കരുനാഗപ്പള്ളി : സുഹൃത്തിന്റെ പക്കൽ മുക്കുപണ്ടം കൊടുത്ത് പണയംവെപ്പിച്ച് തട്ടിപ്പുനടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. തൊടിയൂർ മുഴങ്ങോടി സ്വദേശി തൻസീർ (41) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച് 18-നാണ് സംഭവം.

To advertise here,

പ്രതിയായ തൻസീർ ഇയാളുടെ സുഹൃത്തിന്റെ പക്കൽ സ്വർണവളയാണെന്ന വ്യാജേന ഒരു പവനോളം തൂക്കംവരുന്ന മുക്കുപണ്ടം എൽപ്പിച്ചശേഷം പണയപ്പെടുത്തി പണം നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇയാളുടെ സുഹൃത്തായ യുവാവ് കാരൂർക്കടവിലുള്ള ധനകാര്യസ്ഥാപനത്തിൽ എത്തി മുക്കുപണ്ടം പണയംവയ്ക്കുകയായിരുന്നു.

സ്ഥാപനത്തിൽ ​െവച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യാജ സ്വർണമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പണയം​െവച്ച് ലഭിച്ച 92,000 രൂപ യുവാവ് പ്രതിയെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് സ്ഥാപന ജീവനക്കാർ നടത്തിയ പരിശോധനയിൽ സ്വർണം വ്യാജമാണെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് യുവാവ് പ്രതിക്കെതിരേ പരാതിയുമായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനെ സമീപിച്ചു. കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

കരുനാഗപ്പള്ളി എസ്.എച്ച്.ഒ. ആഷിക്കിന്റെ നേതൃത്വത്തിൽ എസ്.ഐ. അജി ജോസ്, എ.എസ്.ഐ. റലേഷ് ബാബു, സി.പി.ഒ.മാരായ മനോജ്, ശരൺ തോമസ്, ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌. എ.സി.പി. വിനോദ്കുമാറിന്റെ നിർദേശാനുസരണം സി.ഐ. ജി. ഗോപകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.