യോഗം ഒക്ടോബർ 16, 17 തീയതികളിൽ കൊട്ടാരക്കരയിൽ

To advertise here,

കൊല്ലം : വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തുടർച്ചയായി സി.പി.എമ്മിന്റെ വിശാല ജില്ലാ കമ്മിറ്റി അടുത്തമാസം കൊട്ടാരക്കര പുലമൺ ജൂബിലി മന്ദിരത്തിൽ നടക്കും. ഒക്ടോബർ 16, 17 തീയതികളിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും അഴിച്ചുപണി നടത്തിയ സാഹചര്യത്തിൽ സംഘടനാപ്രശ്നങ്ങളും കനത്ത തോൽവിയുമുണ്ടായ കൊല്ലം ജില്ലയിലും നേതൃതലത്തിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഈമാസം 26, 27 തീയതികളിൽ ആലപ്പുഴയിലാണ് ആദ്യ വിശാല ജില്ലാ കമ്മിറ്റി നടക്കുന്നത്. അവിടെ എന്തുതരത്തിലുള്ള തിരുത്തൽ നടപടികളാണ് ഉണ്ടാകുക എന്നത് മറ്റുജില്ലകളിലെ നടപടികളെ സ്വാധീനിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിശാല ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്.

ഏരിയ സെക്രട്ടറിമാരും ഓരോ ഏരിയയിൽനിന്നു മൂന്ന് നേതാക്കളെയും ഈ യോഗത്തിൽ പങ്കെടുപ്പിക്കും. മൂന്ന് നേതാക്കളിൽ ഒരാൾ സ്ത്രീ ആകണമെന്ന് നിർബന്ധമുണ്ട്. ഏരിയ സെക്രട്ടറിമാർ ജില്ലാ കമ്മിറ്റിയിൽ ഇല്ലെങ്കിൽ അവരടക്കം മൂന്നുപേരെ ഏരിയകളിൽനിന്നുണ്ടാകൂ. വർഗബഹുജന സംഘടനകളുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരും വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നാലോ അഞ്ചോ സെക്രട്ടേറിയറ്റ് അംഗങ്ങളും ആദ്യവസാനം യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

കഴിഞ്ഞ സംഘടനാ സമ്മേളനകാലത്ത് ഏരിയ കമ്മിറ്റിതന്നെ പിരിച്ചുവിട്ട കരുനാഗപ്പള്ളിയിലെ സംഘടനാപ്രശ്നങ്ങളിൽ എന്തു തിരുത്തലാണ് ഉണ്ടാകുക എന്ന കാര്യത്തിൽ ആകാംഷയുണ്ട്. കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ ഒരുഭാഗത്ത് നിന്നിരുന്ന മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെടുത്തിരുന്നു. ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കുകയും വിഭാഗീയത ശമിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്. മറുപക്ഷത്തെ നേതാവായ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന പ്രസിഡൻറ് പി.ആർ. വസന്തനടക്കമുള്ള നാലുപേരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇവരുടെകാര്യത്തിൽ തിരുത്തലുണ്ടാകുമോയെന്ന കാര്യം പാർട്ടിക്കുള്ളിൽ സജീവ ചർച്ചയാണ്.

സംഘാടകസമിതിയായി

കൊട്ടാരക്കര : വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. യോഗം പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം കെ.എൻ. ബാലഗോപാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാലിന്റെ അധ്യക്ഷതയിൽ ജെ. മേഴ്‌സിക്കുട്ടിഅമ്മ, എസ്. ജയമോഹൻ, സൂസൻ കോടി, ജോർജ് മാത്യു, പി.എ. എബ്രഹാം, വി.കെ. അനിരുദ്ധൻ, ബി. തുളസീധരക്കുറുപ്പ്, എസ്. വിക്രമൻ, എസ്.എൽ. സജികുമാർ തുടങ്ങിയവർ സംസാരിച്ചു. പി.എ. എബ്രഹാം പ്രസിഡന്റും പി.കെ. ജോൺസൺ സെക്രട്ടറിയുമായി 151 അംഗ സംഘാടകസമിതി രൂപവത്കരിച്ചു.17-ന് വൈകീട്ട് നാലിന് കൊട്ടാരക്കരയിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടത്തും. വിവിധ കേന്ദ്രങ്ങളിൽനിന്നാരംഭിക്കുന്ന റാലി റെയിൽവേ സ്റ്റേഷൻ ജങ്‌ഷനിലെ അമ്പലക്കര മൈതാനിയിൽ സമാപിക്കും.