ശൗചാലയമാലിന്യവും ആറ്റിലേക്ക്

To advertise here,

ശൂരനാട് : വശങ്ങളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പുവലകൾ തകർന്നതോടെ ആനയടി പാലത്തിൽനിന്ന് പള്ളിക്കലാറ്റിലേക്ക് വൻതോതിൽ മാലിന്യം തള്ളുന്നു. ശൗചാലയമാലിന്യം ഉൾപ്പെടെ ആറ്റിലേക്ക് ഒഴുക്കുകയാണ്.

മാലിന്യം തള്ളുന്നത് തടയുന്നതിന് സംരക്ഷണകവചം എന്ന തരത്തിൽ പിടിപ്പിച്ചിരുന്ന വലകൾ പൊളിഞ്ഞ് നിലംപൊത്തിയിട്ട് വർഷങ്ങളായി. പകരം സംവിധാനമൊരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ആറ്റിലെ മലിനീകരണത്തോത് വർധിപ്പിക്കുന്ന തരത്തിൽ നാട്ടിലെ സകലമാലിന്യങ്ങളും നിലവിൽ പള്ളിക്കലാറ്റിലേക്ക് എത്തുകയാണ്.

ഈ മാലിന്യം ഒഴുകിയെത്തുന്നത് ശൂരനാട്, ശൂരനാട് വടക്ക്, തെക്ക്, പാവുമ്പ, തൊടിയൂർ ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്കാണ്. പള്ളിക്കലാറ്റിലെ വെള്ളത്തെ ആശ്രയിച്ച് കുടിവെള്ളപദ്ധതികളും കാർഷിക പമ്പ് ഹൗസുകളുമുണ്ട്. വെള്ളം മലിനമാകുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കും.

വല വന്നത് പരാതി വന്നതോടെ

കൊല്ലം-തേനി ദേശീയപാതയിലെ പ്രധാന പാലമാണ് ആനയടി. മാലിന്യം വാഹനങ്ങളിലെത്തിച്ച് പാലത്തിൽനിന്ന് ആറ്റിലേക്കും തീരത്തേക്കും തള്ളുന്നത് വർഷങ്ങളായി തുടർന്നു. അറവുശാലകളിലെ മലിനവസ്തുക്കളുൾപ്പെടെ പാലത്തിനടിയിലും പലഭാഗത്തും കെട്ടിക്കിടന്ന് ഗന്ധം വമിച്ചു.

പ്രദേശത്തെ താമസക്കാരും യാത്രികരും ദുരിതത്തിലായി. പാലം കടക്കാൻ മൂക്കുപൊത്തേണ്ട അവസ്ഥ. ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കി. പരാതികൾ ദേശീയപാത അധികൃതരുടെ മുൻപിലെത്തി.

ഒടുവിൽ പാലത്തിന്റെ ഇരുവശങ്ങളിലെയും കൈവരികളിൽ മൂന്ന് മീറ്ററോളം പൊക്കത്തിൽ ഇരുമ്പുവല സ്ഥാപിച്ച് പരിഹാരം കണ്ടു.

പിന്നീട് വാഹനങ്ങളിടിച്ചും തുരുമ്പെടുത്തും വലകൾ തകർന്ന് നശിച്ചു. വല ഘടിപ്പിച്ചിരുന്ന ഇരുമ്പുതൂണും ഇത്തരത്തിൽ തകർന്നു. അതോടെ ഇരുവശവും ഇപ്പോൾ തുറസായി. വാഹനം കൊണ്ടുനിർത്തി മിനിറ്റുകൾക്കുള്ളിൽ മാലിന്യം തള്ളി രക്ഷപ്പെടാൻ കഴിയുന്ന സ്ഥിതി. അടിയന്തരമായി വല പുനഃസ്ഥാപിച്ചില്ലെങ്കിൽ പഴയ അവസ്ഥയിലേക്ക് നീങ്ങുന്ന സ്ഥിതിയാണെന്ന് സമീപത്തെ താമസക്കാർ പറയുന്നു.

പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്നും അനിയന്ത്രിതമായ രീതിയിലാണ് മാലിന്യം തള്ളുന്ന​െതന്നും സമീപത്ത് പ്രിന്റിങ് പ്രസ് നടത്തുന്ന കൃഷ്ണകുമാർ പറഞ്ഞു.