പരവൂർ : വൺവേ തെറ്റിച്ച് ഗതാഗതം തോന്നുംപടി നടക്കുന്നതോടെ പരവൂർ-ചാത്തന്നൂർ റോഡിൽ അപകടങ്ങളും തർക്കങ്ങളും പതിവ്.

To advertise here,

ജങ്ഷൻമുതൽ മേൽപ്പാലംവരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത്. തിങ്കളാഴ്ച രാവിലെ മിനിലോറി ഡ്രൈവറും സ്‌കൂട്ടർയാത്രികനും തമ്മിലുള്ള തർക്കം ഏറെനേരം ഗതാഗതത്തടസ്സമുണ്ടാക്കി. വാഹനത്തെ മറികടന്നതിനെത്തുടർന്നുള്ള തർക്കമാണ് കാരണമായത്. രണ്ടുദിവസംമുൻപ് എസ്.എൻ.വി. സ്‌കൂൾ ബസ് സ്‌റ്റോപ്പിനു സമീപം റോഡ് കുറുകേക്കടക്കുകയായിരുന്ന വഴിയാത്രക്കാരനെ മിനിലോറി ഇടിച്ചുതെറിപ്പിച്ചിരുന്നു. ജങ്ഷനിൽനിന്ന് വൺവേ തെറ്റിച്ച് അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുകയാണ്.

പാരിപ്പള്ളി റോഡിൽനിന്നുള്ള ഇടപ്പാത ചാത്തന്നൂർ റോഡിൽ പ്രവേശിക്കുന്ന ഭാഗത്തും അശോകാ സിനിഹൗസിനു മുന്നിൽ ഇടറോഡ് പ്രവേശിക്കുന്ന ഭാഗത്തും അപകടങ്ങൾ പതിവാണ്.

ബസുകളും വലിയ ലോറികളും വൺവേ തെറ്റിച്ചാണ് പലപ്പോഴും സഞ്ചരിക്കുന്നത്. സ്‌കൂളിനു സമീപത്തെ സീബ്രാലൈനിനു സമീപത്തുപോലും വേഗതകുറയ്ക്കാറില്ല. സ്‌കൂൾ വിടുന്ന സമയത്ത് വിദ്യാർഥികളുടെ തിരക്കാണ്. പോലീസിന്റെ സഹായവും ഉണ്ടാകാറില്ല. ജങ്ഷനിൽ ആൽമരത്തിനുസമീപം വൺവേ സൂചിപ്പിച്ചുള്ള ബോർഡ് ആളുകൾ ശ്രദ്ധിക്കാത്ത രീതിയിലാണ് വെച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.