രാത്രി പകലിനോടോതി, 'നീയെങ്ങിനെ
യിത്ര മനോഹരിയായീ?
എല്ലാവരേയുമുണർത്തുമാ പ്രാർത്ഥന
ചൊല്ലിത്തരാമോയെനിക്കും?
നീ വരുന്നേരമെതിരേൽക്കുവാനെത്ര
യാണു കിളികൾ, മൃഗങ്ങൾ!
പുല്ലുകൾ പോലുമെണീറ്റു നിൽക്കുന്നു നീ,
മന്നിന്നു മന്നൻ, വരുമ്പോൾ.
ജോലിയിൽ മുറ്റും മുഴുകും മുതിർന്നവർ
പാഠങ്ങൾ തേടും കിടാങ്ങൾ.
ആകെയിരമ്പമാണെങ്ങും, തിരക്കായി
വീടിൽ, തെരുവിൽ, ആപ്പീസിൽ
കാടുമുണരുന്നു നാടിനോടൊപ്പമാ
മാനും മുയലും കുരങ്ങും
ഓടുകയായിരതേടിക്കടുവകൾ,
തേടുകയായ് തേൻ കരടി.
കൂടുകൾ വിട്ടു ദൂരേയ്ക്കു പറക്കുന്നു
കാടയും കാക്കയും പുള്ളും.
നീ പിരിയുമ്പോൾ കരഞ്ഞുകരഞ്ഞവർ
കൂടുകൾ തേടുന്നു വീണ്ടും.'
ചൊല്ലീ പകൽ രാത്രിയോടു, 'നീയില്ലെങ്കിൽ
എങ്ങിനെ ഞാനുമുണ്ടാകാൻ?
നിന്നിന്ദ്രജാലത്തിൽ നിന്നെൻ പിറവി; നിൻ
പൊൻകിനാവല്ലേ പകൽ ഞാൻ?
നീയുറക്കുന്നതിനാലേയുണരുന്നു
രാവിലേ പ്രാണിഗണങ്ങൾ.
പേലവവത്സലം നിന്റെ നിലാവിന്റെ
യാരാധകൻ പ്രിയേ ഞാനും.
ജോലിയെടുത്തു തളർന്നോ, രിര തേടി
യോടി മെയ് വാടിയോരെല്ലാം
കൂരിരുൾ വീഴുവാൻ, നിന്മടിത്തട്ടിന്റെ
ശീതളമെത്തയിൽ വീഴാൻ
ക്ഷീണിച്ച കണ്ണുമായ് കാത്തിരിക്കുന്നതു
കാണുന്നു സൂര്യനും ഞാനും.
നിന്റെ നക്ഷത്രങ്ങൾ, നിൻ കുളിർകാറ്റിന്റെ
ചില്ലകൾ, നിന്റെ വിശ്രാന്തി,
നീലവിരലിനാൽ കൂമ്പിയപൂമൊട്ടിൽ,
ലോലമുറങ്ങും തളിരിൽ,
നാളെ വിടരുവാനായിട്ടദൃശ്യയായ്
നീ ചെയ്തിടും മന്ത്രവാദം...
എന്നുമസൂയയെനിക്കു നിൻ ശാന്തിയും
നിന്റെ കാരുണ്യവും കാൺകെ.'
സന്ധ്യ പകലുമിരവുമായുള്ളൊരീ
സല്ലാപം കേട്ടു തുടുത്തൂ;
ഭൂമിയോ, വാനിൻ കവിളത്തൊരുമ്മയാൽ
രാവിനെ സ്വാഗതം ചെയ്തൂ.

To advertise here,