ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പുതിയ വെളിപ്പെടുത്തലില്ല

To advertise here,

പുനലൂർ :പിറവന്തൂർ മുക്കടവ് ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ടു ബന്ധിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ട് ഒരു വർഷം. ജനത്തെ ആകാംക്ഷയിലും ആശങ്കയിലുമാഴ്‌ത്തിയ കൊലപാതകത്തിലെ പ്രതി ഇപ്പോഴും കാണാമറയത്തുതന്നെ. പ്രതിയെന്നു സംശയിച്ചയാൾ, ഇരയാണെന്നു കണ്ടെത്താനായതു മാത്രമാണ് ഒരു വർഷത്തിനിടയിലുള്ള അന്വേഷണപുരോഗതി.

പുനലൂർ-മൂവാറ്റുപുഴ ഹൈവേയോടു ചേർന്ന് പിറവന്തൂർ പഞ്ചായത്തിലെ വൻവിള വാർഡിലുള്ള മുക്കടവ് ആളുകേറാമലയിലെ റബ്ബർത്തോട്ടത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 23-ന് ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. താഴ്‌വാരത്തെ തട്ടുകടയിലേക്ക് കാന്താരി ശേഖരിക്കാൻ മലമുകളിലെത്തിയ തമിഴ്‌നാട്ടുകാരനാണ്‌ ഒരാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം ആദ്യം കണ്ടത്.

പോലീസ് നടത്തിയ പരിശോധനയിൽ ഇതിനടുത്തുനിന്ന് കന്നാസ്, കത്രിക, ബാഗ് തുടങ്ങിയവയും ലഭിച്ചു. മുഖം കത്തിച്ചതായും കണ്ടെത്തി. നെഞ്ചിന്റെ വലതുഭാഗത്ത്‌ കുത്തേറ്റതാണ് മരണകാരണമെന്ന് പിന്നീട് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു.

ആദ്യം ഡിവൈ.എസ്.പി.യുടെയും പിന്നീട് എ.എസ്.പി.യുടെയും നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ആലപ്പുഴ ജില്ലയിലെ താമരക്കുളം വേടരപ്ലാവ് ചെറ്റാരിക്കൽ ക്ഷേത്രത്തിനു സമീപം കുട്ടിയുടെ മകൻ പാപ്പർ എന്നു വിളിക്കുന്ന അനിക്കുട്ടനെ(46)ന്ന ടൈൽപണിക്കാരന് സംഭവവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയത് ഏതാനും മാസത്തിനു ശേഷമാണ്.

സമീപത്തെ പെട്രോൾ പമ്പിൽനിന്ന് ഇയാളുടെ സി.സി. ടി.വി. ദൃശ്യങ്ങൾ ലഭിച്ചതാണ് പോലീസിനെ ഈ അനുമാനത്തിലെത്തിച്ചത്. തുടർന്ന് ഇയാളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ബന്ധുക്കളിൽ നടത്തിയ ഡി.എൻ.എ. പരിശോധനയിൽ അനിക്കുട്ടൻ പ്രതിയല്ല, മറിച്ച് കൊല്ലപ്പെട്ടത് അനിക്കുട്ടനാണെന്നു തെളിഞ്ഞു. ഇതോടെ കേസിന്റെ സ്വഭാവം മാറി. എന്നാൽ, ഇതിനു ശേഷം കാര്യമായ അന്വേഷണപുരോഗതി ഉണ്ടായിട്ടില്ല.

കഴിഞ്ഞ ജൂണിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. അന്വേഷണോദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും ചെയ്തു. എന്നാൽ, അന്വേഷണപുരോഗതി പുറത്തുവിട്ടിട്ടില്ല. ഒരു കൊല്ലം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാവാത്തത് ജനങ്ങൾക്കിടയിൽ നിരാശയും അമർഷവും ഉണ്ടാക്കിയിട്ടുണ്ട്.