പുനലൂർ : കൂടുതൽ കൃത്യതയാർന്ന രോഗനിർണയത്തിന് ഉപകരിക്കുന്ന എം.ആർ.ഐ. സ്‌കാനിങ് സംവിധാനം താലൂക്കാശുപത്രിയിൽ ഒരുക്കിയേക്കും. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ(ആർ.ജി.സി.ബി.) സഹകരണത്തോടെ ഈ സംവിധാനമൊരുക്കുന്നതിനുള്ള ആലോചന നടന്നുവരികയാണ്. സ്ഥാപനത്തിൽനിന്നുള്ള പ്രതിനിധികൾ ആശുപത്രി സന്ദർശിച്ച് പശ്ചാത്തലസൗകര്യങ്ങൾ വിലയിരുത്തിയിരുന്നു.
ആശുപത്രിക്ക് വാടകയും ലാഭവിഹിതവും നൽകുന്ന രീതിയിലാവും സ്‌കാനിങ് സംവിധാനമൊരുക്കുന്നതെന്ന് അറിയുന്നു. ഇക്കാര്യങ്ങൾ കൂടുതൽ ചർച്ചയിലേ അന്തിമമായി തീരുമാനിക്കൂ. ആന്തരികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും പകർത്തിയെടുക്കാനുള്ള സ്‌കാനിങ് രീതിയാണ് എം.ആർ.ഐ.. അർബുദംപോലെയുള്ള രോഗങ്ങൾ തിരിച്ചറിയാനും കൂടുതൽ കൃത്യതയാർന്ന രോഗനിർണയം നടത്താനും ഈ സംവിധാനംകൊണ്ടു കഴിയും. സ്വകാര്യ ലാബുകളിൽ കുറഞ്ഞത് 6,000 രൂപയാകുന്ന സ്‌കാനിങ്, താലൂക്കാശുപത്രിയിൽ ഏകദേശം പകുതി ചെലവിൽ നടക്കുമെന്നാണ് പ്രതീക്ഷ.
സാധാരണ താലൂക്കാശുപത്രികളിൽ എം.ആർ.ഐ. സംവിധാനമില്ലാത്ത സാഹചര്യത്തിൽ, സംസ്ഥാനത്തെ മാതൃകാ താലൂക്കാശുപത്രിയായ പുനലൂരിലെ ആശുപത്രിയിൽ ഈ സംവിധാനമൊരുക്കാൻ കഴിഞ്ഞ കൊല്ലം ജൂണിൽ ആശുപത്രി മാനേജ്‌മെന്റ് സമിതി(എച്ച്.എം.സി.) യോഗം തീരുമാനിച്ചിരുന്നു. 12 കോടിയോളം രൂപ ചെലവുവരുമെന്നാണ് അന്നു കണക്കാക്കിയിരുന്നത്. എന്നാൽ, കാര്യമായ തുടർനടപടിയുണ്ടായില്ല.
ഓഗസ്റ്റ് നാലിന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആശുപത്രി സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം വീണ്ടും പരിഗണനയിൽ വന്നത്. ആശുപത്രിയിൽ എം.ആർ.ഐ. സ്‌കാനിങ് തുടങ്ങുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നിലവിൽ സംസ്ഥാനത്ത് 24 മണിക്കൂറും സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ആദ്യത്തെ താലൂക്കാശുപത്രിയാണ് പുനലൂരിലേത്.
ആരോഗ്യമന്ത്രി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ഇവിടെ നടപ്പാക്കിയത്. ഇതിനൊപ്പം എം.ആർ.ഐ. സ്‌കാനിങ്ങുകൂടി യാഥാർഥ്യമായാൽ കിഴക്കൻമേഖലയിലെ പാവപ്പെട്ട രോഗികൾക്ക് ഇത് വലിയ അനുഗ്രഹമാകും.
Published: 12 Oct 2026, 01:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented