കാടുനീക്കാൻ ഇത്തവണയും കൂടുതൽ ഫണ്ടില്ല
തെന്മല :കല്ലട ജലസേചനപദ്ധതിയുടെ കനാൽശൃംഖല വാർഷിക അറ്റകുറ്റപ്പണിയില്ലാത്തതുമൂലം തകർച്ചയിലേക്ക്. എല്ലാവർഷവും ജനുവരിയോടെ വേനൽക്കാല ജലസേചനത്തിൻെറ ഭാഗമായി കല്ലട പദ്ധതിയിലെ തെന്മല ലുക്ക്ഔട്ട് തടയണയിൽനിന്നുള്ള വലതുകര, ഇടതുകര കനാലുകൾ തുറക്കാറുണ്ട്. ഈ വെള്ളമാണ് മൂന്നുജില്ലകളിൽ മൂന്നുമാസത്തോളം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളത്തിനും കാർഷികവൃത്തിക്കും ഉപകരിക്കുന്നത്.
വർഷങ്ങളായി കനാലുകളിൽ വേനൽക്കാല ജലസേചനത്തിനുമുൻപായി കാടുനീക്കുന്ന പ്രവൃത്തികൾ പേരിനുമാത്രമാണ്. ആയിരത്തോളം കിലോമീറ്റർ വൃത്തിയാക്കാൻ വർഷങ്ങളായി ശരാശരി നാലുകോടി രൂപയാണ് വകയിരുത്തുന്നത്. നിലവിൽ 40 കോടി വകയിരുത്തിയാൽപോലും കാര്യങ്ങൾ നടക്കാത്ത അവസ്ഥയിലാണ്. ഇരു കനാൽശൃംഖലകളും ഒരുപോലെ കാടുനിറഞ്ഞ് ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും ആവാസകേന്ദ്രമായിട്ടുണ്ട്. പാഴ്മരങ്ങൾ വളർന്നുപന്തലിച്ച് കനാൽഭിത്തികളിൽ വിള്ളൽ വീഴ്ത്തിയനിലയിലാണ്. പൂർണമായും കാടുനീക്കാത്തതിനാൽ മരത്തിൻെറ കുറ്റികൾ വീണ്ടും കിളിർക്കുകയും പലയിടത്തും വലിയ മരങ്ങളായി ശേഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കോൺക്രീറ്റ് ചെയ്ത ഭിത്തികൾ പലയിടത്തും തകർന്നു.
ഉറുകുന്ന്, ഇടമൺ, വെള്ളിമല, ചാലിയക്കര, ഉപ്പുകുഴി ഭാഗങ്ങളിലുൾപ്പെടെ കനാൽഭിത്തി തകർന്നിട്ടുണ്ട്. ഉയർന്ന അളവിൽ വെള്ളം തുറന്നുവിട്ടാലും ഈ ഭാഗങ്ങളിലൂടെ വെള്ളം നഷ്ടപ്പെടുകയാണ്. കനാൽഭിത്തി തകരുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. കഴിഞ്ഞവർഷം ജലവിതരണത്തിൻെറ തുടക്കത്തിൽ ഇടതുകര കനാലിൽ ഒരു കിലോമീറ്റർ പിന്നിടുന്ന ഭാഗത്ത് അടിഭാഗം തകർന്ന് ജലവിതരണം ഒരുമാസത്തോളം പൂർണമായും തടസ്സപ്പെട്ടിരുന്നു.
ആറുവർഷംമുൻപുവരെയും തൊഴിലുറപ്പുപദ്ധതിയിലുൾപ്പെടുത്തി കനാലുകളിലെ കാടുനീക്കുകയും ചെളി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ആവർത്തനസ്വഭാവമുള്ള ജോലിയെന്നു പറഞ്ഞു നിലവിൽ ഇത്തരം ജോലികൾ ഉൾപ്പെടുത്തുന്നില്ല.
കഴിഞ്ഞമാസം വീണ്ടും ഇത്തരം ജോലികൾ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്താനാകുമോയെന്ന ചർച്ചകൾ കളക്ടറുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇതിൽ അനുകൂല തീരുമാനമുണ്ടാക്കാൻ സർക്കാർ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ.
Published: 25 Nov 2026, 02:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented