നീക്കം കളക്ടറുടെ ഇടപെടലിൽ
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്താനിരുന്ന സുരക്ഷാജീവനക്കാരുടെ അഭിമുഖം മാറ്റി. ആശുപത്രി വികസനസമിതി മുഖേന 17 വനിതാ സുരക്ഷാജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖമാണ് മാറ്റിയത്.
വിമുക്തഭടൻമാരുടെ ക്ഷേമത്തിനായി സംസ്ഥാനസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കെക്‌സ്‌കോൺ (കേരള സ്റ്റേറ്റ് എക്‌സ് സർവീസ് മെൻ ഡെവലപ്‌മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ കോർപ്പറേഷൻ) വഴി നിയമനങ്ങൾ നടത്തണമെന്ന സർക്കാർ, കോടതി ഉത്തരവുകൾ ലംഘിച്ചാണ് അഭിമുഖം നടത്തുന്നതെന്ന് പരാതിയുയർന്നിരുന്നു. ഇക്കാര്യം മാതൃഭൂമിയും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ആശുപത്രി വികസനസമിതി ചെയർമാനായ കളക്ടറുടെ നിർദേശമനുസരിച്ചാണ് അഭിമുഖം മാറ്റിയത്.
സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ താത്‌കാലികാടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുമ്പോൾ കെക്‌സ്‌കോൺ മുഖേനയായിരിക്കണമെന്നാണ് ഉത്തരവ്.
എന്നാൽ, സ്വകാര്യ ഏജൻസികൾവഴിയും നിയമനങ്ങൾ നടത്താറുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ നിയമനങ്ങൾ മുൻപും നടന്നിട്ടുണ്ട്. നിലവിൽ മെഡിക്കൽ കോളേജിൽ സ്വകാര്യ ഏജൻസിവഴി പതിനഞ്ചും കെക്‌സ്‌കോൺ വഴി എട്ടും വനിതാജീവനക്കാരാണ് ജോലിയിലുള്ളത്. സ്വകാര്യ ഏജൻസിവഴിയുള്ളവരുടെ കരാർ കാലാവധി ആറുമാസവും മറ്റുള്ളവരുടേത് ഒരു വർഷവുമാണ്. ഇത്തരത്തിൽ കാലാവധി കഴിഞ്ഞ ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖമാണ് നിശ്ചയിച്ചിരുന്നത്.
കെക്‌സ്‌കോൺവഴി മാത്രം നിയമനം നടത്താത്തതിന് വിവിധ കാരണങ്ങളാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്.
അമിതമായ നിരക്കും ആവശ്യപ്പെടുന്ന പ്രായപരിധിയിലുള്ളവരെ നൽകാൻ കെക്‌സ്‌കോണിന് കഴിയാത്തതുമാണ് കാരണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു.
പ്രതിഷേധവുമായി ബി.ജെ.പി.
: മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിയമന അഴിമതിക്കെതിരേ ബി.ജെ.പി. സിറ്റി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ട് ഓഫീസ് ധർണ നടത്തി. വി. മുരളീധരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ മറയാക്കി വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് വി. മുരളീധരൻ പറഞ്ഞു. പല വിഷയങ്ങളിലും പിണറായി സർക്കാരിന്റെ അതേ പാതയിലാണ് യു.ഡി.എഫ്. സർക്കാരും പോകുന്നത്. മുഖ്യമന്ത്രിയുടെ വിമാനയാത്രയടക്കം ഇതിന് തെളിവാണ്. അഴിമതിക്കാരുടെ വിമാനമടക്കമാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, വൈസ് പ്രസിഡന്റുമാരായ ശ്രീവരാഹം വിജയൻ, പോങ്ങുംമൂട് വിക്രമൻ, സംസ്ഥാനകൗൺസിൽ അംഗം ബി.ജി. വിഷ്ണു, കൗൺസിലർമാരായ എസ്.എസ്. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
Published: 24 Sept 2026, 01:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented