പുനലൂർ : ഇനി ഏതാനും മണിക്കൂറുകൾ കൂടി മാത്രം. വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ആദ്യ തീവണ്ടി സംസ്ഥാന അതിർത്തിയിലെ തുരങ്കങ്ങളിലെ ഇരുട്ടുതാണ്ടി ആര്യങ്കാവ് ചുരം താണ്ടി വരും. ചില്ലുമേൽക്കൂരയും കണ്ണാടി ജാലകങ്ങളും ഘടിപ്പിച്ച കോച്ചിലിരുന്ന് യാത്രക്കാർക്ക് സഹ്യപർവതനിരകളുടെ അപൂർവ സൗന്ദര്യവും അരുവികളും പുഴയും കുന്നുകളുടെ പച്ചപ്പും വനത്തിന്റെ നിഗൂഢമൗനവും ആസ്വദിക്കാം.
കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച തീവണ്ടി കൊല്ലം-ചെങ്കോട്ടപ്പാതയിലൂടെ കന്നിയോട്ടം നടത്തുകയാണ് വ്യാഴാഴ്ച. രാവിലെ 11.35-ന് മധുരയിൽനിന്ന് പുറപ്പെട്ട് പുലർച്ചെ രണ്ടുമണിയോടെ ഗുരുവായൂരിലെത്തുന്ന എക്‌സ്‌പ്രസ് തീവണ്ടിയാണ് ആദ്യ വിസ്റ്റാഡോം കോച്ചുമായി സർവീസ് നടത്തുന്നത്.
തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയായ കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികളിൽ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ വ്യാഴാഴ്ച പച്ചക്കൊടി കാട്ടുന്നത്.
മഴക്കാലമായതിനാൽ ഒറ്റക്കൽ, തെന്മല, ആര്യങ്കാവ് മേഖലകളിലേക്കെത്തുമ്പോൾ മലഞ്ചെരിവുകളിലൂടെ ഒഴുകിയെത്തുന്ന അരുവികളും കല്ലട അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന കഴുതുരുട്ടിയാറിന്റെ സൗന്ദര്യവും നുകരാനാകും. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച പാതയിൽ സുർക്കിയും ചുണ്ണാമ്പുകല്ലും ചേർത്തുള്ള ഒട്ടേറെ കണ്ണറപ്പാലങ്ങളും തുരങ്കങ്ങളും പ്രത്യേകതയാണ്. ഈ കോച്ചിലിരുന്ന് ഈ കണ്ണറപ്പാലങ്ങൾ ആസ്വദിക്കാനാകും. പാതയിൽ നിലവിൽ മൂന്നാഴ്ചത്തെ ടിക്കറ്റ് ബുക്കിങ്ങായിക്കഴിഞ്ഞു.
വാക്കുപാലിച്ചതിൽ സന്തോഷം-എൻ.കെ. പ്രേമചന്ദ്രൻ
തീവണ്ടി സർവീസ് നടത്തുന്നതിന് നിരന്തരമായി നടത്തിയ ശ്രമം ഫലം കണ്ടതിൽ ചാരിതാർഥ്യമുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. സഞ്ചാരികൾക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നവിധം പരമാവധി സ്റ്റേഷനുകളിലും നിർത്തിയാണ് തീവണ്ടി സർവീസ് നടത്തുന്നത്. സഞ്ചാരികളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും ഇത് സഹായകരമാകുമെന്നും എം.പി. പറഞ്ഞു.
സ്വീകരണം നൽകും -കൊടിക്കുന്നിൽ
മധുര-ഗുരുവായൂർ എക്സ്‌പ്രസിൽ അനുവദിച്ച വിസ്റ്റാേഡാം കോച്ചിന്റെ ആദ്യയാത്രയ്ക്ക് വ്യാഴാഴ്ച കൊട്ടാരക്കരയിൽ സ്വീകരണം നൽകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. റെയിൽവേ ഭവനിൽ മന്ത്രിയെയും ബോർഡ് ചെയർമാനെയും നേരിൽക്കണ്ടും കൊല്ലം-ചെങ്കോട്ട പാതയുടെ പ്രകൃതിഭംഗിയും വിനോദസഞ്ചാരസാധ്യതകളും വ്യക്തമാക്കുന്ന വീഡിയോകൾ ഉൾപ്പെടെ അവതരിപ്പിച്ചുമാണ് വിസ്റ്റാേഡോം കോച്ചിനായി പരിശ്രമിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് അനുവദിച്ചതെങ്കിലും സഞ്ചാരികളുടെ പ്രധാന ആകർഷണമായി കോച്ച് മാറും. കോച്ച് പിൻവലിക്കരുതെന്നും എല്ലാ ദിവസത്തെ സർവീസിലും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയെന്നും എം.പി. പറഞ്ഞു.
പതിമൂന്നുകണ്ണറ പ്രൊട്ടക്‌ഷൻ ആൻഡ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടമണിൽവെച്ച് വ്യാഴാഴ്ച വിസ്റ്റാഡോം ട്രെയിന് സ്വീകരണംനൽകും. ഇടമൺ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം അഞ്ചിനാണ് സ്വീകരണം നൽകുന്നത്. ഇതിനായി പരിശ്രമം നടത്തിയ എൻ.കെ. പ്രേമചന്ദ്രന് അഭിവാദ്യമർപ്പിക്കും. രക്ഷാധികാരി എൽ. ഗോപിനാഥപിള്ള, ചെയർമാൻ എ.ടി. ഫിലിപ്പ്, സെക്രട്ടറി സ്റ്റാർസി രത്നാകരൻ, ട്രഷർ കെ. കോശി എന്നിവർ നേതൃത്വം നൽകും.
Published: 22 Oct 2026, 12:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented