കുണ്ടറ : ഗ്രാമപ്പഞ്ചായത്തിന്റെ റോഡ് കൈയേറ്റമൊഴിപ്പിക്കൽ നടപടികൾ തടഞ്ഞ് സി.പി.എം., സി.ഐ.ടി.യു. നേതാക്കൾ. പള്ളിമുക്ക് ജങ്ഷനു സമീപം റോഡിന്റെ വശം കൈയേറി സ്ഥാപിച്ചിരുന്ന പഴക്കട ഒഴിപ്പിക്കുമ്പോഴാണ് സി.പി.എം. നേതാക്കളെത്തിയത്. സി.പി.എം. ഏരിയ സെക്രട്ടറി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പേരയം, ഇളമ്പള്ളൂർ പഞ്ചായത്ത് അംഗങ്ങളായ ജഗദീശൻ, രമേശ്കുമാർ എന്നിവരാണ് ഒഴിപ്പിക്കൽ തടഞ്ഞത്. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയുന്ന കോടതി ഉത്തരവുമായാണ് നേതാക്കളെത്തിയത്. രണ്ടുമണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിൽ പഞ്ചായത്ത് അധികൃതർ പിൻവാങ്ങി. കുണ്ടറ പഞ്ചായത്ത് സെക്രട്ടറി പി. ടൈറ്റസ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഉഷ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 9.30-ഓടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഒഴിപ്പിക്കൽ തുടങ്ങി.ഒരുമാസംമുൻപ് പഞ്ചായത്തിൽ കൂടിയ സർവകക്ഷിയോഗത്തിൽ ഒഴിപ്പിക്കൽതീരുമാനം എടുത്തിരുന്നു. തുടർന്ന് വിവിധ മാധ്യമങ്ങൾ വഴി കൈയേറ്റങ്ങൾ ഉടൻ ഒഴിയണമെന്നും ഇല്ലെങ്കിൽ ഒഴിപ്പിക്കുമെന്നും അറിയിപ്പുകളും നൽകിയിരുന്നു. ഇളമ്പള്ളൂർ ഗ്രാമപ്പഞ്ചായത്തിന്റെ കൈയേറ്റമൊഴിപ്പിക്കലും സി.പി.എം. നേതാക്കൾ തടഞ്ഞിരുന്നു. ആശുപത്രിമുക്കിൽ ദേശീയപാത കൈയേറി മത്സ്യവ്യാപാരം നടത്തുന്നവരെ രണ്ടുമാസംമുൻപ്
ഒഴിപ്പിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. ഒടുവിൽ ഇവരെ ജങ്ഷന് എതിർവശത്തുള്ള കുണ്ടറ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ദേശീയപാതയിലെ നടപ്പാതയിൽ വ്യാപാരം നടത്തുന്നതിന് അനുവദിക്കുകയായിരുന്നു.
ഉത്തരവിൽ വ്യക്തത തേടി പഞ്ചായത്ത് സെക്രട്ടറി
ഗ്രാമപ്പഞ്ചായത്തിന്റെ ഒഴിപ്പിക്കൽനടപടി തടയാനായി സി.ഐ.ടി.യു. നേതാക്കൾ ഹാജരാക്കിയ ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തത തേടി കുണ്ടറ പഞ്ചായത്ത് സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി.പേരയം ഗ്രാമപ്പഞ്ചായത്ത് 10-ാംവാർഡ് അംഗം രമേശ്കുമാറും ഇളമ്പള്ളൂർ പഞ്ചായത്ത് ആറാംവാർഡ് അംഗം ജഗദീശനുമാണ് കോടതിയുടെ ഇടക്കാല ഉത്തരവുമായെത്തിയത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ കേസിൽ കുണ്ടറ പഞ്ചായത്ത് കക്ഷിയായിരുന്നില്ലെന്ന് സെക്രട്ടറി പറയുന്നു. സെക്രട്ടറിക്ക് നൽകിയ ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ പകർപ്പിൽ കുണ്ടറ പഞ്ചായത്തും കക്ഷിയാണ്.വഴിയോരക്കച്ചവടക്കാരുടെ സി.ഐ.ടി.യു. സംഘടന നൽകിയ കേസിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയാണ് ഏഴാംകക്ഷിയുടെ സ്ഥാനത്തുള്ളത്. നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയ ഉത്തരവിൽ ഏഴാംകക്ഷി കുണ്ടറ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയാണ്.
‘തടഞ്ഞത് സാവകാശം അനുവദിക്കാതെ പൊളിച്ചുനീക്കാനുള്ള ശ്രമം’
: പുനരധിവാസം ഉറപ്പാക്കാതെ വഴിയോരക്കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ് തടഞ്ഞതെന്ന് ഏരിയ സെക്രട്ടറി ആർ. സുരേഷ് ബാബു പറഞ്ഞു. കച്ചവടക്കാർക്ക് സാവകാശം നൽകണമെന്നും കച്ചവടസ്ഥാപനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് പഞ്ചായത്ത് മുൻകൈയെടുക്കണമെന്നുമുള്ള നിർദേശമാണ് സി.പി.എം. മുന്നോട്ടുവെച്ചതെന്നും ആർ. സുരേഷ് ബാബു പറഞ്ഞു.
Published: 29 Oct 2026, 02:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented