ചേർത്തല: എട്ടുവയസ്സുകാരി നായയ്ക്ക് ചേർത്തല വെറ്ററിനറി ക്ലിനിക്കിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയ. ജീവനു ഭീഷണിയായ അഞ്ചു കിലോ മുഴയാണ് വയറിൽനിന്നു നീക്കിയത്. ചേർത്തല മായിത്തറ മുണ്ടുപറമ്പിൽ കൃഷ്ണദാസിന്റെ ലാബ്രഡോർ ഇനത്തിലുള്ള നായയ്ക്കായിരുന്നു ചികിത്സ.

To advertise here,

എട്ട്-പത്തു വർഷമാണ് ഇത്തരം നായ്ക്കളുടെ ആയുസ്സ്. ഏതാനും മാസങ്ങൾക്കു മുൻപാണ് അവശത കണ്ടുതുടങ്ങിയത്. നടക്കാൻപോലുമാകാതെ വന്നതോടെ ഗവ. വെറ്ററിനറി ക്ലിനിക്കിലെ ഡോ. സംഗീത് നാരായണനെ കാണിച്ചു. സ്‌കാനിങ്ങിലാണ് മുഴ കണ്ടെത്തിയത്. മാമറി ട്യൂമറിന്റെ ഭാഗമായിരുന്നു മുഴ. മനുഷ്യരുമായി കണക്കാക്കിയാൽ 80 വയസ്സിന്റെ കണക്കാണ് എട്ടുവയസ്സുകാരി നായയ്ക്കെന്ന് ഡോ. സംഗീത് നാരായണൻ പറഞ്ഞു. ശസ്ത്രക്രിയ സങ്കീർണമാണെങ്കിലും വീട്ടുകാരുടെ നായയോടുള്ള സ്നേഹത്തിൽ ഏറ്റെടുക്കുകയായിരുന്നു.

ഇത്രയും നീണ്ട ശസ്ത്രക്രിയ ക്ലിനിക്കിൽ ആദ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോ. അശ്വനി ബാബുരാജ്, ഡോ. ശാലിനി വിൽക്കിൻസൺ, ഡോ.എസ്. ജയശ്രീ എന്നിവരാണ് ചികിത്സാസംഘത്തിലുണ്ടായിരുന്നത്. അനസ്തീസ്യ നൽകി നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോൾ നായ പഴയനിലയിൽ ഓടാനും ഭക്ഷണം കഴിക്കാനും തുടങ്ങി.