നും അധികൃതർ വിശദീകരിച്ചു.

കുഴിച്ചത് നല്ല റോഡ്

:ജലവിതരണക്കുഴലിലെ ചോർച്ച കണ്ടെത്താനായി ഏഴടിയോളം താഴ്ചയിൽ കുഴിച്ചത് പുനലൂർ പട്ടണത്തിലെ ഏറ്റവും മികച്ച റിങ് റോഡ്. അഞ്ചുവർഷംമുൻപ് കിഫ്ബിയിൽനിന്ന് അനുവദിച്ച തുകകൊണ്ട് ഉന്നതനിലവാരത്തിൽ പുനരുദ്ധരിച്ച റോഡാണിത്. 400 മീറ്റർ ദൈർഘ്യമുള്ള ഈ റോഡിന് അഞ്ചുകൊല്ലം പിന്നിട്ടിട്ടും തകരാറുണ്ടായിട്ടില്ല.

സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി, നഗരസഭാ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, മൃഗാശുപത്രി തുടങ്ങി പുനലൂരിലെ പ്രധാന സ്ഥാപനങ്ങളെല്ലാം ഈ റോഡിനോടു ചേർന്നാണ് സ്ഥിതിചെയ്യുന്നത്. ചോർച്ച പരിഹരിച്ചാലുടൻ റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇനി റോഡിന്റെ നിലവാരം എങ്ങനെയാകുമെന്നതു സംബന്ധിച്ച് നഗരവാസികൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.