ഉൾനാടൻ മത്സ്യബന്ധനത്തെയും ബോട്ട് യാത്രയെയും ബാധിക്കുന്നു
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പള്ളിക്കലാറിലും വട്ടക്കായലിലും ടി.എസ്. കനാലിലും വിവിധയിനം പായലുകൾ വളരുന്നു. ഇത് ഉൾനാടൻ മത്സ്യബന്ധനത്തിനുൾപ്പെടെ തടസ്സമാകുന്നു.ഒട്ടേറെ ടൂറിസം സാധ്യതകളുള്ളതാണ് കരുനാഗപ്പള്ളിയിലെ ജലാശയങ്ങൾ. പള്ളിക്കലാർ ടി.എസ്. കനാലുമായി ചേരുന്നത് ഇവിടെയാണ്. കല്ലുകടവ് പാലത്തിനു സമീപം മുതൽ ഏറെ വിസ്തൃതിയിലാണ് പള്ളിക്കലാർ പരന്നൊഴുകുന്നത്. ചന്തക്കായലും കന്നേറ്റിയും വട്ടക്കായലും കടന്നാണ് പള്ളിക്കലാർ ടി.എസ്. കനാലിൽ പതിക്കുന്നത്. ഉൾനാടൻ മത്സ്യബന്ധന മേഖലകൂടിയാണിത്.എന്നാൽ, വിവിധയിനം പായലുകൾ ഈ ജലാശയങ്ങളിൽ വളർന്നുനിൽക്കുകയാണ്. ആഫ്രിക്കൻ പായലും കുളവാഴകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ജലാശയത്തിന്റെ ഉപരിതലത്തെ പൂർണമായും മറച്ചുകൊണ്ടാണ് പായലുകൾ വളരുന്നത്. എന്നാൽ, ഇവയുടെ വേര് അടിത്തട്ടിൽവരെ എത്തുന്നു. സൂര്യപ്രകാശം അടിത്തട്ടിലേക്കു പതിയുന്നതിന് പായലുകൾ തടസ്സമാകുന്നു. ഇത് മത്സ്യസമ്പത്തിനെ ബാധിക്കുന്നതായി ഈ മേഖലയിലുള്ളവർ പറയുന്നു.
ചെറിയ വള്ളങ്ങൾ പായലിൽ കുടുങ്ങുന്നതു കാരണം ഇവിടെ മത്സ്യബന്ധനം ബുദ്ധിമുട്ടിലാണ്. മുൻപ് കന്നേറ്റി ബോട്ട് ജെട്ടിയിൽനിന്ന് ഡി.ടി.പി.സി. ബോട്ട് സർവീസ് നടത്തിയിരുന്നു. ഒരു ഹൗസ് ബോട്ടും സ്പീഡ് ബോട്ടുമാണ് ഇവിടെയുണ്ടായിരുന്നത്. അവധിദിവസങ്ങളിൽ ഉൾപ്പെടെ ഒട്ടേറെപ്പേർ ബോട്ടുയാത്രയ്ക്കായി എത്തിയിരുന്നു. എന്നാൽ, പായലുകൾ വ്യാപകമായതോടെ ബോട്ട് സർവീസ് നിലച്ചു. ഇപ്പോൾ പൂർണമായും നിർത്തിയ സ്ഥിതിയാണ്. ബോട്ടുകളെല്ലാം കൊല്ലത്തേക്കു മാറ്റി. ജീവനക്കാരെയും പിൻവലിച്ചു.
മഴ ശക്തമാകുന്നതോടെ വെള്ളത്തിന്റെ ഒഴുക്കിനും പായലുകൾ തടസ്സമാകാറുണ്ട്. മുൻപ് പള്ളിക്കലാറിന്റെ തീരങ്ങളിൽ വ്യാപകമായി വെള്ളം കയറുന്നതിനും ഇതു കാരണമായിട്ടുണ്ട്. മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടി ദുർഗന്ധവും പരക്കുന്നു. പായലുകൾ നീക്കംചെയ്യണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
പള്ളിക്കലാറിലേക്കുള്ള ചെറിയ തോടുകളിലും പായലുകൾ വ്യാപകമാണ്. പാറ്റോലി തോട്ടിലും വിവിധ തഴത്തോടുകളിലും പായലുകൾ നിറഞ്ഞുകിടക്കുന്നു. മഴക്കാലത്ത് ഇതു വെള്ളപ്പൊക്കത്തിനു കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ബോട്ട് സർവീസുകൾ നിലച്ചു
കരുനാഗപ്പള്ളി കന്നേറ്റി കായലിലെ ഡി.ടി.പി.സി.യുടെ വിനോദസഞ്ചാര ബോട്ട് സർവീസുകൾ നിലച്ചു.കന്നേറ്റി ബോട്ടുജെട്ടി കേന്ദ്രീകരിച്ച് വർഷങ്ങൾക്കു മുൻപാണ് ഡി.ടി.പി.സി. ബോട്ട് സർവീസുകൾ തുടങ്ങിയത്. ആദ്യം ഒരു പുരവഞ്ചിയും ചെറുതും വലുതുമായ സ്പീഡ് ബോട്ടുകളുമാണ് ഇവിടെനിന്ന് സർവീസ് നടത്തിയിരുന്നത്. ബോട്ടുജെട്ടിയിൽനിന്ന് ആരംഭിച്ച് കന്നേറ്റി കായലും വട്ടക്കായലും ടി.എസ്. കനാലും ചുറ്റിയായിരുന്നു യാത്ര.
യാത്രകൾക്കായി ഒട്ടേറെപ്പേരാണ് എത്തിയിരുന്നത്. മണിക്കൂർ നിരക്കിലായിരുന്നു ചാർജ് ഈടാക്കിയിരുന്നത്. ആവശ്യമുള്ളവർക്ക് ഭക്ഷണവും ഒരുക്കിനൽകിയിരുന്നു. ആളുകൾ ഒഴിവുദിവസങ്ങളിൽ കുടുംബത്തോടൊപ്പവും ബോട്ടുയാത്ര നടത്തിയിരുന്നു. മാതാ അമൃതാനന്ദമയി മഠം ടി.എസ്. കനാലിന്റെ തീരത്താണ്. ഇവിടെയെത്തുന്ന വിദേശികളും ബോട്ടുയാത്ര നടത്തിയിരുന്നു.
കന്നേറ്റിയിൽനിന്നു യാത്ര തുടങ്ങി അഴീക്കൽ ബീച്ചും കായംകുളം മത്സ്യബന്ധന തുറമുഖവും വലിയഴീക്കൽ പാലവും കണ്ടു മടങ്ങുന്നവരും ധാരാളമായിരുന്നു. എന്നാൽ, പിന്നീട് പല കാരണങ്ങളാൽ ബോട്ട് സർവീസുകൾ ഒന്നൊന്നായി കുറഞ്ഞു. അറ്റകുറ്റപ്പണികൾക്കും മറ്റുമായി പുരവഞ്ചികൾ ഉൾപ്പെടെ പിൻവലിച്ചു. പകരം ബോട്ടുകൾ എത്താതായി. പേരിനുമാത്രം ഒരു സ്പീഡ് ബോട്ട് ഇവിടെ സർവീസ് നടത്തിയിരുന്നു. പള്ളിക്കലാറിൽ വിവിധയിനം പായലുകൾ വ്യാപകമായതോടെ ബോട്ടുയാത്ര ദുഷ്കരമായി.
അടിത്തട്ടുവരെ വ്യാപിച്ചുകിടക്കുന്ന പായലുകൾക്കിടയിലൂടെയുള്ള യാത്ര അപകടസാധ്യത വർധിപ്പിച്ചു. ഇതോടെ സ്പീഡ് ബോട്ടുകളും സർവീസ് നിർത്തി. ഇവിടെയുണ്ടായിരുന്ന ജീവനക്കാരെയും ഡി.ടി.പി.സി. പിൻവലിച്ചു. ബോട്ടുജെട്ടിയും അടച്ചു. പായലുകൾ നീക്കി ബോട്ട് സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
Published: 28 Oct 2026, 02:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented