ചാത്തന്നൂർ: പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കാതെ ജനകീയ പങ്കാളിത്തത്തോടെ ഗ്രാമീണപാതകളുടെ വശങ്ങളും ശുചീകരിച്ച് പൂന്തോട്ടങ്ങളാക്കി മാറ്റുന്ന 'പൂങ്കാവനം ചിറക്കര' പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ 'നിർമ്മലം പുതുയുഗ ശുചിത്വകേരളം' പദ്ധതിയുടെയും ചിറക്കര ഗ്രാമപ്പഞ്ചായത്തിന്റെ 'ഗ്രാമീണദേവതയുടെ സ്വന്തം നാട് ചിറക്കര' എന്ന ടൂറിസം-കൃഷി-മാലിന്യസംസ്കരണ പരിപാടിയുടെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ചിറക്കര ഗ്രാമപ്പഞ്ചായത്തിന്റെയും ചിറക്കര ഗവ. ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

To advertise here,

ആദ്യഘട്ടമായി കുളത്തൂർക്കോണം മാടൻകാവുമുതൽ ചിറക്കര ക്ഷേത്രംവരെയുള്ള ഏലായുടെ ബണ്ട് റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിത്തെളിച്ച് മാലിന്യമുക്തമാക്കി പൂന്തോട്ടം നിർമിച്ചു. തൊഴിലുറപ്പുതൊഴിലാളികൾ ചെടികൾ നട്ടുപിടിപ്പിക്കുകയും ചിറക്കര സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡേറ്റുകൾ അവയുടെ തുടർപരിപാലന ചുമതല ഏറ്റെടുക്കുകയും ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചിറക്കര ഉല്ലാസ്‌ കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹരിതകർമസേനാംഗങ്ങളെ ജില്ലാപഞ്ചായത്ത് അംഗം കെ.എസ്. ബിനുവും ആശാപ്രവർത്തകരെ ദിലീപ്കുമാറും ചടങ്ങിൽ ആദരിച്ചു. ബയോബിൻ വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സുഭാഷ് ബാബു നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ മനോജ്, ബി. പ്രശാന്ത്, ചിറക്കര ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപിക വി.പി. ജയ, സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു സുനിൽ, സജന വിനോദ്, കൃഷി ഓഫീസർ ശില്പ, ഹെൽത്ത് ഇൻസ്പെക്ടർ ജയരാജ് എന്നിവർ സംസാരിച്ചു.