ബൈക്കപകടത്തിൽ 16-കാരൻ മരിച്ച സംഭവം
കുളത്തൂപ്പുഴ : ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് 16-കാരൻ മരിച്ച സംഭവത്തിൽ ബൈക്കിന്റെ ആർ.സി. ഉടമയുടെ മേൽവിലാസം ലഭിച്ചു. ഉടമയെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി.
കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി കല്ലുവെട്ടാംകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശിന്റെ മരണത്തിലാണ് കുളത്തൂപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചത്.
തിങ്കളാഴ്ച രാത്രി 10-ന് കുളത്തൂപ്പുഴ പച്ചയിൽക്കട ബഥനി സ്കൂളിന് മുന്നിലുണ്ടായ അപകടത്തിലാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആകാശ് മരിച്ചത്.
വീട്ടുകാരറിയാതെ രാത്രി കൂട്ടുകാരോടൊപ്പം അഞ്ചലിൽ പോയി മടങ്ങിവരവേ പച്ചയിൽക്കട-സാംനഗർ സമാന്തര പാതയിലൂടെയുള്ള യാത്രയിലാണ് അപകടമുണ്ടായത്. സംഭവസമയം ബൈക്കിൽ ആകാശ് മാത്രമാണുണ്ടായിരുന്നത്. സുഹൃത്തുക്കൾ മറ്റൊരു വാഹനത്തിൽ പിന്നാലെവന്നപ്പോഴാണ് വൈദ്യുതത്തൂണിൽ തലയിടിച്ച് നിലത്തു വീണുകിടക്കുന്നതു കണ്ടത്.
അപകടത്തിൽപ്പെട്ട കെ.എൽ. 21 എഫ്. 1446 എന്ന ബൈക്ക് തിരുവനന്തപുരം കല്ലറ തടത്തരികത്ത് വീട്ടിൽ സുബാഷിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കുളത്തൂപ്പുഴ പോലീസ് തിരിച്ചറിഞ്ഞു.
പ്രദേശത്തെ ജനപ്രതിനിധിയുമായി സംസാരിച്ച് ആളെ തിരിച്ചറിഞ്ഞ് ഫോൺ നമ്പർ കണ്ടെത്തി വിവരം ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചതായി കുളത്തൂപ്പുഴ പോലീസ് എസ്.എച്ച്.ഒ. ആർ. ബിൻസി അറിയിച്ചു.
പ്രായപൂർത്തിയാകാത്ത ആകാശിന്റെ കൈവശം ഇരുചക്രവാഹനം എങ്ങനെ എത്തിയെന്നതു സംബന്ധിച്ചാണ് പോലീസ് പരിശോധിക്കുന്നത്. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശിയായ അമ്മ നീനയുടെ അമ്മാവൻ അനിയൻകുഞ്ഞിനൊപ്പം കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയിലെ വീട്ടിൽനിന്ന് പഠിക്കുകയായിരുന്നു ആകാശ്.
Published: 29 Oct 2026, 02:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented