അറ്റകുറ്റപ്പണിക്കായി കുത്തിപ്പൊളിച്ച ഭാഗം നന്നാക്കിയില്ല

To advertise here,

കൊല്ലം :കളക്ടറേറ്റിലെ വിവിധ ഓഫീസുകളിലെയും ഇടനാഴിയിലെയും കോൺക്രീറ്റ് മേൽക്കൂര പാളിപാളിയായി അടർന്നുവീഴുന്നു. കോൺക്രീറ്റ് പൊളിഞ്ഞ് കമ്പിതെളിഞ്ഞ്, ഏതുനിമിഷവും വീഴാവുന്ന സ്ഥിതിയിൽ അടർന്നിരിക്കുന്ന പാളികൾക്കു താഴെയാണ് വിവിധ വകുപ്പുകളിലെ ജീവനക്കാർ ജോലിചെയ്യുന്നത്. ചില മുറികളിൽ സീലിങ് ഫാനിനോടു ചേർന്ന ഭാഗവും പൊളിഞ്ഞു. ഫാൻ അടർന്നുവീണാൽ വലിയ ദുരന്തമായി മാറും.

വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുടെ മുകളിലേക്കും ഇവ പതിക്കാൻ സാധ്യതയുണ്ട്. കളക്ടറേറ്റിലെ രണ്ടാംനിലയിലുടെ ഇടനാഴിയിൽ പലയിടത്തും തുരുമ്പെടുത്ത കമ്പി തെളിഞ്ഞിരിക്കുകയാണ്. മേൽക്കൂര ഗുരുതരമായ അപകടാവസ്ഥയിലാണെന്നത്‌ കഴിഞ്ഞ നവംബറിൽ അന്നത്തെ കളക്ടറുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം നേരിട്ട്‌ നിർദേശിച്ചതനുസരിച്ച് പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം അപകടസാധ്യതയുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണി തുടങ്ങുകയും ചെയ്തിരുന്നു.

എന്നാൽ അറ്റകുറ്റപ്പണിക്കായി കുത്തിപ്പൊളിച്ചതല്ലാതെ, സിമന്റ് പൂശാൻ കഴിഞ്ഞില്ല. കഴിഞ്ഞ സാമ്പത്തികവർഷത്തെ അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് തീർന്നതായിരുന്നു കാരണം. പുതിയ സാമ്പത്തികവർഷത്തിലെ ആറുമാസമായിട്ടും ഒരുനടപടിയും ഉണ്ടായിട്ടില്ല.

മഴ തുടങ്ങിയതോടെ അപകടസാധ്യതയുള്ള മേൽക്കൂരയിലൂടെ വെള്ളം നേരിട്ട് ഓഫീസിലേക്കും ഇടനാഴികളിലേക്കും ചോരുന്നുണ്ട്. ജീവനക്കാർ ഉപയോഗിക്കുന്ന വാഷ് ബേയ്സിനു മുകളിൽ ഉദ്ദേശം ഒന്നരയടി ചതുരത്തിൽ തേപ്പ്‌ ഇളകി കമ്പി തെളിഞ്ഞ് അതിൽനിന്നു വെള്ളം വീണുകൊണ്ടിരിക്കുകയാണ്.

ഭിത്തിയിലേക്കും മറ്റും നനവു പടർന്ന് വൈദ്യുതീകരണവും തകരാറിലായിട്ടുണ്ട്. ഊർന്നിറങ്ങുന്ന വെള്ളം ഇടനാഴികളിലും മുറികളിലുമുള്ള സ്വിച്ച് ബോർഡിൽ എത്തുന്നതുകാരണം പലപ്പോഴും വൈദ്യുതാഘാതമേൽക്കുന്നുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. ശൗചാലയങ്ങളുടെ സ്ഥിതിയും മോശമാണ്.