പുന്നക്കാട് മിനി സ്റ്റേഡിയം പരിസരത്താണ് ഒച്ചുകളുടെ സാന്നിധ്യം കൂടുതൽ

To advertise here,

കരുവാരക്കുണ്ട് : പുന്നക്കാട് മിനി സ്റ്റേഡിയം പരിസരത്തും സമീപവീടുകളിലും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി. ഇതോടെ പ്രദേശത്ത് ആരോഗ്യഭീഷണിയും കൃഷിനാശവുമുണ്ടാകുമെന്ന ആശങ്കയുണ്ടാകുന്നു.

മഴക്കാലത്ത് കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്ന ഒച്ചുകൾ വീടുകളുടെ പരിസരങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിക്കുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്.

സ്റ്റേഡിയം ഉപയോഗിക്കുന്ന കായികതാരങ്ങൾക്കും സമീപവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധനടപടികൾ വേണമെന്ന ആവശ്യം ശക്തമായി.

സ്റ്റേഡിയം പരിസരത്താണ് ഒച്ചുകളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നത്. രാത്രിയിലും മഴയുള്ള സമയങ്ങളിലും ഇവ കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനാൽ വീടുകളുടെ മുറ്റങ്ങളിലും ചുമരുകളിലും കിണറുകളുടെ പരിസരത്തുമെല്ലാം എത്തുന്നു. ഒച്ചുകളുമായുള്ള സമ്പർക്കവും അവയുടെ സ്രവം കലരാൻ സാധ്യതയുള്ള വെള്ളവും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

വാഴ, പച്ചക്കറികൾ, കപ്പ, കിഴങ്ങുവർഗങ്ങൾ, അലങ്കാരച്ചെടികൾ തുടങ്ങിയവയുടെ ഇലകളും തണ്ടുകളും തിന്നുനശിപ്പിക്കുന്നതിലൂടെ വീട്ടുകൃഷിക്കും കർഷകർക്കും നഷ്ടമുണ്ടാകുന്നുണ്ട്. നിയന്ത്രണമില്ലാതെ പെരുകുന്ന ഒച്ചുകളെ സ്വന്തംനിലയിൽ നീക്കംചെയ്യാനുള്ള ശ്രമങ്ങൾമാത്രം ഫലപ്രദമാകുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. പുന്നക്കാട് മിനി സ്റ്റേഡിയം കേന്ദ്രീകരിച്ച് ശുചീകരണവും ഒച്ചുനശീകരണ പ്രവർത്തനങ്ങളും അടിയന്തരമായി നടത്തണമെന്നാണ് ആവശ്യം. ആരോഗ്യ-കൃഷി വകുപ്പുകളുടെ സഹകരണത്തോടെ പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണംചെയ്യുകയും ഒച്ചുകളെ സുരക്ഷിതമായി നീക്കംചെയ്യുന്നതിനുള്ള മാർഗങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും വേണം.

ആവശ്യമായ പ്രതിരോധസാമഗ്രികൾ ലഭ്യമാക്കുന്നതിനൊപ്പം ഒച്ചുകളെ കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ബോധവത്കരണം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.