പൂവത്തൂർ : നെടുമങ്ങാട്-മുക്കോല-പൂവത്തൂർ റൂട്ടിൽ പൂവത്തൂർ ഗവ. എൽ.പി.എസ് സ്കൂളിന് സമീപവും കൂടാരപ്പള്ളിക്ക് സമീപവും റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് താഴുന്നത് നാട്ടുകാരിൽ വലിയ ആശങ്കയുണ്ടാക്കുന്നു. രണ്ടു സ്ഥലങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടത്. മുക്കോല-പൂവത്തൂർ റോഡിന്റെ വശങ്ങളാണ് വലിയ ഗർത്തങ്ങളായി ഇടിഞ്ഞു താഴ്ന്നുകൊണ്ടിരിക്കുന്നത്. വീതി കുറഞ്ഞ ഈ പാതയുടെ ഒരു ഭാഗം കൂടി ഇടിഞ്ഞുപോയതോടെ ഇതുവഴിയുള്ള വാഹനയാത്ര അങ്ങേയറ്റം അപകടകരമായ അവസ്ഥയിലാണ്. കെ.എസ്.ആർ.ടി.സി. ബസ്സുകളും നിരവധി സ്കൂൾ ബസ്സുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. എന്നാൽ നിലവിൽ ബസ്സുകളോ മറ്റ് വലിയ വാഹനങ്ങളോ എതിരെ വരുമ്പോൾ വശം കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഭയത്തോടും ആശങ്കയോടും കൂടിയാണ് ഡ്രൈവർമാരും മറ്റ് യാത്രക്കാരും നിലവിൽ ഈ വഴിയിലൂടെ വാഹനങ്ങൾ ഓടിക്കുന്നത്. റോഡ് ഇടിഞ്ഞു താണിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് മുന്നറിയിപ്പ് ബോർഡുകളോ മുൻകരുതൽ നടപടികളോ സ്വീകരിച്ചിട്ടില്ല. റോഡിൽ ഓടകൾ ഇല്ലാത്തതാണ് മഴവെള്ളം കുത്തിയൊലിച്ച് റോഡിന്റെ വശങ്ങളിലെ മണ്ണ് ഒലിച്ചുപോകാൻ പ്രധാന കാരണം. രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തത് കാരണം ഇതുവഴിയെത്തുന്ന ഇരുചക്ര വാഹനയാത്രക്കാർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതും പതിവായി. കൂടാരപ്പള്ളിയിലും അപകടക്കെണി കൂടാരപ്പള്ളിയുടെ ഭാഗത്ത് റോഡ് ഇടിഞ്ഞു താഴ്ന്ന ഭാഗത്തോട് ചേർന്ന് വശങ്ങൾ കാടുപിടിച്ചു കിടക്കുന്നതിനാൽ കാൽനടയാത്ര പോലും അതീവ ദുഷ്കരമായിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ വശങ്ങളിലേക്ക് മാറി നടക്കാൻ പോലും ഇടമില്ലാത്തവിധം കാടും പടർപ്പും നിറഞ്ഞത് സ്കൂൾ കുട്ടികളും മുതിർന്ന പൗരന്മാരുൾപ്പെടെയുള്ള നിരവധി കാൽനടയാത്രക്കാരുടെ ജീവനാണ് ഭീഷണിയാകുന്നത്. മഴ കനക്കുന്നതോടെ വശങ്ങളിലെ മണ്ണിടിച്ചിൽ രൂക്ഷമാകാനും റോഡ് പൂർണ്ണമായി ഒലിച്ചുപോയി പ്രദേശത്തെ ഗതാഗതം തീർത്തും തടസ്സപ്പെടാനും സാധ്യതയേറെയാണ്.
Content Highlights: Road cave-ins along the Nedumangad-Mukkola-Poovathoor route near Poovathoor School and Koodarappally pose severe danger to commuters and pedestrians.
Published: 25 Nov 2026, 09:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented