മേലാറ്റൂർ : നിർമാണം അന്തിമഘട്ടത്തിലെത്തിയ മേലാറ്റൂർ ക്രോസിങ്സ്റ്റേഷനിൽ പാളത്തിലൂടെയുള്ള പരീക്ഷണ ഓട്ടം വെള്ളിയാഴ്ച ഉച്ചയോടെ നടക്കും. ഇതിന്റെ ഭാഗമായി റെയിൽവേയുടെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാളത്തിന്റെയും സിഗ്നലുകളുടെയും അന്തിമഘട്ട പ്രവൃത്തികൾ വിലയിരുത്തി.

To advertise here,

2024 ഡിസംബറിലാണ് മേലാറ്റൂരിൽ ക്രോസിങ് സ്റ്റേഷന്റെ പണി തുടങ്ങിയത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് അന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പല കാരണങ്ങളാൽ പ്രവൃത്തി നീളുകയായിരുന്നു. നിലവിൽ നിർമാണം അവസാനലാപ്പിലാണ്.

ക്രോസിങ്സ്റ്റേഷൻ, പാളം, പ്ലാറ്റ്‌ഫോം, പുതിയ സ്റ്റേഷൻ കെട്ടിടം എന്നിവയുടെ നിർമാണത്തിനായി 14.58 കോടി രൂപയാണ് റെയിൽവേ വകയിരുത്തിയിരുന്നത്. നിലവിലെ റെയിൽവേ സ്റ്റേഷനിൽനിന്ന് നൂറുമീറ്ററോളം മാറിയാണ് പുതിയ സ്റ്റേഷൻ കെട്ടിടം നിർമിച്ചിട്ടുള്ളത്. ഇതിന് എതിർവശത്തായാണ് ക്രോസിങ്ങിനുള്ള പുതിയ പാളവും പ്ലാറ്റ്ഫോമുമെല്ലാം. സ്റ്റേഷൻ കെട്ടിടത്തിന്റെയും പ്ലാറ്റ് ഫോമിന്റെയുമുമെല്ലാം പ്രവൃത്തി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. അടുത്തമാസത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കി ക്രോസിങ്സ്റ്റേഷൻ പൂർണ തോതിൽ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രോസിങ് സ്റ്റേഷന്റെ പണി ഇഴഞ്ഞുനീങ്ങുന്നതിനെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.