കൊട്ടാരക്കര : സപ്ലൈകോ റേഷൻ ഗോഡൗണിലെ കീടനാശിനിപ്രയോഗം സംബന്ധിച്ച വിവാദത്തിൽ പരിശോധനയ്ക്കെത്തിയ റീജണൽ മാനേജരെ തടഞ്ഞു. നിയമാനുസൃതമുള്ള കീടനാശനരീതി മാത്രമാണ് ഗോഡൗണിൽ നടത്തിയിട്ടുള്ളതെന്നും എല്ലാ ഗോഡൗണുകളിലും ഇത് നടത്തുന്നതാണെന്നും സപ്ലൈകോ റീജണൽ മാനേജർ എസ്.ഒ. ബിന്ദു പ്രതിഷേധക്കാരെ അറിയിച്ചു.

To advertise here,

എന്നാൽ, മാലത്തിയോൺ ഉൾപ്പടെയുള്ള കീടനാശിനികൾ പ്രയോഗിക്കാൻ അനുമതി നൽകുന്ന രേഖ കാട്ടിയില്ലെന്നും തങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ പോകാൻ ശ്രമിച്ചെന്നും ആരോപിച്ച് പ്രതിഷേധക്കാർ റീജണൽ മാനേജരെ തടഞ്ഞു. തുടർന്ന്‌ സ്ഥലത്തെത്തിയ പോലീസ് ചർച്ച നടത്തിയാണ് സംഘർഷം ഒഴിവാക്കിയത്.

കീടനാശിനിപ്രയോഗത്തിനെതിരേ നിയമപരമായും സംഘടനാപരമായും പോരാടുമെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര പറഞ്ഞു. റേഷൻ ഗോഡൗണുകളിൽ ധാന്യങ്ങൾ കീടങ്ങൾ നശിപ്പിക്കാതിരിക്കാൻ ഫ്യൂമിഗേഷൻ നടത്താറുണ്ട്. ഉപയോഗിക്കേണ്ട രാസവസ്തുക്കളും രീതിയും സംബന്ധിച്ച് മാനദണ്ഡങ്ങളുമുണ്ട്.

എന്നാൽ അനുമതിയില്ലാത്ത, മാരകമായ രാസവസ്തുക്കൾ തളിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞദിവസം ബി.ജെ.പി. പ്രതിഷേധിച്ചത്.

എല്ലാ ഗോഡൗണുകളിലും എന്നതുപോലുള്ള ഫ്യൂമിഗേഷനാണ് കൊട്ടാരക്കരയിലും നടത്തുന്നതെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചും അനുവദനീയമായ വസ്തുക്കൾമാത്രം ഉപയോഗിച്ചുമാണ് നടത്തുന്നതെന്നും റീജണൽ മാനേജർ പ്രതിഷേധക്കാരെ അറിയിച്ചു.

ഫ്യൂമിഗേഷന് ചുമതലയുള്ള കുന്നന്താനം വെയർഹൗസ് ക്വാളിറ്റി കൺട്രോളറും സ്ഥലത്തെത്തിയിരുന്നു. അലുമിനിയം ഫോസ്‌ഫൈഡ്-മാലത്തിയോൺ മിശ്രിതം ഗോഡൗൺ പരിസരങ്ങളിൽ തളിക്കുന്നത് കീടങ്ങളെ അകറ്റാനാണെന്നും വിശദീകരിച്ചു. ഇതുസംബന്ധിച്ച അനുമതിപത്രവും ഉദ്യോഗസ്ഥരുടെ പക്കലുണ്ടായിരുന്നു.

സപ്ലൈകോ കൊട്ടാരക്കര ഡിപ്പോ മാനേജർ ലിജോ പൊന്നച്ചൻ, ക്വാളിറ്റി കൺട്രോളർ അരുണിമ എന്നിവരും എത്തിയിരുന്നു. ബി.ജെ.പി. നേതാക്കളായ അനീഷ് കിഴക്കേക്കര, രാജേഷ് ബാബു, സൂസമ്മ, സുജിത്ത് നീലേശ്വരം, ഷാജഹാൻ, സബിത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.