ചിറ്റുമൂല ലെവൽക്രോസിൽ മേൽപ്പാല നിർമാണം തുടങ്ങുന്നു

To advertise here,

കരുനാഗപ്പള്ളി : പുതിയകാവ്-ചക്കുവള്ളി റോഡിലെ ചിറ്റുമൂല ലെവൽക്രോസിൽ മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങുന്നു. ഇതിന്റെ ഭാഗമായി 19 മുതൽ 24 വരെ റോഡ് അടച്ചിടും.മേൽപ്പാലത്തിന്റെ നിർമാണപ്രവൃത്തികൾ ആരംഭിക്കുന്നതിനു മുന്നോടിയായി ലോഡ് ടെസ്റ്റ് നടത്തുന്നതിനായാണ് ഈ ദിവസങ്ങളിൽ റോഡ് ഗതാഗതം നിയന്ത്രിക്കുന്നത്. റോഡ് അടച്ചിടുന്ന കാലയളവിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ. അഭ്യർഥിച്ചു. ഈ ദിവസങ്ങളിൽ യാത്രക്കാർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും സാധ്യമെങ്കിൽ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

42.43 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒട്ടേറെ പ്രതിസന്ധികളും തടസ്സങ്ങളും കാരണം നീണ്ടുപോയ പദ്ധതിക്കാണ് ഇപ്പോൾ തുടക്കംകുറിക്കുന്നത്. മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നതുമായി ബന്ധപ്പെട്ട വിഷയം എം.എൽ.എ. പലതവണ നിയമസഭയിൽ ഉന്നയിച്ചിരുന്നു. വിഷയം ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും നിർമാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പദ്ധതിയുടെ പുരോഗതി ഉറപ്പാക്കുന്നതിനായി നടത്തിയ നിരന്തര ഇടപെടലുകൾക്കൊടുവിലാണ് നിർമാണപ്രവൃത്തി ആരംഭിച്ചിരിക്കുന്നതെന്നും എം.എൽ.എ. പറഞ്ഞു.

കരുനാഗപ്പള്ളി-കുന്നത്തൂർ താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് ചിറ്റുമൂല ലെവൽക്രോസ്. ഇവിടെ മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ ഇതുവഴിയുള്ള ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകും. അത്യാസന്നനിലയിലെത്തുന്ന രോഗികളെ യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിനുപോലും നിലവിൽ ബുദ്ധിമുട്ടാണ്. മാളിയേക്കൽ മേൽപ്പാലം വന്നതോടെ ഒട്ടേറെ യാത്രക്കാർ ഈ പാലത്തെ ആശ്രയിക്കാറുണ്ട്.