പത്തനാപുരം : തെരുവുനായശല്യം അതിരൂക്ഷമായിട്ടും പരിഹാരനടപടികൾ എങ്ങുമെത്തിയില്ല. രണ്ടുവർഷംമുൻപ് പഞ്ചായത്തുകളുടെ ചുമതലയിൽ നടന്ന തെരുവുനായ വന്ധ്യംകരണപദ്ധതിക്ക് തുടർച്ചയുണ്ടായില്ല.
വിവിധ സ്ഥലങ്ങളിൽനിന്ന് തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കാൻ മൂന്നുവർഷംമുൻപ് ജില്ലാപഞ്ചായത്ത് മുൻകൈയെടുത്ത് പിറവന്തൂർ പഞ്ചായത്തിലെ കുരിയോട്ടുമലയിൽ ആരംഭിച്ച ഷെൽറ്റർ ഹോമിന്റെ നിർമാണം പൂർത്തിയായിട്ടില്ല. ലക്ഷങ്ങൾ മുടക്കി നിർമാണം ഏകദേശം പൂർത്തിയാക്കി ഒരുവർഷം പിന്നിട്ടിട്ടും തുടർനടപടി കടലാസിലൊതുങ്ങി.
പട്ടാഴിയിൽ ദിവസങ്ങൾക്കുമുൻപാണ് വീട്ടുമുറ്റത്തുനിന്ന മൂന്നുവയസ്സുകാരനെയും അമ്മൂമ്മയെയും തെരുവുനായ മുഖത്ത് കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. പത്തനാപുരം കുണ്ടയം മലങ്കാവിൽ ഒട്ടേറെപ്പേർക്ക് കടിയേറ്റതും അടുത്തിടെയാണ്. പത്തനാപുരം മജിസ്‌ട്രേറ്റ് കോടതി പരിസരംമുതൽ താലൂക്ക് ആശുപത്രിയും കെ.എസ്.ആർ.ടി.സി. ഡിപ്പോയും ഉൾപ്പെടുന്ന പട്ടണഭാഗത്തും നായശല്യം കാരണം വഴിനടക്കാനാകാത്ത സ്ഥിതിയാണ്. പട്ടാഴി വടക്കേക്കരയിലും പിറവന്തൂരും തെരുവുനായ ആക്രമണം പുതുമയല്ലാത്ത കാര്യമാണ്.
കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണസമിതിയാണ് ഷെൽറ്റർ ഹോം നിർമാണത്തിന് സ്ഥലം കണ്ടെത്തിയതും നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചതും. എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റെങ്കിലും നാളിതുവരെയായിട്ടും ഷെൽറ്റർ ഹോമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനോ എന്ന് യാഥാർഥ്യമാകുമെന്ന് പറയാനോ അധികൃതർക്കായിട്ടില്ല.
കുന്നിക്കോട് ശാസ്ത്രി ജങ്‌ഷൻ, ജാസ്മിൻ മൻസിലിൽ നിയാ ഫൈസൽ (8) തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കേ മരിച്ചതോടെയാണ് പരിഹാരനടപടികൾ സജീവമായത്. അന്ന് ഷെൽറ്റർ ഹോം യാഥാർഥ്യമാക്കുന്നതിനെക്കുറിച്ച് അധികൃതർ ഉറപ്പുനൽകിയിരുന്നു. തെരുവുനായകളെ വന്ധ്യംകരണം ചെയ്യാൻ നടപടി ആരംഭിച്ചിരുന്നെങ്കിലും അതും ഉപേക്ഷിച്ചമട്ടാണ്.
ജനരോഷം ശക്തമായതോടെ ചില പഞ്ചായത്തുകൾ സ്വന്തംനിലയിൽ ഷെൽറ്റർ ഹോം നിർമിക്കാൻ തീരുമാനിച്ചെങ്കിലും അതും നിലച്ചമട്ടാണ്. വ്യവസ്ഥകൾക്കു വിധേയമായി ശല്യക്കാരായ തെരുവുനായ്ക്കളെ കൊല്ലാമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ നൂലാമാലകൾ ഭയന്ന് പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നുമില്ല.
Published: 12 Oct 2026, 01:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented