നമ്മൾ കാണുന്ന അതേ നിറങ്ങളിലാണോ നമ്മുടെ വളർത്തുനായയും ലോകത്തെ കാണുന്നത്? ചുവന്ന പന്ത് എറിഞ്ഞുകൊടുത്താൽ നായയ്ക്ക് അത് ചുവപ്പായിത്തന്നെയാണോ തോന്നുക? പച്ചപ്പുനിറഞ്ഞ പുൽത്തകിടിയും പലനിറങ്ങളിലുള്ള പൂക്കളുമെല്ലാം നായയുടെ കണ്ണിൽ എങ്ങനെയായിരിക്കും? നായ്ക്കളെ വളർത്തുന്നവരിൽ പലർക്കും ഒരിക്കലെങ്കിലും തോന്നിയിട്ടുള്ള സംശയങ്ങളാണിത്. നായ്ക്കൾക്ക് നിറങ്ങൾ തിരിച്ചറിയാൻ കഴിയില്ലെന്നും അവയുടെ ലോകം കറുപ്പും വെളുപ്പും മാത്രമാണെന്നും പൊതുവേ ഒരു ധാരണയുണ്ട്. എന്നാൽ, അത് ശരിയല്ല. മനുഷ്യരെപ്പോലെ എല്ലാ നിറങ്ങളും തിരിച്ചറിയാൻ കഴിയില്ലെങ്കിലും നായ്ക്കൾക്കും നിറങ്ങൾ കാണാനാകും. പ്രത്യേകിച്ച് നീലയും മഞ്ഞയും തിരിച്ചറിയുന്നതിൽ നായ്ക്കൾ മിടുക്കരാണ്. മനുഷ്യരിൽനിന്ന് വ്യത്യസ്തമായൊരു വർണലോകമാണ് നായ്ക്കളുടെ കണ്ണുകൾക്കു മുന്നിലുള്ളതെന്ന് അമേരിക്കൻ വെറ്ററിനറി മെഡിക്കൽ അസോസിയേഷൻ അംഗമായ ഡോ. ക്രിസ്റ്റീന ഫെർണാണ്ടസ് പറയുന്നു.

To advertise here,

നായ്ക്കളുടെ ലോകം കറുപ്പും വെളുപ്പും മാത്രമാണോ?

നായ്ക്കൾക്ക് വർണാന്ധതയുണ്ടെന്നു കേൾക്കുമ്പോൾ അവയ്ക്ക് കറുപ്പും വെളുപ്പും മാത്രമേ കാണാൻ കഴിയൂ എന്നാണ് പലരും കരുതുന്നത്. എന്നാൽ, വർണാന്ധത എന്നതുകൊണ്ട് നിറങ്ങൾ പൂർണമായും കാണാൻ കഴിയില്ലെന്ന് അർഥമില്ല. ചില നിറങ്ങൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണിത്. നിറങ്ങൾ തിരിച്ചറിയുന്നതിൽ കണ്ണിലെ പ്രത്യേക കോശങ്ങൾക്കാണ് പ്രധാന പങ്കുള്ളത്. കണ്ണിലെ റെറ്റിനയിൽ റോഡ്‌സ്, കോൺസ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള പ്രകാശസംവേദന കോശങ്ങളുണ്ട്. റോഡ്‌സ് കുറഞ്ഞ വെളിച്ചത്തിൽ കാണാനും ചലനങ്ങൾ തിരിച്ചറിയാനും സഹായിക്കുന്നു. കോൺസ് ആണ് നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നത്.

മനുഷ്യരുടെ കണ്ണുകളിൽ സാധാരണയായി മൂന്ന് തരത്തിലുള്ള കോൺസുണ്ട്. ചുവപ്പ്, പച്ച, നീല എന്നീ വർണങ്ങളുമായി ബന്ധപ്പെട്ട പ്രകാശതരംഗങ്ങളോട് ഇവ പ്രതികരിക്കുന്നു. അതുകൊണ്ടാണ് മനുഷ്യർക്ക് വൈവിധ്യമാർന്ന നിറങ്ങളും അവയുടെ വ്യത്യസ്ത വകഭേദങ്ങളും തിരിച്ചറിയാൻ കഴിയുന്നത്. എന്നാൽ, നായ്ക്കളുടെ കണ്ണുകളിൽ രണ്ട് തരത്തിലുള്ള കോൺസ് മാത്രമാണുള്ളത്. അതിനാൽ മനുഷ്യരെപ്പോലെ വിപുലമായ വർണവൈവിധ്യം നായ്ക്കൾക്ക് തിരിച്ചറിയാനാകില്ല. ഇതിനെ ദ്വിവർണ കാഴ്ച എന്നാണ് വിളിക്കുന്നത്.

നായ്ക്കൾക്ക് ഏറ്റവും വ്യക്തമായി കാണാൻ കഴിയുന്ന നിറങ്ങൾ

നായ്ക്കളുടെ കാഴ്ചയിൽ പ്രധാനമായും നീലയും മഞ്ഞയുമാണ് വ്യക്തമായി വേർതിരിച്ചറിയാൻ കഴിയുന്ന നിറങ്ങൾ. ഈ നിറങ്ങളുടെ വ്യത്യസ്ത വകഭേദങ്ങളും അവയ്ക്ക് തിരിച്ചറിയാനാകും. നീല, നീലകലർന്ന പച്ച, വയലറ്റ് തുടങ്ങിയ നിറങ്ങൾ നായ്ക്കളുടെ കണ്ണിൽ നീലയുടെ വ്യത്യസ്ത വകഭേദങ്ങളായി അനുഭവപ്പെട്ടേക്കാം. അതേസമയം, ചുവപ്പും പച്ചയും മനുഷ്യർ കാണുന്നതുപോലെ നായ്ക്കൾക്ക് തിരിച്ചറിയാൻ കഴിയില്ല. ഈ നിറങ്ങൾ തവിട്ടുനിറത്തിന്റെയോ ചാരനിറത്തിന്റെയോ വിവിധ വകഭേദങ്ങളായി തോന്നാനാണ് സാധ്യത. മനുഷ്യരിൽ കാണപ്പെടുന്ന ചുവപ്പ്-പച്ച വർണാന്ധതയുള്ള ഒരാളുടെ കാഴ്ചയോടാണ് നായ്ക്കളുടെ വർണകാഴ്ചയ്ക്ക് കൂടുതൽ സാമ്യമുള്ളത്. എന്നാൽ, നായ്ക്കൾക്ക് നിറങ്ങൾ തിരിച്ചറിയാൻ പരിമിതിയുണ്ടെന്നതുകൊണ്ട് അവയുടെ കാഴ്ച മോശമാണെന്ന് കരുതേണ്ടതില്ല. നിറങ്ങൾ തിരിച്ചറിയുന്നതിൽ മനുഷ്യർ മുന്നിലാണെങ്കിൽ മറ്റ് ചില കാഴ്ചശേഷികളിൽ നായ്ക്കളാണ് മുന്നിൽ.

പച്ചപ്പുല്ലിൽ ചുവന്ന പന്തിട്ടാൽ നായയ്ക്ക് കാണാനാകുമോ?

നായ്ക്കളുടെ വർണകാഴ്ചയെക്കുറിച്ച് മനസ്സിലാക്കാൻ ഏറ്റവും എളുപ്പമുള്ള ഉദാഹരണമാണ് പന്തുകളുപയോഗിച്ചുള്ള കളി. പച്ചപ്പുല്ലുള്ള മുറ്റത്ത് ചുവന്ന പന്ത് എറിഞ്ഞുകൊടുക്കുമ്പോൾ മനുഷ്യർക്ക് അത് വളരെ എളുപ്പത്തിൽ തിരിച്ചറിയാനാകും. ചുവപ്പും പച്ചയും തമ്മിലുള്ള വർണവ്യത്യാസമാണ് ഇതിന് കാരണം. എന്നാൽ, നായ്ക്കളുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ചുവപ്പും പച്ചയും വ്യക്തമായി വേർതിരിച്ചറിയാൻ കഴിയാത്തതിനാൽ പന്തും പുല്ലും തമ്മിലുള്ള വർണവ്യത്യാസം നായയ്ക്ക് അത്ര പ്രകടമായിരിക്കണമെന്നില്ല. അതേസമയം, നീലയോ മഞ്ഞയോ നിറമുള്ള പന്താണെങ്കിൽ നായയ്ക്ക് അത് കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിച്ചേക്കാം.

അതുകൊണ്ടുതന്നെ വളർത്തുനായകൾക്കായി പന്തുകളും മറ്റ് കളിപ്പാട്ടങ്ങളും തിരഞ്ഞെടുക്കുമ്പോൾ നീല, മഞ്ഞ നിറങ്ങൾക്ക് മുൻഗണന നൽകുന്നത് പ്രയോജനകരമായിരിക്കും. എന്നാൽ, നിറം മാത്രമല്ല നായയെ കളിപ്പാട്ടത്തിലേക്ക് ആകർഷിക്കുന്നത്. വസ്തുവിന്റെ ചലനം, ആകൃതി, മണം തുടങ്ങിയവയും നായയ്ക്ക് അത് കണ്ടെത്താൻ സഹായിക്കുന്നുണ്ട്.

മനുഷ്യരെക്കാൾ നായ്ക്കൾക്ക് മികച്ച കാഴ്ചയുള്ളത് എപ്പോഴാണ്?

നിറങ്ങൾ തിരിച്ചറിയുന്നതിലും കാഴ്ചയുടെ സൂക്ഷ്മതയിലും മനുഷ്യരാണ് നായ്ക്കളെക്കാൾ മുന്നിൽ. മനുഷ്യർ കാണുന്നതുപോലെ വ്യക്തമായ വിശദാംശങ്ങളും പ്രകാശതീവ്രതയിലെ ചെറിയ വ്യത്യാസങ്ങളും നായ്ക്കൾക്ക് തിരിച്ചറിയാൻ കഴിയണമെന്നില്ല. അതുകൊണ്ട് മനുഷ്യരുടെ കാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ നായ്ക്കൾ കാണുന്ന ലോകം അൽപം മങ്ങിയതായിരിക്കാം. എന്നാൽ ചലനങ്ങൾ തിരിച്ചറിയുന്നതിൽ നായ്ക്കൾക്ക് മികച്ച കഴിവുണ്ട്. ചലിക്കുന്ന വസ്തുക്കൾ ശ്രദ്ധിക്കുന്നതിലും കുറഞ്ഞ വെളിച്ചത്തിൽ കാണുന്നതിലും നായ്ക്കളുടെ കാഴ്ച മനുഷ്യരുടേതിനെക്കാൾ മെച്ചപ്പെട്ടതാണ്. സന്ധ്യാസമയത്തും വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും നായ്ക്കൾക്ക് ചുറ്റുപാടുകൾ തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിലാണ് അവയുടെ കണ്ണുകളുടെ ഘടന. ഇരുട്ടിൽ നിറങ്ങൾ തിരിച്ചറിയുന്നതിനെക്കാൾ പ്രധാനപ്പെട്ടത് ചലനങ്ങളും ചുറ്റുപാടുകളും മനസ്സിലാക്കാനുള്ള കഴിവാണ്. ഈ സാഹചര്യങ്ങളിൽ നായ്ക്കളുടെ കാഴ്ചയ്ക്ക് പ്രത്യേക നേട്ടമുണ്ട്.

കാഴ്ചയെക്കാൾ നായ്ക്കൾ വിശ്വസിക്കുന്നത് മൂക്കിനെ!

മനുഷ്യർ ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാൻ പ്രധാനമായും കാഴ്ചയെ ആശ്രയിക്കുമ്പോൾ നായ്ക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയങ്ങളിലൊന്ന് മൂക്കാണ്. നായ്ക്കളുടെ മണക്കാനുള്ള കഴിവ് മനുഷ്യരുടേതിനെക്കാൾ വളരെ കൂടുതലാണ്. ചില പഠനങ്ങൾ പ്രകാരം മനുഷ്യരെക്കാൾ ആയിരം മുതൽ പതിനായിരം മടങ്ങുവരെ മികച്ച ഘ്രാണശേഷി നായ്ക്കൾക്കുണ്ടാകാം. എന്നാൽ, ഈ വ്യത്യാസം എല്ലാ മണങ്ങൾക്കും ഒരുപോലെ ബാധകമല്ല.

ഒരു സ്ഥലത്തെക്കുറിച്ചോ വസ്തുവിനെക്കുറിച്ചോ മറ്റൊരു ജീവിയെക്കുറിച്ചോ നിരവധി വിവരങ്ങൾ മണത്തിലൂടെ നായ്ക്കൾക്ക് മനസ്സിലാക്കാനാകും. അതുകൊണ്ടാണ് മനുഷ്യർക്ക് കാഴ്ചയിൽ എളുപ്പം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യങ്ങളിലും നായ്ക്കൾക്ക് മണത്തിന്റെ സഹായത്തോടെ വസ്തുക്കൾ കണ്ടെത്താനാകുന്നത്. നിറങ്ങൾ തിരിച്ചറിയുന്നതിലെ പരിമിതികളെ ഒരു പരിധിവരെ മറികടക്കാൻ നായ്ക്കളുടെ മികച്ച ഘ്രാണശക്തിയും ചലനങ്ങൾ തിരിച്ചറിയാനുള്ള കഴിവും സഹായിക്കുന്നു.