തെന്മല : മണ്ഡലകാല മുന്നൊരുക്കങ്ങൾക്ക് പ്രതിസന്ധിയേകി, അച്ചൻകോവിൽ-അലിമുക്ക് പാതയിലെ കലുങ്ക് തകർന്നു.

To advertise here,

അച്ചൻകോവിൽ ധർമശാസ്താക്ഷേത്രത്തിന് അരക്കിലോമീറ്റർ അകലെ, ആദിവാസി ഉന്നതിക്കു സമീപമാണ് തിങ്കളാഴ്ച രാത്രിയോടെ കലുങ്കിൻെറ ഒരുവശം തകർന്നുവീണത്.

വലിയ കോൺക്രീറ്റ് കുഴലുകൾവെച്ചു നിർമിച്ചിരുന്ന കലുങ്കാണ് രണ്ടായി പൊട്ടിമാറി തോട്ടിലേക്ക് വീണത്. മഴസമയത്ത് കുഴലുകൾക്കടിയിലുള്ള മണ്ണ് പൂർണമായും ഒലിച്ചുപോയതാണ് അപകടത്തിനു കാരണമായത്. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരായ ശ്രീരാജ് അച്ചൻകോവിലും മണികണ്ഠനും ചേർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

നിലവിൽ ഇവിടെ ഒരു വാഹനത്തിനുമാത്രമേ കടന്നുപോകാനാകു. ടാറിങ്ങിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുവീണാൽ അച്ചൻകോവിൽ ധർമശാസ്താക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കും. അലിമുക്ക്-അച്ചൻകോവിൽ പാതയുടെ പൂർണമായുള്ള തകർച്ചയ്ക്കു പുറമേയാണ് കലുങ്കും തകർന്നിട്ടുള്ളത്.

മണ്ഡലകാലത്ത് ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഇതുവഴി യാത്രചെയ്യുന്നത്.