തിരുവനന്തപുരം: ഇടതു സർക്കാർ ഭരിക്കുമ്പോൾ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുകയും പൊതുജനങ്ങൾക്ക് സെക്രട്ടറിയേറ്റിൽ പ്രവേശനം പോലും നിഷേധിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നു മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. ശമ്പള പരിഷ്‌കരണം നടത്താതെ അധികാരമൊഴിഞ്ഞ ഏക സർക്കാർ മുൻ ഇടതു സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ഇടതു സർവീസ് സംഘടനകളുടെ കാപട്യത്തിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ.ജി.ഒ.യു) സംഘടിപ്പിച്ച 'സർക്കാരിനുള്ള ഐക്യദാർഢ്യ സദസ്സ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ സൗകര്യം ഉൾപ്പെടെ സാധാരണക്കാരെ ചേർത്തുപിടിക്കുന്ന നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾ യു.ഡി.എഫ്. സർക്കാർ വിജയകരമായി നടപ്പിലാക്കി മുന്നോട്ട് പോകുകയാണെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു. കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് ബി. ഗോപകുമാർ അധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.ജി. ഒ.യു.സംസ്ഥാന ജനറൽ സെക്രട്ടറി പി ഐ സുബൈർ കുട്ടി, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി. സുനിൽ, ജനറൽ സെക്രട്ടറി ഉമാശങ്കർ, ലോ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റ് മോഹനചന്ദ്രൻ, കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. ബ്രിജേഷ്, എസ്. ബിനോജ് തുടങ്ങിയവർ സംസാരിച്ചു.

To advertise here,