കടയ്ക്കൽ :ബാലഗോകുലത്തിന്റെയും വിവിധ ക്ഷേേത്രാപദേശക സമിതികളുടേയും നേതൃത്വത്തിൽ കിഴക്കൻമേഖലയിൽ നടന്ന ജന്മാഷ്ടമി ആഘോഷം ഭക്തിനിർഭരമായി. ഉണ്ണിക്കണ്ണന്മാർ, ഗോപികമാർ, കുചേലൻ തുടങ്ങി പുരാണകഥകളിൽനിന്നുള്ള വിവിധ കഥാപാത്ര വേഷധാരികൾ ഘോഷയാത്രയിൽ അണിനിരന്ന് ഗ്രാമവീഥികളെ നയനമനോഹരമാക്കി.കടയ്ക്കൽ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന ജന്മാഷ്ടമി ഘോഷയാത്ര ദേവീക്ഷേത്ര മൈതാനത്തുനിന്നു തുടങ്ങി. ആൽത്തറമൂട് ശിവക്ഷേത്രംവഴി തളിയിൽ ക്ഷേത്രത്തിലെത്തി. അവതാരപൂജ ഉൾപ്പെടെയുള്ള പ്രത്യേകപൂജകളും ഉറിയടിയും നടന്നു.മടത്തറ ചല്ലിമുക്കിൽ ഛത്രപതി ശിവജി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭായാത്ര നടന്നു. ഇലവുപാലം കല്ലുമല തമ്പുരാൻക്ഷേത്രത്തിൽനിന്നു ആരംഭിച്ച ശോഭായാത്ര ആയിരവില്ലി ക്ഷേത്രംവഴി ചല്ലിമുക്കിൽ സമാപിച്ചു.
ഉറിയടി, സമ്മേളനം എന്നിവ നടന്നു. മുകുന്നേരി ആയിരവില്ലി ക്ഷേത്രത്തിൽ ജന്മാഷ്ടമി ആഘോഷം ഭക്തിനിർഭരമായി. വിശേഷാൽപൂജ, ഉറിയടി എന്നിവ നടന്നു. കാറ്റാടിമൂട് ശ്രീകൃഷ്ണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ സുദർശനഹോമം, ഘോഷയാത്ര, ഉറിയടി എന്നിവ സംഘടിപ്പിച്ചു.
അണപ്പാട് അശരീരി അമ്പലത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്ര നടന്നു. തൃക്കണ്ണാപുരം മഹാവിഷ്ണുക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങലുകാട്ടിൽനിന്നു തുടങ്ങിയ ഘോഷയാത്ര പമ്പ് ജങ്ഷൻവഴി ക്ഷേത്രത്തിൽ സമാപിച്ചു. പുരാണവേഷധാരികൾ ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്തു. ഉറിയടി, കൈകൊട്ടിക്കളി എന്നിവ നടന്നു. കോട്ടുക്കൽ ക്ഷേത്രം, കാട്ടാമ്പള്ളി, തുടയന്നൂർ എന്നിവിടങ്ങളിലും ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി വിവിധ പരിപാടികൾ നടന്നു.
ചടയമംഗലം : ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്രകൾ ചടയമംഗലത്ത് മഹാശോഭായാത്രകളായതോടെ ജന്മാഷ്ടമിയാഷോഷം ഭക്തിനിർഭരമായി. ഉണ്ണിക്കണ്ണൻമാരും ഗോപികമാരും മുത്തുക്കുടകളും താലപ്പൊലിയും ഗോപികാനടനവും ചെണ്ടമേളവും പുണ്യപുരാണവേഷവും അണിനിരന്ന ഘോഷയാത്രകൾ വർണാഭമായിരുന്നു. നഗരവീഥികളിൽ നൃത്തച്ചുവടുകളുമായി ഉണ്ണിക്കണ്ണൻമാർ അരങ്ങ് ആഘോഷമാക്കി. ചടയമംഗലം മഹാദേവക്ഷേത്രത്തിനു മുന്നിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകൾ സംയോജിച്ച് ത്രിവേണിസംഗമമായി. ശ്രീഭദ്ര ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭായാത്ര കുരിയോട് നെട്ടേത്തറ ജങ്ഷനിൽനിന്ന് തുടങ്ങി കടന്നൂർ, കണ്ണങ്കോട് ഘോഷയാത്രയുമായി യോജിച്ച് ചടയമംഗലം ജങ്ഷനിലെത്തി. പൂങ്കോട്, കല്ലുമല ഭാഗങ്ങളിൽനിന്നുള്ള ഘോഷയാത്രകൾ ചടയമംഗലം മഹാദേവക്ഷേത്രത്തിനു മുന്നിലെത്തിയതോടെയാണ് ത്രിവേണിസംഗമമായത്. ഇടയ്ക്കോട് മിഥില ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭായാത്ര അപ്പൂപ്പൻകാവ് ശിവപാർവതിക്ഷേത്രത്തിൽനിന്ന് തുടങ്ങി തിരുവഴി ജങ്ഷൻ, വാളമൺകാവ് ഭദ്രകാളിക്ഷേത്രം വലംവെച്ച് ഉമ്മനാട് ആയിരവില്ലിക്ഷേത്രത്തിൽ സമാപിച്ചു. കുരിയോട് തിരുവായ്ക്കോട് വൃന്ദാവനം ബാലഗോകുലം, മഹാവിഷ്ണു ബാലഗോകുലം എന്നിവയുടെ നേതൃത്വത്തിലുള്ള ശോഭായാത്ര വെട്ടുവഴി, കലയം ജങ്ഷൻ വഴി തിരുവായ്ക്കോട് മഹാവിഷ്ണുക്ഷേത്രത്തിൽ സമാപിച്ചു. വെട്ടുവഴിയിൽ ഉറിയടിയും നടത്തി. പോരേടം മഹാദേവക്ഷേത്രത്തിൽനിന്ന് തുടങ്ങിയ ഘോഷയാത്ര വെള്ളൂപ്പാറ ഗണപതിക്ഷേത്രത്തിൽ സമാപിച്ചു. വയയ്ക്കൽ ദുർഗാ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ദുർഗാദേവിക്ഷേത്രത്തിൽനിന്ന് തുടങ്ങിയ ശോഭായാത്ര പൊലിക്കോട് മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. ആയൂർ, അമ്പലംമുക്ക്, ഇളമാട് ബാലഗോകുലങ്ങളുടെ നേതൃത്വത്തിലും വർണപ്പൊലിമയോടെ ശോഭായാത്ര നടത്തി.
പുത്തൂർ : ഗ്രാമങ്ങളെ ഗോകുലങ്ങളാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും വീഥികളാകെ നിറഞ്ഞു. ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ നാടിന് അവിസ്മരണീയ വിരുന്നായി.
തെക്കുംപുറം, വല്ലഭൻകര, പുത്തൂർ, ചെറുമങ്ങാട് എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ബാലഗോകുലം ശോഭായാത്രകൾ
പുത്തൂർ മണ്ഡപം ജങ്ഷനിൽ സംഗമിച്ചു. തുടർന്ന് ചെറുമങ്ങാട് ചേരിയിൽ ദേവീക്ഷേത്രപ്രദക്ഷിണം നടത്തി തെക്കുംപുറം കുമ്പഴ ദേവീക്ഷേത്രത്തിൽ സമാപിച്ചു.ഏറത്തുകുളക്കട ശ്രീഭദ്ര ബാലഗോകുലത്തിന്റെയും കൊല്ലാമല ചൈതന്യ ബാലഗോകുലത്തിന്റെയും ശോഭായാത്രകൾ ലക്ഷംവീട് ജങ്ഷനിൽ സംഗമിച്ച് ആലപ്പാട്ട് ദേവീക്ഷേത്രം വഴി കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണുക്ഷേത്രത്തിൽ സമാപിച്ചു. കുളക്കട കിഴക്ക് വിവേകാനന്ദ ബാലഗോകുലത്തിന്റെ ശോഭായാത്ര താഴത്തുകുളക്കട തിരു അമീൻകുന്നത്ത് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് തുരുത്തീലമ്പലം ശ്രീകൃഷ്ണക്ഷേത്രത്തിലും പൂവറ്റൂർ പടിഞ്ഞാറ് ശ്രീനന്ദനം ബാലഗോകുലത്തിന്റെ ശോഭായാത്ര പൂവറ്റൂർ ഭഗവതിക്ഷേത്രത്തിലും സമാപിച്ചു.
തേവലപ്പുറം ത്രിമൂർത്തി, താമരംചിറ ശ്രീകൃഷ്ണ ബാലഗോകുലങ്ങളുടെ ശോഭായാത്ര തേവലപ്പുറം മൂന്നുമൂർത്തിക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് താമരംചിറ ശ്രീകൃഷ്ണക്ഷേത്രത്തിൽ സമാപിച്ചു. പുല്ലാമലയിലും ആനക്കോട്ടൂരിലും ശോഭായാത്രകൾ നടന്നു.മനക്കരക്കാവ് ശ്രീലക്ഷ്മി, വെണ്ടാർ ശ്രീമുരുക, പാണ്ടറ ശ്രീഭുവനേശ്വരി ബാലഗോകുലങ്ങളുടെ ശോഭായാത്രകൾ വെണ്ടാർ സുബ്രഹ്മണ്യക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് വെണ്ടാർ പേറുകാട് ശ്രീകൃഷ്ണക്ഷേത്രത്തിൽ സമാപിച്ചു. മൈലംകുളം ശ്രീദുർഗ ബാലഗോകുലത്തിന്റെ ശോഭായാത്ര മൈലംകുളം വർക്കല ജങ്ഷനിൽനിന്ന് ആരംഭിച്ച് മാവടി പുനരൂർകുളങ്ങര ക്ഷേത്രം വഴി മൈലംകുളം ദുർഗാദേവിക്ഷേത്രത്തിൽ സമാപിച്ചു. മാവടി, മഠത്തിനാപ്പുഴ, ആറ്റുവാശ്ശേരി, പൂവറ്റൂർ കിഴക്ക് എന്നിവിടങ്ങളിലും ശോഭായാത്രകൾ ഉണ്ടായിരുന്നു.
ഇടവട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബാലഗോകുലത്തിന്റെ ശോഭായാത്രകൾ പൊരീക്കൽ ജങ്‌ഷനിൽ സംഗമിച്ച് യോഗീശ്വരസ്വാമിക്ഷേത്രത്തിൽ സമാപിച്ചു.
കൈതക്കോട് വീരസവർക്കർ ബാലഗോകുലം, ശ്രീദുർഗ ബാലഗോകുലം എന്നിവയുടെ ശോഭായാത്രകൾ കൈതക്കോട് ജങ്ഷനിൽ സംഗമിച്ച് കൈതക്കോട് നെടിയവിള ദുർഗാ, ഭദ്രാ ദേവീക്ഷേത്രത്തിൽ സമാപിച്ചു.
ചെറുപൊയ്ക വിവേകാനന്ദ ബാലഗോകുലം കോരായിക്കോട് മഹാവിഷ്ണുക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര ചെറുപൊയ്‌ക മഹാവിഷ്ണുക്ഷേത്രത്തിൽ സമാപിച്ചു. പാങ്ങോട് മണ്ഡലത്തിന്റെ വിവിധ ശോഭായാത്രകൾ പാങ്ങോട് ദേവീക്ഷേത്രമൈതാനിയിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി താഴം തിരുആദിശമംഗലം മഹാവിഷ്ണുക്ഷേത്രത്തിൽ സമാപിച്ചു. മാറനാട് ശ്രീഗുരുജി, ശ്രീഭദ്ര ബാലഗോകുലങ്ങളുടെ ശോഭായാത്ര മാറനാട് മണ്ണൂർക്കാവ് മഹാവിഷ്ണുക്ഷേത്രത്തിൽ സമാപിച്ചു. ഇവ കൂടാതെ വിവിധ ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും ശോഭായാത്രകളും നടന്നു.
Published: 05 Sept 2026, 01:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented