പുനലൂർ : മഴയിൽ പുനലൂർ പട്ടണത്തിലെ പ്രധാന കവലയായ കെ.എസ്.ആർ.ടി.സി. ജങ്ഷൻ വെള്ളത്തിൽ മുങ്ങുന്നു. ഏറെനാളായി ഇതാണ് സ്ഥിതി. ഓടയടഞ്ഞ് ദേശീയപാതയിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് കാരണം.

To advertise here,

ബുധനാഴ്ച ഉച്ചയ്ക്കു പെയ്ത ശക്തമായ മഴയിൽ ഇവിടെ വെള്ളംകെട്ടിനിന്ന് നടപ്പാതയുൾ​െപ്പടെ മുങ്ങി. ചില കടകളിൽ വെള്ളം കയറി. കെട്ടിനിന്ന വെള്ളത്തിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞതോടെ കാൽനടയാത്രക്കാരുടെ ദേഹത്തും കടകൾക്കുള്ളിലും വെള്ളവും ചെളിയും തെറിക്കുകയും ചെയ്തു.

റൗണ്ട്എബൗട്ടിനു പടിഞ്ഞാറുഭാഗത്തായി ഏതാണ്ട് 100 മീറ്ററോളം ദൂരത്തായാണ് ഇത്തരത്തിൽ സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്നത്. ഓടയിലേക്ക് മഴവെള്ളമിറങ്ങുന്ന ഭാഗം മാലിന്യംനിറഞ്ഞും മറ്റും അടയുന്നതാണ് റോഡിൽ ഇത്രയധികം വെള്ളം കെട്ടിനിൽക്കാൻ കാരണം. ഇതിനു ശാശ്വതപരിഹാരം കാണണമെന്ന് ദേശീയപാതാ വിഭാഗം അധികൃതരോട് വ്യാപാരികൾ നാളുകളായി ആവശ്യപ്പെട്ടുവരികയാണ്. എന്നാൽ നടപടിയെടുത്തിട്ടില്ല.

തുലാവർഷം ആരംഭിച്ചതോടെ കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴയാണ് പുനലൂരിൽ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഉച്ചയ്ക്ക് 26.2 മില്ലീമീറ്ററും രാത്രി 38.6 മില്ലീമീറ്ററും മഴയാണ് പുനലൂരിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രേഖപ്പെടുത്തിയത്.