ഉഴമലയ്ക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന് അടിസ്ഥാനസൗകര്യം ഒരുക്കണം

To advertise here,

ഉഴമലയ്ക്കൽ : ഉഴമലയ്ക്കൽ പഞ്ചായത്തിലെ പ്രധാന ആതുരാലയമായ കുടുംബാരോഗ്യകേന്ദ്രത്തിൽ അടിസ്ഥാനസൗകര്യം ഒരുക്കി കിടത്തിച്ചികിത്സ സാധ്യമാക്കണമെന്ന ആവശ്യം ശക്തം. 1961-ലാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. അതിനുമുൻപ് ഡിസ്പെൻസറി ആയി പ്രവർത്തിച്ചു. 2020-ലാണ് പ്രൈമറി ഹെൽത്ത് സെൻററായി ആശുപത്രിയെ ഉയർത്തിയത്.

ഉഴമലയ്ക്കലിലെയും സമീപപ്രദേശങ്ങളിലെയും 25000-ൽപ്പരം പേർക്ക് ആശ്രയമാണ് ഉഴമലയ്ക്കൽ കുടുംബാരോഗ്യകേന്ദ്രം. നിലവിലെ കുറഞ്ഞ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം നൽകാൻ ജീവനക്കാരും പഞ്ചായത്ത് അധികൃതരും ശ്രമിക്കാറുണ്ട്. പഞ്ചായത്തിന് തുടർച്ചയായി ലഭിച്ച സ്വരാജ് ട്രോഫി പുരസ്‌കാരത്തിൽനിന്നു ലഭിച്ച തുക ഉപയോഗിച്ച് ആശുപത്രിയുടെ വികസനം ലക്ഷ്യമിട്ടെങ്കിലും അതും സാധ്യമായില്ല.

ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രദേശത്തിനുപുറമേ വെള്ളനാട് പഞ്ചായത്തിലെ കോട്ടവിള, വെളിയന്നൂർ, തൊളിക്കോട് പഞ്ചായത്തിലെ വലിയമല, പന‌ക്കോട് പ്രദേശങ്ങളിലുള്ളവരും ഈ ആശുപത്രിയെ ആശ്രയിക്കുന്നു. ദിനംപ്രതി 300-ലധികം പേർ ഒ.പി.യിൽ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ലാബ്, പാലിയേറ്റീവ്, ഹോം ബൗണ്ട് സേവനം എന്നിവ നിലവിൽ നൽകിവരുന്നു.

1996-ൽ വയലാർ രവി എം.പി.യുടെ ഫണ്ട്‌ ഉപയോഗിച്ചും 1998-ൽ പഞ്ചായത്തും നിർമിച്ചിട്ടുള്ള ഒറ്റനിലയുള്ള രണ്ട് കെട്ടിടങ്ങളിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. 1.5 ഏക്കറോളം ഉള്ള ആശുപത്രിക്ക് മൂന്നാമതൊരു കെട്ടിടം ഇതുവരെ ആയിട്ടില്ല. സ്‌ഥലപരിമിതി കാരണം ശ്വാസം മുട്ടുന്ന അവസ്ഥയാണ്. മുപ്പതോളം ജീവനക്കാരും ചികിൽസ തേടിയെത്തുന്നവരും ആശുപത്രിയിൽ എത്തിയാൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്‌ഥയാകും. പാർക്കിങ് സൗകര്യമില്ലെന്നതാണ് പ്രധാനപ്രശ്നം.

നെടുമങ്ങാട്-ആര്യനാട് മെയിൻ റോഡിന് സമീപത്തായതിനാൽ വാഹനങ്ങൾ റോഡ് വക്കിൽ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വർഷങ്ങൾക്കുമുമ്പ് ആശുപത്രിയിലെ നഴ്‌സ് അനുപമയ്ക്ക് ഇവിടെവെച്ച് അപകടം സംഭവിച്ച് ജീവൻ നഷ്ടപ്പെട്ടിരുന്നു. ചെറുതും വലുതുമായ പല അപകടങ്ങളും ഇവിടെ നടക്കാറുണ്ട്.

ആശുപത്രിക്ക് ചുറ്റുമുള്ള സ്‌ഥലം നിരപ്പാക്കിയാലേ പാർക്കിങ് സൗകര്യം ഒരുക്കാനാകൂ. ലാബ്, ഫാർമസി, ഒ.പി, കൺസൾട്ടിങ്, ഒബ്‌സർവേഷൻ എന്നിവ ഒരു കെട്ടിടത്തിലും കമ്മ്യൂണിറ്റി ഹെൽത്തും ഓഫീസും രണ്ടാമത്തെ കെട്ടിടത്തിലും ക്രമീകരിക്കണം.

ഫാമിലി വെൽഫെയർ സെൻററുകൾ വാടകക്കെട്ടിടത്തിൽ

കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കുളപ്പട, പുതുക്കുളങ്ങര, ഫാമിലി വെൽഫെയർ സെൻററുകൾ ഒറ്റമുറി വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ മരുന്നും ഉപകരണങ്ങളും സൂക്ഷിക്കാൻ സൗകര്യമില്ല. രോഗികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരാതെ പരിശോധന നടത്താനും സൗകര്യമില്ല. ഫാമിലി വെൽഫെയർ സെൻററുകൾക്ക് സ്‌റ്റാഫ് ക്വാർട്ടേഴ്സ് അടക്കമുള്ള കെട്ടിടം ഉണ്ടാകണമെന്നാണ് പ്രോട്ടക്കോൾ.

പാലിയേറ്റീവ് പ്രവർത്തനങ്ങൾ

പഞ്ചായത്ത് ഏർപ്പാടാക്കിയ ഒരു വാഹനം മാത്രമാണുള്ളത്. ആശുപത്രിയിലെ മറ്റ് പ്രവർത്തനങ്ങൾക്ക് കരാർ അടിസ്‌ഥാനത്തിൽ ഓടുന്ന ഒരു വാഹനമുണ്ട്. ഇതിന്റെ ചെലവിനും മറ്റും സാമ്പത്തികം കണ്ടെത്തേണ്ടിവരും.സ്‌ഥലസൗകര്യമുള്ള ഈ ആശുപത്രിയിൽ അടിസ്‌ഥാന സൗകര്യവികസനത്തിന് പുറമേ പുതിയ കെട്ടിടങ്ങൾ അത്യാവശ്യമാണ്. ഈ സൗകര്യമുണ്ടാക്കി കിടത്തിച്ചികിത്സയും ഡയാലിസിസ് സെൻററും ആരംഭിക്കുക എന്നത്‌ നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമാണ്.