ഓയൂർ : പൂയപ്പള്ളി പഞ്ചായത്തിലെ ചിറക്കൽകോണം, വേങ്കോട് വാർഡുകളുടെ അതിർത്തി പങ്കിടുന്ന മരുതമൺപള്ളി പെരുമൺ ക്ഷേത്രം-നാൽക്കവല ഏലാ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമായി. വർഷങ്ങൾക്കുമുൻപ് ജനകീയക്കൂട്ടായ്മയിലാണ് ഈ പാത നിർമിച്ചത്.

To advertise here,

ചെമ്മൺ നിറഞ്ഞ ഈ പാത മരുതമൺപള്ളി ഏലായ്ക്ക് സമീപത്തായി കടന്നുപോകുന്നു. ഏകദേശം 750 മീറ്റർ ദൂരം പാത നവീകരിക്കേണ്ടതായുണ്ട്. മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിനിന്ന് ചെളിക്കളമാകുന്നത് പതിവാണ്.

പാതവശത്തുള്ള തോട് മഴക്കാലത്ത് പല സ്ഥലത്തും കവിഞ്ഞൊഴുകുന്നതും യാത്ര ബുദ്ധിമുട്ടിലാക്കുന്നു.

നെടുമൺകാവിൽനിന്ന് മരുതമൺപള്ളി ഓയൂർ ഭാഗത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയാണിത്.

മരുതമൺപള്ളിയിൽ പ്രവർത്തിക്കുന്ന പൂയപ്പള്ളി കുടുംബാരോഗ്യകേന്ദ്രം, ഗവ. മൃഗാശുപത്രി എന്നിവിടങ്ങളിൽ വേഗം എത്തിച്ചേരാൻ പ്രദേശവാസികൾ ഈ വഴി ഉപയോഗിക്കാറുണ്ട്.

‘പാത നവീകരിക്കണം’

നാട്ടുകാരുടെ കൂട്ടായ്മയിൽ തീർത്ത റോഡ് നവീകരിക്കുന്നതിൽ ജനപ്രതിനിധികൾ ഉത്തരവാദിത്വം പുലർത്തണം. ജനകീയ ആവശ്യങ്ങളിൽ ബന്ധപ്പെട്ടവർ മുഖംതിരിക്കരുത്.

കെ. സുരേന്ദ്രൻ

പ്രദേശവാസി