എൽ.ഡി.എഫും പ്രസിഡന്റും വിട്ടുനിന്നു; ബി.ജെ.പി.ക്ക് ആശ്വാസം

To advertise here,

ചാത്തന്നൂർ : ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ ബി.ജെ.പി. പ്രതിനിധിയായ വൈസ് പ്രസിഡന്റ് രമ്യാമനോജിനെ പുറത്താക്കാൻ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. വോട്ടെടുപ്പിൽനിന്ന് ഇടതുപക്ഷത്തെ അഞ്ച് അംഗങ്ങളും സ്വതന്ത്രനായ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണനും വിട്ടുനിന്നതോടെയാണ് കോൺഗ്രസിന്റെ രാഷ്ട്രീയനീക്കം പാളിയത്. ചർച്ചയ്ക്കുശേഷം നടന്ന വോട്ടെടുപ്പിൽ അഞ്ചംഗങ്ങളുള്ള കോൺഗ്രസ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബി.ജെ.പി.യിലെ ആറ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തശേഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ബി.ജെ.പി. പ്രവർത്തകർ പഞ്ചായത്തിന് മുന്നിൽ പ്രകടനവും മധുരപലഹാര വിതരണവും നടത്തി.

വിട്ടുനിന്ന് സി.പി.എം; പിഴച്ച് കോൺഗ്രസ് തന്ത്രം

:കോൺഗ്രസിലെ അഞ്ചുപേരും സി.പി.എമ്മിലെ രണ്ടുപേരും ഒപ്പിട്ടായിരുന്നു അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ചർച്ചയിലും വോട്ടെടുപ്പിലും നോട്ടീസിൽ ഒപ്പിട്ട സി.പി.എം. അംഗങ്ങൾ ഉൾപ്പെടെയുള്ള അഞ്ച് എൽ.ഡി.എഫ്. അംഗങ്ങളും പങ്കെടുത്തില്ല. വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസം വിജയിച്ചാൽ തുടർന്ന് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണനെതിരേയും നീക്കമുണ്ടാകുമെന്നും ഭരണം കോൺഗ്രസ്-ബി.ജെ.പി. ധാരണയിലേക്ക് നീങ്ങുമെന്നും വിലയിരുത്തിയാണ് എൽ.ഡി.എഫിന്റെ പിന്മാറ്റം. യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ച സ്വതന്ത്രൻ ഉല്ലാസ് കൃഷ്ണൻ പ്രസിഡന്റായും ബി.ജെ.പി.യിലെ രമ്യാമനോജ് വൈസ് പ്രസിഡന്റായും നറുക്കെടുപ്പിലൂടെയാണ് നേരത്തേ തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് (2020-2025) മുന്നണിധാരണപ്രകാരം സി.പി.ഐ.യിൽനിന്ന് സി.പി.എമ്മിന് ലഭിക്കേണ്ടിയിരുന്ന പ്രസിഡന്റ് സ്ഥാനം, വിമതയെ കൂട്ടുപിടിച്ച് അട്ടിമറിച്ച കോൺഗ്രസിനെ വിശ്വസിക്കാൻ സി.പി.എം. നേതൃത്വം തയ്യാറായില്ല. ഇതിനൊപ്പം സ്വതന്ത്ര പ്രസിഡന്റ് ഉല്ലാസ് കൃഷ്ണനും നിഷ്പക്ഷ നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസ് പൂർണമായും ഒറ്റപ്പെടുകയായിരുന്നു.

കക്ഷിനില

ആകെ അംഗങ്ങൾ: 17

ബി.ജെ.പി.: 6 യു.ഡി.എഫ്.: 5

എൽ.ഡി.എഫ്.: 5

(സി.പി.എം.-3, സി.പി.ഐ.-2)

സ്വതന്ത്രൻ: 1