ഒന്നരക്കോടി രൂപ കൈയിലുണ്ടെങ്കിൽ എന്തു ചെയ്യും? ഒന്നുകിൽ കൊട്ടാരം പോലൊരു വീടു പണിയും. അല്ലെങ്കിൽ ആരുംകൊതിക്കുന്നൊരു കാറു വാങ്ങും. അതുമല്ലെങ്കിൽ ഉലകം ചുറ്റി ജീവിതം അടിപൊളിയാക്കും. അങ്ങനങ്ങനെ ആ കാശു കൊണ്ട് എന്തൊക്കെ ചെയ്യാം അല്ലേ?

To advertise here,

എന്നാൽ അമേരിക്കയിലൊരാൾ കൈയിൽ ഉണ്ടായിരുന്ന ഒന്നരക്കോടി രൂപ എന്തിനാണ് ഉപയോഗിച്ചതെന്നോ? അയാൾ അതുകൊണ്ടൊരു ഫോൺ വാങ്ങി. പുതുപുത്തൻ സംവിധാനങ്ങളുള്ള അടിപൊളി സ്മാർട്ട്ഫോണൊന്നുമല്ല. പിന്നെയോ? വർഷങ്ങൾ പഴക്കമുള്ള ഒരു അറുപഴഞ്ചൻ ലാൻഡ് ഫോൺ. പൊന്നും വിലകൊടുത്തുവാങ്ങാൻ ആ ആക്രി ഫോണിൽ എന്തിരിക്കുന്നു എന്ന് ചിന്തിക്കാൻ വരട്ടെ. ആ ഫോൺ ആരുടേതായിരുന്നു എന്നു കേട്ടാൽ ഈ സംശയം പമ്പ കടക്കും.

ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയായ സാക്ഷാൽ അഡോൾഫ് ഹിറ്റ്ലറുടേതായിരുന്നു ആ ഫോൺ. ലോകത്തെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർ രണ്ടാം ലോക മഹായുദ്ധകാലത്ത് തന്റെ പാളയത്തിൽ ഉള്ളവർക്ക് സന്ദേശങ്ങൾ കൈമാറിയിരുന്നത് ഈ ഫോണിലൂടെ ആയിരുന്നുവത്രേ.

ഒന്നും രണ്ടുമല്ല ഏകദേശം പത്ത് ലക്ഷത്തോളം ആളുകളെ കൊല്ലാനുള്ള സന്ദേശങ്ങൾ ഹിറ്റ്ലർ ഈ ഫോണിലൂടെ കൈമാറിയതായി പറയപ്പെടുന്നു.

ഹിറ്റ്ലറുടെ കാലശേഷം റഷ്യക്കാരനായ ഒരു സൈനികന്റെ കൈയിൽ ഫോൺ എത്തിപ്പെട്ടു. അയാളുടെ ചെറുമകൻ അമേരിക്കയിൽ ഈ ഫോൺ അടുത്തിടെ ലേലത്തിനു വെക്കുകയായിരുന്നു. അങ്ങനെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ ഒന്നരക്കോടി രൂപയ്ക്ക് അത് സ്വന്തമാക്കുകയും ചെയ്തു.

ഹിറ്റ്ലറുടെ നാസിപാർട്ടിയുടെ ചിഹ്നമായ സ്വസ്തികയും അതോടൊപ്പം ഹിറ്റ്ലറുടെ പേരും കൊത്തിവച്ച കടും ചുവപ്പു നിറമുള്ള ഈ ഫോൺ ഹിറ്റ്ലറുടേതല്ല എന്നും ചില ആരോപണങ്ങൾ ഉണ്ട്. സത്യം എന്തായാലും ഒരു അറുപഴഞ്ചൻഫോൺ വിറ്റ് ഒന്നരക്കോടി രൂപ കൊയ്തെടുത്തത് തന്നെ വലിയ കാര്യമല്ലേ.