എഴുകോൺ : ആദ്യം ബാഡ്മിന്റൺ, പിന്നെ ഹോക്കി, ഒടുവിൽ ശക്തിമത്സരം; മൂന്നിനങ്ങളിലും മികവ് തെളിയിച്ച് മിന്നും താരമായിരിക്കുകയാണ് ഇടയ്ക്കിടം മാറാട്ടുവിളയിൽ ആദിത്രി ദുർഗ പി.ആർ. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ജെൻഡർ ഇക്വാലിറ്റി യൂണിവേഴ്സൽ ഗെയിംസ് അത്ലറ്റിക് ക്ലബ് അസോസിയേഷൻ (ജിഇയുജി സ്പോർട്സ്) സംഘടിപ്പിച്ച സംസ്ഥാന തല മിക്സഡ് അയൺ ഗെയിംസിൽ 55 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടിയാണ് ആദിത്രി വിജയിയായത്. 93 കിലോ ഭാരമുയർത്തിയാണ് സ്വർണം സ്വന്തമാക്കിയത്. കൊല്ലം ശ്രീനാരായണ കോളേജിലെ ഒന്നാം വർഷ ബി.എ. ഇംഗ്ലീഷ് വിദ്യാർഥിയാണ് ആദിത്രി. കോളേജിൽ തന്നെയായിരുന്നു പരിശീലനം. ഒക്ടോബർ 29-ന് കേരള സർവകലാശാല കൊല്ലത്ത് നടത്തിയ ഇന്റർ കൊളീജിയറ്റ് വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ടീമിലും ആദിത്രി അംഗമായിരുന്നു. 2025-ൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കായികമേളയിലെ ബാഡ്മിന്റൺ സീനിയർ ഗേൾസ് വിഭാഗത്തിലും വെങ്കല മെഡൽ നേടിയിരുന്നു. കുട്ടിക്കാലത്ത് വീട്ടുമുറ്റത്തെ ബാഡ്മിന്റൺ കോർട്ടിൽ അച്ഛനും സുഹൃത്തുക്കളും കളിക്കുന്നത് കണ്ട് കൗതുകം തോന്നിയാണ് ആദിത്രി കളത്തിലിറങ്ങിയത്. പിന്നീടത് കായിക ഇനങ്ങളോടുള്ള അടങ്ങാത്ത ഇഷ്ടമായി മാറി. അച്ഛൻ പി.ആർ. പ്രവീൺ പാലക്കാട് കൊടുവായൂർ എം.എം.എസ്.ബി. സ്കൂളിലും അമ്മ എൽ. രഞ്ജിനി മലയാലപ്പുഴ എസ്.എൻ.ഡി.പി. യു.പി. സ്കൂളിലും അധ്യാപകരാണ്.
Content Highlights: Kollam SN College student Adithri Durga excels in badminton, hockey, and wins gold at the State Mixed Iron Games.
Published: 25 Nov 2026, 09:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented