കൊട്ടാരക്കര : മുപ്പത്തിയഞ്ചാം വയസ്സിൽ ആയൂർ മഞ്ഞപ്പാറ ചരുവിള പുത്തൻവീട്ടിൽ ഫാത്തിമ പഠിക്കാൻ തീരുമാനിച്ചപ്പോൾ ഗുരുനാഥയായത് ജില്ലാ കളക്ടർ ആനി ജൂലാതോമസ്. ജീവിത പ്രാരബ്ധങ്ങൾ ഏറെ താണ്ടിയ ഫാത്തിമയുടെ ചൂണ്ടുവിരലിൽ കളക്ടറുടെ കൈപിടിച്ചു ഹരിശ്രീ കുറിച്ചപ്പോൾ ആകാശംതൊട്ട സന്തോഷം. മക്കളായ മുഹമ്മദ് ഹുസൈനും (ആറ്), മുഹമ്മദ് ഹസനും (4) അമ്മയ്ക്കൊപ്പം ആദ്യക്ഷരങ്ങളെഴുതി. കൊട്ടാരക്കര നഗരസഭ നടത്തിയ വിജയദശമി വിദ്യാരംഭച്ചടങ്ങാണ് അമ്മയുടെയും മക്കളുടെയും ആദ്യക്ഷരവേദിയായത്. ഭിന്നശേഷിക്കാരിയായ ഫാത്തിമ വീട്ടിലെ പ്രാരാബ്ധങ്ങളാൽ വല്യമ്മച്ചിക്കൊപ്പമാണ് വളർന്നത്.
വയലിലും പാറമടയിലും ജോലിചെയ്തും വല്യമ്മച്ചിക്കു കാവലായുമുള്ള ജീവിതത്തിനിടെ പെണ്ണായതിനാൽ പഠിക്കേണ്ടെന്നു ആരൊക്കെയോ തീരുമാനിച്ചു. രണ്ടാമത്തെ കുഞ്ഞു പിറന്നതോടെ ഭർത്താവ് ഉപേക്ഷിച്ചു പോയി. കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ മാർഗമില്ലാതായതോടെ രണ്ടുപേരെയും ചൈൽഡ് ലൈനിലാക്കി. അടുത്തകാലത്ത് ഭിന്നശേഷിക്കാരുടെ സംഘടനയിൽ അംഗവും ചെറിയ ചുമതലയും വഹിക്കാൻ തുടങ്ങിയതോടെയാണ് അക്ഷരമറിയാത്തതിന്റെ ആഴം ബോധ്യമായത്. സഹായിക്കാൻ ആരുമില്ലാത്തവർക്ക് ഒരു അപേക്ഷാഫോറം പൂരിപ്പിച്ചു നൽകാൻ കഴിയാത്ത താൻ എങ്ങനെ സംഘടനാപ്രവർത്തനം നടത്തും.
പഠിക്കാനുള്ള ആഗ്രഹം ആദ്യം അറിയിച്ചത് സ്ഥലത്തെ അങ്കണവാടി ടീച്ചറോടാണ്. തുല്യതാപഠനത്തിന്റെ വഴികളെക്കുറിച്ചറിയുകയും സാക്ഷരതാപ്രേരക് ഷീജയുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് ഹസീനയ്ക്ക് ആദ്യക്ഷരം കുറിക്കാൻ വഴിതുറന്നത്. അവധിദിനങ്ങളായതിനാൽ കുട്ടികളെയും കൂട്ടി. ഇനി എന്തെങ്കിലുമൊക്കെ നേടാൻ കഴിയുമെന്ന ആത്മവിശ്വാസവും സന്തോഷവും അക്ഷരമെഴുതിയപ്പോൾ തോന്നുന്നതായി ഫാത്തിമ പറയുന്നു. ഫാത്തിമയ്ക്ക് തുടർപഠനത്തിനുള്ള എല്ലാ സഹായവും നഗരസഭയും ഇഗ്നൈറ്റ് ഗ്രൂപ്പും വാഗ്ദാനം ചെയ്തു. കൊട്ടാരക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കളക്ടറും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി. ജഗതിരാജും ഗുരുനാഥന്മാരായി. കുട്ടികൾക്ക് പഠനോപകരണങ്ങളും കിറ്റും നൽകി. നഗരസഭാധ്യക്ഷ അനിതാഗോപകുമാർ, സ്ഥിരംസമിതി അധ്യക്ഷ സരോജ കാർത്തികേയൻ, കൗൺസിലർമാരായ എൽ. മിനി, ഗിരീഷ് മംഗലത്ത്, കുടുബശ്രീ അധ്യക്ഷ ബിജി ഷാജി, ഡോ. ഗംഗാധരൻനായർ, കലാധരൻ, നീലേശ്വരം സദാശിവൻ, എസ്. അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.
Published: 22 Oct 2026, 12:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented