ചിതലുകളാണോ ഈയലുകളായി മാറുന്നത് എന്ന സംശയം പലർക്കുമുണ്ടാവാം. രാജ്ഞിയും രാജാവും പടയാളികളും വേലക്കാരുമെല്ലാമടങ്ങുന്ന ഒരു വമ്പൻ കോളനിയാണ് ഓരോ ചിതൽക്കൂട്ടങ്ങളും. ഇതിൽ എല്ലാ ചിതലുകൾക്കും പ്രത്യുത്പാദനശേഷിയുണ്ടാവില്ല. പ്രത്യുത്പാദനശേഷിയുള്ള ചിതലുകൾക്ക് ചിറകുകളുണ്ടാവും. ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു രാജ്ഞിയാണ് ഏറിയ കാലവും മുട്ടയിട്ട് വിരിയിച്ച് ചിതൽ ഫാമിലിയിലെ അംഗസംഖ്യ കൂട്ടിക്കൊണ്ടിരിക്കുന്നത്. ചിതൽക്കൂട്ടിലെ പുറ്റിലെ മറ്റ് ചിറകുള്ള ചങ്ങാതിമാരുടെ എണ്ണം കൂടുമ്പോൾ അവർ ഇതിൽനിന്ന് പ്രത്യേക ദ്വാരങ്ങളുണ്ടാക്കി പുറത്തേക്ക് പറക്കുന്നു. മിക്കപ്പോഴും നല്ല മഴയ്ക്ക് മുന്നേയാണീ കൂട്ടപ്പറക്കൽ സംഭവിക്കാറ്. 'സ്വാമിങ്' എന്നാണീ കൂട്ടപ്പറക്കലിന്റെ പേര്! ഇങ്ങനെ സ്വാമിങ്ങിലൂടെ പുറത്തുവരുന്ന ചിതലുകളെയാണ് നമ്മൾ മഴപ്പാറ്റ, ഈയാംപാറ്റ എന്നൊക്കെ വിളിക്കുന്നത്. ഇങ്ങനെ പുറത്തുവരുന്ന ഈയലുകൾ കുറെ പറന്ന് വിലസിയതിനുശേഷം ഇണചേരുന്നു. ശേഷം പുതിയ കോളനിക്ക് പറ്റിയ സ്ഥലം കണ്ടെത്തും. പിന്നീട് ചിറക് പൊഴിച്ചുകളഞ്ഞ് കണ്ടെത്തിയ സ്ഥലത്ത് പുറ്റ് നിർമാണം തുടങ്ങുകയായി. വീണ്ടും ഒരു ചിതൽ കോളനി അതിനുള്ളിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.
ചിതലുകൾ ചില്ലറക്കാരല്ലെന്നു തെളിയിക്കുന്ന കുറച്ചു വിവരങ്ങൾ കൂടി അറിഞ്ഞാലോ?
ഒന്നോ രണ്ടോ വർഷമാണ് ചിതലുകളുടെ ശരാശരി ആയുസ്സ്. അത്രയും കാലം ഇവർ തുടർച്ചയായി ഉറക്കമില്ലാതെ ജീവിക്കുന്നു. എന്നാൽ, ചിതൽ രാജ്ഞിക്ക് ദീർഘകാലം ആയുസ്സുണ്ട്. ഏതാണ്ട് 30-50 വർഷംവരെ.
ചിതലുകൾ വളരെ പണ്ടുകാലം മുതലേ ഭൂമിയിലുള്ളതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. മരം തിന്നുന്ന ഒരുതരം പാറ്റ രൂപാന്തരം പ്രാപിച്ചാണത്രേ ചിതലുകളായി മാറിയത്.
നല്ല വിഘാടകരാണ് ചിതലുകൾ. ഒരുപാട് മാലിന്യങ്ങൾ ഇവർ കറുമുറേ തിന്നുതീർത്ത് നമ്മെ സഹായിക്കുന്നുണ്ട്. എന്നാൽ, അതിൽ പലപ്പോഴും നമുക്ക് വേണ്ടതും പെട്ടുപോകുമെന്നതിനാൽ ഇതിനെ ഒരു കീടമായും കണക്കാക്കുന്നു.
24 മണിക്കൂറും പണിയെടുക്കുന്നവരാണ് ചിതലുകൾ. മരവും പുസ്തകങ്ങളുമെല്ലാം തിന്നുതീർക്കുന്ന പണിയാണിതെങ്കിലും, നല്ല ആത്മാർഥതയോടെ ഇവർ ഇത് ചെയ്തുകൊണ്ടിരിക്കുമെന്ന് ചുരുക്കം.
ചിതലുകൾ അന്തരീക്ഷത്തിലേക്ക് മീഥേൻ ഗ്യാസ് പുറത്തു വിടാറുണ്ട്.
ചിതൽപ്പുറ്റുകൾ പൊതുവേ ഭീമാകാരമായ വലുപ്പമുള്ളവയാണ്. 40 അടിയോളം വലുപ്പമുള്ള ചിതൽപ്പുറ്റുകൾ ഉണ്ടാവാറുണ്ട്.
Content Highlights: Clarifies the relationship between termites and winged 'flying ants'., Explains the swarming process prior to rainy seasons
Published: 10 Jul 2026, 02:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented