പുനലൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവർക്ഷേത്രത്തിൽ ആരംഭിച്ച ശബരിമല ഇടത്താവളത്തിന്റെ രണ്ടാംഘട്ട വികസനപ്രവൃത്തി തുടങ്ങി. തീർഥാടകർക്കുവേണ്ടി നാല് ശൗചാലയങ്ങൾ ഉൾപ്പെടുന്ന സമുച്ചയം നിർമിക്കുകയും റോഡിൽനിന്ന് ഇടത്താവളത്തിലേക്കുള്ള വഴി കൊരുപ്പുകട്ടപാകി ഉറപ്പിക്കുകയും ചെയ്യുകയാണ് പ്രവൃത്തി. ഇതിൽ ശൗചാലയനിർമാണം പുരോഗമിക്കുന്നു.
മണ്ഡലകാലം ആരംഭിക്കുംമുൻപുതന്നെ രണ്ടു പ്രവൃത്തിയും പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.
പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചായംപൂശൽ ഉൾപ്പെടെയുള്ള വാർഷിക അറ്റകുറ്റപ്പണി തിങ്കളാഴ്ച തുടങ്ങും. ശൗചാലയത്തിനും വഴിനന്നാക്കലിനും പുറമേ പുതിയ നടപ്പന്തൽ നിർമാണംകൂടി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് കരാർ നൽകിയെങ്കിലും മണ്ഡലകാലത്തിനുമുൻപ് പൂർത്തിയാകാൻ സാധ്യതയില്ലാത്തതിനാൽ മണ്ഡലകാലംകഴിഞ്ഞു തുടങ്ങാനാണ് പരിപാടി.
കഴിഞ്ഞ ഡിസംബറിൽ അനുവദിച്ച 37.4 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ഇതിൽ 10 ലക്ഷത്തോളം രൂപയുടെ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ തുക അനുവദിച്ചിട്ടും 10 മാസത്തിനുശേഷം, ഈ മണ്ഡലകാലം തുടങ്ങുന്നതിന് ആഴ്ചകൾക്കുമുൻപുമാത്രമാണ് പ്രവൃത്തി ആരംഭിക്കാനായത്. കരാറെടുത്തവർ അടങ്കൽ തുക ഉയർത്തി ആവശ്യപ്പെട്ടതിനാലാണ് പ്രവൃത്തി വൈകിയതെന്നും നിലവിലെ ദേവസ്വം ബോർഡ് അംഗം കെ. രാജു ഉൾപ്പെടെ ഇടപെട്ടാണ് ഇപ്പോൾ പ്രവൃത്തി ആരംഭിക്കാൻ നടപടിയെടുത്തതെന്നുമാണ് ഇതിന് അധികൃതർ നൽകുന്ന വിശദീകരണം.
2022 നവംബർ 11-ന്, അന്നത്തെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നേരിട്ടെത്തിയാണ് കൈപ്പുഴ ക്ഷേത്രം ഇടത്താവളമായി പ്രഖ്യാപിച്ചത്. എന്നാൽ താവളത്തിൽ സൗകര്യങ്ങളൊരുക്കുന്നതിന് തുക അനുവദിച്ചത് രണ്ടുവർഷത്തിനുശേഷമാണ്. ആദ്യഘട്ടമായി അനുവദിച്ച 27 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കിയത് കഴിഞ്ഞ മണ്ഡലകാലത്തിനുശേഷമായിരുന്നു. അതിനാൽ കഴിഞ്ഞ മണ്ഡലകാലത്തും ഇടത്താവളം തീർഥാടകർക്ക് പ്രയോജനപ്പെട്ടില്ല. നടപ്പന്തൽ, ശൗചാലയം, കുടിവെള്ളം, പഴയ നടപ്പന്തലിന്റെ അറ്റകുറ്റപ്പണി എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്. ഇതിന്റെ തുടർച്ചയായാണ് 37.4 ലക്ഷം രൂപകൂടി അനുവദിച്ചത്.
Published: 24 Oct 2026, 02:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented