ചില ചെടികളുടെ ഇലകളിൽ കാണുന്ന ചെറുമുഴകൾ ശ്രദ്ധിച്ചിട്ടുണ്ടോ. അവ ശരിക്കും ഷട്പദങ്ങളുടെ കുഞ്ഞുവീടുകളാണെന്നു പറഞ്ഞാൽ കൂട്ടുകാർ വിശ്വസിക്കുമോ. സംഗതി സത്യമാണ് കേട്ടോ. ഗാൾ എന്നറിയപ്പെടുന്ന ഈ സസ്യമുഴകളെക്കുറിച്ച് കൂടുതലറിയാം.

To advertise here,

ചെടിയിലെ ഒളിസങ്കേതങ്ങൾ
കടന്നലുകൾ, മുഞ്ഞകൾ, ഈച്ചകൾ, ഇലപ്പേനുകൾ, മണ്ഡരികൾ തുടങ്ങിയവയൊക്കെ ഗാളുകളുണ്ടാക്കാറുണ്ട്. ഒരു ഷട്പദം അതിന് ചേർച്ചയുള്ള സസ്യത്തിൽ മാത്രമേ ഗാളുണ്ടാക്കുകയുള്ളൂ.

ഷട്പദങ്ങൾ ചെടികളെ ആക്രമിക്കുമ്പോഴും അതിൽ മുട്ടയിടുമ്പോഴുമൊക്കെ അവയുടെ ഉമിനീരിലുള്ള ചില പ്രോട്ടീനുകൾ, ന്യൂക്ലിക് ആസിഡുകൾ, ഹോർമോണുകൾ എന്നിവ ചെടിയിലെത്തും. ഇതിന്റെ ഫലമായി മെരിസ്റ്റം കോശങ്ങൾ അനിയന്ത്രിതമായി വളരുന്നു. ഇവ പിന്നീട് മുട്ടയുൾപ്പെടുന്ന ഭാഗത്തെ ഉള്ളിലാക്കി മുഴകളായി മാറും. ഉള്ളിലുള്ള ലാർവകളെ ഗാളുകൾ ശത്രുക്കളിൽനിന്നും പ്രതികൂലകാലാവസ്ഥയിൽനിന്നും സംരക്ഷിക്കുന്നു.വളർന്ന് ഷട്പദമായി മാറുമ്പോൾ ലാർവ ഗാൾ തുരന്ന് പുറത്തുവരും. ചില കുമിളുകളും ബാക്ടീരിയങ്ങളുമൊക്കെ ഇതുപോലുള്ള മുഴകളുണ്ടാക്കാറുണ്ട്.

പ്രകൃതിയിലെ വികൃതികൾ
പച്ച, കറുപ്പ്, പിങ്ക്, പർപ്പിൾ, ചുവപ്പ്, മഞ്ഞ, തവിട്ട്, ഓറഞ്ച് തുടങ്ങിയ നിറങ്ങളിൽ ഗാളുകൾ കാണാറുണ്ട്. ആകൃതിയിലും വൈവിധ്യം പ്രകടമാണ്. തലച്ചോറ്, വിരൽ, കൃഷ്ണമണി, പഞ്ഞിപ്പന്ത്, കുറ്റി, കുഴൽ, ബട്ടൺ, മാൻകൊമ്പ്, കോൺ, റോസാപ്പൂവ്, ആപ്പിൾ, മുന്തിരിക്കുല തുടങ്ങി പല ആകൃതിയിലും ഗാളുകളുണ്ട്. പണ്ടുമുതൽക്കേ മനുഷ്യർക്ക് ഗാളുകൾ പരിചിതമായിരുന്നു. ഓക്കുമരത്തിൽ കാണുന്ന ഗാളിൽനിന്ന് വേർതിരിക്കുന്ന ടാനിക് ആസിഡ് ഉപയോഗിച്ച് ഒരിനം മഷി ഉണ്ടാക്കി പുരാതനകാലത്ത് എഴുതാനുപയോഗിച്ചിരുന്നു.

വിരുതൻ ലാർവ
ഗാളിനുള്ളിലിരിക്കുന്ന ലാർവകൾ വിരുതൻമാരാണ് കേട്ടോ. ഇവയുടെ പ്രവർത്തനഫലമായി ചെടി ഗാളിനുള്ളിൽ പോഷകകോശങ്ങളുടെ ഒരു പാളി ഉണ്ടാക്കുന്നു. ലാർവ ഈ പാളിയിൽനിന്ന് പോഷകങ്ങൾ വലിച്ചെടുക്കും. തങ്ങളെ കൊല്ലാനുള്ള രാസവസ്തുക്കൾ ചെടികൾ ഉത്പാദിപ്പിക്കാതിരിക്കാനും ലാർവ ചില പണികൾ എടുക്കുന്നുണ്ട്.

ഓക്സിൻ, സൈറ്റോകൈനിൻ തുടങ്ങിയ ഹോർമോണുകളും എൻസൈമുകളും ഇവ ഉത്പാദിപ്പിക്കുന്നുണ്ട്. ഗാളിലുള്ള കോശങ്ങൾ പെരുകാനും ഗാൾ വീർക്കാനും ഹോർമോണുകൾ കാരണമാകുന്നു. എൻസൈമുകളാകട്ടെ ഗാളിന്റെ ഉൾഭാഗത്തെ കോശഭിത്തികളെ ദഹിപ്പിക്കുകയും പോഷകലഭ്യത സുഗമമാക്കുകയും ചെയ്യും.

ചാട്ടക്കാരനുമുണ്ട്
മനുഷ്യരെ അമ്പരപ്പിച്ചിരുന്ന ഒന്നാണ് ജമ്പിങ് ഗാളുകൾ. ഒരിനം കടന്നൽ ഓക്കുമരത്തിന്റെ തളിരിലകളിൽ മുട്ടയിടുന്നു. മുട്ടയെ പൊതിഞ്ഞ് ഗാൾ മുഴകളുണ്ടാകും. മുട്ട വിരിഞ്ഞ് വരുന്ന ലാർവകൾ ഗാളിനുള്ളിലിരുന്ന് വേഗത്തിൽ അനങ്ങുമ്പോൾ ഗാളുകൾ മരത്തിൽനിന്ന് അടർന്ന് താഴേ വീഴുന്നു. ലാർവകളുടെ ചലനത്തിന്റെ ഫലമായി താഴേ വീണാലും ഗാളുകൾ ഇളകും.

ഇങ്ങനെ താഴേ വീണ ഗാളുകൾ ഉറുമ്പുകൾ ശേഖരിച്ച് മാളത്തിൽ സൂക്ഷിക്കും. ഗാളിന്റെ പോഷകസമ്പുഷ്ടമായ ഭാഗം മാത്രം ഉറുമ്പ് തിന്നുന്നു. ഇതൊഴികെയുള്ള ഗാളിലെ ഭാഗം ഉറുമ്പിന് തിന്നാൻ കഴിയാത്തവിധം ദൃഢമാണ്. ശത്രുകീടങ്ങളുടെ ആക്രമണമേൽക്കാതെ ഗാളുകൾ ഉറുമ്പുമാളത്തിനുള്ളിൽ കിടക്കും, ലാർവയാകട്ടെ ഉള്ളിൽ സുരക്ഷിതമായിരിക്കും.