ഒരിക്കൽ ഒരു സന്യാസി വഴിയിൽ ഒരു ആമയെ കണ്ടു. മെല്ലെപ്പോക്കുകാരനായ ആമയെ അയാൾ പിടികൂടി.
കുറേദൂരം നടന്ന് ആറ്റിൻകരയെത്തി. 'എങ്ങനെ അക്കരെ കടക്കും?'
''എന്നെ വെറുതെ വിടാമെങ്കിൽ ഞാൻ പുഴ കടത്താം.'' ആമ പറഞ്ഞു.
സന്യാസി സമ്മതിച്ചു. ആമ അയാളെ പുറത്തിരുത്തി നീന്തി നദി കടത്തി.
പിന്നീട് നദിക്കരയിൽ എത്തുമ്പോഴെല്ലാം അയാൾ ആമപ്പുറത്ത് സഞ്ചരിച്ചു.
ഒരു ദിവസം സന്യാസിയെ ചുമന്ന് പുഴയിലൂടെ നീന്തുമ്പോൾ ആമ ആലോചിച്ചു-'എന്നെ പിടികൂടിയ ഈ മനുഷ്യനോട് ഇങ്ങനെ ചങ്ങാത്തം കൂടുന്നത് ശരിയല്ല.'
നദിയുടെ നടുക്കെത്തിയപ്പോൾ അവൻ പറഞ്ഞു:
''നിന്നെ ഞാൻ ഇവിടെ ഉപേക്ഷിക്കാൻ പോവുകയാണ്. വേണമെങ്കിൽ സ്വയം രക്ഷപ്പെടുക.''
നീന്തലറിയാത്ത സന്യാസി പേടിച്ചുപോയി.
''അതെങ്ങനെ ന്യായമാവും? നമുക്ക് ആരോടെങ്കിലും ചോദിക്കാം.'', അയാൾ പറഞ്ഞു.
അപ്പോൾ ഒരു കുറുക്കൻ നദിക്കരയിൽ ഞണ്ടിനെ പിടിക്കുന്നതു കണ്ടു.
''കുറുക്കച്ചാ... അക്കരെ എത്തിക്കാമെന്നു പറഞ്ഞ് പുറത്തു കയറ്റിയ ആമ എന്നെ നദിയുടെ നടുവിൽ ഉപേക്ഷിക്കുന്നത് ന്യായമാണോ?'', സന്ന്യാസി ചോദിച്ചു.
''ഒരിക്കൽ എന്നെ പിടിച്ചുകൊണ്ടുപോയ ഇയാളെ ഞാനെന്തിന് സഹായിക്കണം?'', ആമ ചോദിച്ചു.
''എന്താണ് നിങ്ങൾ പറയുന്നത്? എനിക്കൊന്നും കേൾക്കുന്നില്ല. അടുത്തു വരൂ.''
കുറുക്കൻ വിളിച്ചുപറഞ്ഞു.
ആമ കുറച്ചുകൂടി നീന്തി. ഇരുവരും ചോദ്യങ്ങൾ ആവർത്തിച്ചു.
''എനിക്കൊന്നും കേൾക്കുന്നില്ല. കുറച്ചു കൂടി അടുത്തേക്കു വരൂ.''
അവർ നീന്തിനീന്തി കരയോടടുത്തു.
''ഇയാൾ എന്നെ പിടികൂടിയതാണ്. നന്മയില്ലാത്ത ഈ മനുഷ്യനെ ഞാനെന്തിന് സഹായിക്കണം?'', ആമ ചോദിച്ചു.
''അക്കരെ എത്തിക്കാൻ പുറത്തു കയറ്റിയിട്ട് നദിയിൽ തള്ളുന്നതു ന്യായമാണോ?''
സന്യാസി ചോദിച്ചു.
''ന്യായം പറയാൻ നിൽക്കാതെ ചാടി രക്ഷപ്പെടാൻ നോക്ക് മണ്ടച്ചാരെ!''
കുറുക്കച്ചൻ സന്യാസിയോടു പറഞ്ഞു.
സന്യാസി വേഗം കരയിലേക്കു ചാടി ഓടിപ്പോയി.
''നീയെന്നെ പറ്റിക്കുകയായിരുന്നോ? നിന്നെയെന്റെ കൈയിൽ കിട്ടും! കാണിച്ചുതരാം!'', ആമ കുറുക്കച്ചനോട് പറഞ്ഞു.
അന്നുമുതൽ ആമ കുറുക്കച്ചനോടു പ്രതികാരം ചെയ്യാൻ തക്കംപാർത്തു നടന്നു. ഒരു ദിവസം കുറുക്കൻ നദിക്കരയിൽ ഞണ്ടിനെ പിടിച്ചുനിൽക്കുമ്പോൾ ആമ മെല്ലെ ചെന്ന് വാലിൽ പിടികൂടി.
''അങ്ങനെ ഒടുവിൽ നിന്നെ കിട്ടി. മുങ്ങിച്ചാകാൻ തയ്യാറായിക്കോ!'', ആമ പറഞ്ഞു.
അതു കേട്ട് കുറുക്കച്ചൻ പൊട്ടിച്ചിരിച്ചു, ''ഏതോ മരത്തിന്റെ വേരിൽ പിടിച്ചിട്ട് എന്റെ വാലാണെന്നും കരുതിയിരിക്കുന്നു; മണ്ടൻ!''
''ങേ! നേരോ?''ആമ വാലിൽനിന്ന് പിടിവിട്ടു. കുറുക്കച്ചൻ അവനെ കളിയാക്കിച്ചിരിച്ചുകൊണ്ട് ഓടിമറഞ്ഞു.
ആമ കൂടുതൽ വാശിയോടെ കുറുക്കച്ചനോട് പ്രതികാരം ചെയ്യാൻ കാത്തിരുന്നു. അവൻ എപ്പോഴും പുഴക്കരയിൽ പാറക്കല്ലു പോലെ പതുങ്ങിക്കിടന്നു; ചിലപ്പോൾ വെള്ളത്തിൽ, ചിലപ്പോൾ കരയിൽ!
പക്ഷേ, കുറുക്കച്ചൻ ഞണ്ടുപിടിക്കാൻ വേറെ കടവു കണ്ടെത്തി. എന്നാലും ധാരാളം ഞണ്ടുകളുള്ള ആ കടവ് അവന് മറക്കാൻ പറ്റുമായിരുന്നില്ല.
ഒരു ദിവസം കുറുക്കച്ചൻ ആ വഴി വന്നു. ആമ അവിടെയെങ്ങാനും ഒളിച്ചിരിക്കുന്നുണ്ടാവുമോ? അതറിയാൻ അവൻ ഒരു സൂത്രം പ്രയോഗിച്ചു.
''പുഴ ഇന്നെന്താണ് ഒന്നും മിണ്ടാത്തത്? സാധാരണ ഞാൻ വരുമ്പോൾ എന്തെങ്കിലും പറയുന്നതാണല്ലോ.'', കുറുക്കച്ചൻ പറഞ്ഞു.
താൻ ഉള്ളതുകൊണ്ടാവും പുഴ മിണ്ടാത്തതെന്ന് ആമ കരുതി.
''എന്തൊക്കെയുണ്ട് കുറുക്കച്ചാ? സുഖം തന്നെയല്ലേ?''
അവൻ 'പുഴയുടെ ശബ്ദത്തിൽ' ചോദിച്ചു.
''എനിക്കു സുഖം തന്നെ! പക്ഷേ, പുഴയ്ക്കെന്താ ഒരു ജലദോഷം പിടിച്ച ആമയുടെ ശബ്ദം!'', കുറുക്കച്ചൻ കളിയാക്കി.
''മണ്ടച്ചാരേ? നീ പതുങ്ങിയിരുന്നോ! ഞാൻ പോണു!''
എന്നും പറഞ്ഞ് കുറുക്കച്ചൻ സ്ഥലംവിട്ടു. ആമ ഇളിഭ്യനായി
ആമകൾ ഇപ്പോഴും കുറുക്കച്ചന്റെ വരവും കാത്ത് പുഴക്കരയിൽ ഒളിച്ചിരിക്കുന്നതു കാണാം! അനക്കമില്ലാത്ത പാറക്കല്ലുപോലെ!
Content Highlights: Engaging Malayalam moral story featuring a sannyasi, a tortoise, and a clever fox, Classic tale of wit, cleverness, and rivalry
Published: 19 Sept 2026, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented