''അമ്മേ അച്ഛാ ഞാന്‍ വരച്ച കാക്കക്കുട്ടനെ നോക്കൂ...''സാരു വലിയ സന്തോഷത്തോടെയാണ് അച്ഛന്റെയും അമ്മയുടെയും അടുത്തെത്തിയത്. സാരു വരച്ച ചിത്രം കണ്ട് അച്ഛന് ചിരിപൊട്ടി... ''ഹ!ഹ മഞ്ഞക്കാക്കയോ!'' മഞ്ഞച്ചിറകുള്ള കാക്കയെ വരച്ചതിന് അച്ഛന്‍ സാരുവിനെ കളിയാക്കി. ''കാക്കയുടെ നിറം കറുപ്പാണെന്ന് നിനക്കറിയില്ലേ?'' അമ്മ അവളോട് കയര്‍ക്കുകയും ചെയ്തു.

To advertise here,

അച്ഛന്റെ കളിയാക്കലും അമ്മയുടെ ശകാരവും കൂടിയായപ്പോള്‍ സാരുവിന്റെ ഉഷാറെല്ലാം പോയി. അവളുടെ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞു. കുഞ്ഞുങ്ങളുടെ കുരുന്നുഭാവനയില്‍ യുക്തി ചികഞ്ഞെടുക്കുന്നവരാണ് മുതിര്‍ന്നവര്‍. ഇത് ചിലപ്പോഴൊക്കെ ദോഷകരമായി മാറിയേക്കാം. ഇക്കാര്യത്തില്‍ അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം...

കുഞ്ഞുങ്ങളുടെ ഭാവനാലോകം വിചിത്രമാണ്. അതിനെ മുതിര്‍ന്നവര്‍ കുട്ടിയുടെ മനസ്സോടെയാണ് അളക്കേണ്ടത്. അവര്‍ വരച്ച ഒരു കൊച്ചു ചിത്രമോ എഴുതിയ ഒരു കുഞ്ഞുകവിതയോ ഒരു വലിയ സമ്മാനം പോലെ കണക്കാക്കുകയാണ് അച്ഛനമ്മമാര്‍ ചെയ്യേണ്ടത്. കിടക്കയ്ക്കരികില്‍ ഒരു മേശയിലോ ചുമരിലോ ആ സമ്മാനം ഒന്നു പതിപ്പിച്ചു വെച്ചു നോക്കൂ. മാതാപിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധയും അംഗീകാരവും ഇഷ്ടപ്പെടുന്നവരാണ് കുഞ്ഞുങ്ങള്‍. കൊച്ചു പ്രോത്സാഹനങ്ങള്‍ തീര്‍ച്ചയായും അവരെ സന്തോഷിപ്പിക്കും. കുട്ടികള്‍ ഭാവനാലോകത്തെ ഇഷ്ടപ്പെടുന്നവരാണ്. അതാണ് കുട്ടിക്കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. വിചിത്രമായ ഭാവനാലോകത്തിന്റെ ഉടമകളായി അവര്‍ വളരട്ടെ. യുക്തിയും യാഥാര്‍ഥ്യബോധവുമുള്ള മുതിര്‍ന്നവരായി വളരും മുന്‍പ് ആ ഭാവനാ ലോകം അവര്‍ ആവോളം ആസ്വദിക്കട്ടെ.