
കൊല്ലം: യാത്രകളോടുള്ള അഭിനിവേശംകൊണ്ട് പ്രായത്തെ പുനർനിർവചിക്കുകയാണ് കൊല്ലം ശക്തികുളങ്ങര സ്വദേശി പീറ്റർ എഡ്വിൻ. 71 ദിവസംകൊണ്ട് ബൈക്കിൽ ഒറ്റയ്ക്ക് 14,000-ഓളം കിലോമീറ്റർ താണ്ടി ഞായറാഴ്ച നാട്ടിൽ തിരികെയെത്തിയ അദ്ദേഹത്തിന് 67 വയസ്സാണ് പ്രായം. നിശ്ചയദാർഢ്യംകൊണ്ട് താണ്ടിയ വഴികളെപ്പോലും അദ്ഭുതപ്പെടുത്തി അഭിമാനമായി തിരികെയെത്തിയ പീറ്റർ എഡ്വിന് ഊഷ്മളമായ സ്വീകരണമാണ് നാടൊരുക്കിയത്.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും സന്ദർശിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള മൂന്നാമത്തെ ബൈക്ക് യാത്രയാണ് ശക്തികുളങ്ങര ചാനി ലാൻഡ് കടപ്പുറത്തു വീട്ടിൽ പീറ്റർ എഡ്വിൻ ഞായറാഴ്ച പൂർത്തിയാക്കിയത്. 2022-ലും 2023-ലുമായി ബാഗ്പാക്കിനൊപ്പം ഇതേ ലക്ഷ്യവും പേറി 110 ദിവസംകൊണ്ട് ബൈക്കിൽ 27,513 കിലോമീറ്റർ അദ്ദേഹം സഞ്ചരിച്ചിരുന്നു. അന്ന് കാണാൻ ബാക്കിവെച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കായിരുന്നു ഇത്തവണ യാത്ര. കഴിഞ്ഞ സെപ്റ്റംബർ 20-നാണ് ശക്തികുളങ്ങര തീരദേശത്ത് പ്രവർത്തിക്കുന്ന ജോയ് ജസ്റ്റിൻ മെമ്മോറിയൽ ക്ലബ് അങ്കണത്തിൽനിന്ന് യാത്ര തുടങ്ങിയത്. ഓരോദിവസവും എത്തുന്നയിടങ്ങളിലെ കാഴ്ചകളും ചരിത്രവുമൊക്കെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിപ്പുകളായി പങ്കുവയ്ക്കാറുമുണ്ട് അദ്ദേഹം. ശാരീരികബുദ്ധിമുട്ടുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഭൂമിശാസ്ത്ര പ്രത്യേകതകളുമൊക്കെ പലപ്പോഴും പ്രതികൂലമായെങ്കിലും ദൂരങ്ങൾ താണ്ടാനുള്ള അഭിനിവേശത്തിനു മുന്നിൽ പ്രതിസന്ധികൾക്ക് കീഴടങ്ങേണ്ടി വന്നു.
ചെറുപ്പംമുതലേ യാത്രകൾ പീറ്റർ എഡ്വിന് ഒഴിച്ചുകൂടാനാകാത്തതാണ്. 14-ാംവയസ്സിൽ സൈക്കിളിൽ കന്യാകുമാരിയിൽ പോയിവന്ന കഥ നാട്ടുകാർ ഇപ്പോഴും പറയാറുണ്ട്. കേരളസംസ്ഥാന വ്യാപാരി വ്യവസായിസമിതി ജില്ലാ വൈസ് പ്രസിഡന്റാണ് പീറ്റർ എഡ്വിൻ. പി. ഷേർളിയാണ് ഭാര്യ. ഷെറിനും ഷെഫീനയുമാണ് മക്കൾ.
യാത്രപൂർത്തിയാക്കി തിരികെയെത്തിയ പീറ്റർ എഡ്വിനായി കേരളസംസ്ഥാന വ്യാപാരി വ്യവസായിസമിതി, സാഗര സാംസ്കാരികസംഘം തുടങ്ങിയവരുടെ നേതൃത്വത്തിൽ ശക്തികുളങ്ങര വെസ്റ്റേൺ ആർട്സ് ക്ലബ്ബിൽ ഒരുക്കിയ സ്വീകരണസമ്മേളനം കൊല്ലം കോർപ്പറേഷൻ മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജോസഫ് ആന്റണി അധ്യക്ഷനായി.
Content Highlights: At 67, Peter Edwin from Kollam completed a 14,000-kilometer solo motorcycle tour across India in 71 days, receiving a warm welcome home.
Published: 29 Nov 2026, 09:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented