കൂട്ടുകാരോ സമപ്രായക്കാരോ ആയ വ്യക്തികളിൽ നിന്ന് ഒരു കുട്ടിക്ക് ഉണ്ടാകുന്ന വൈകാരികമോ സാമൂഹികമോ ആയ സമ്മർദ്ദത്തെയാണ് പിയർ പ്രഷർ (Peer Pressure) എന്ന് പറയുന്നത്. കൂട്ടായ്മയിൽ മാറ്റിനിർത്തപ്പെടുമോ, ഒറ്റപ്പെട്ടുപോകുമോ അല്ലെങ്കിൽ മറ്റുള്ളവർ കളിയാക്കുമോ എന്ന ഭയം കാരണമാണ് കുട്ടികൾ ഇതിന് വഴങ്ങുന്നത്.

To advertise here,

പിയർ പ്രഷറിന്റെ പ്രധാന രൂപങ്ങൾ

നെഗറ്റീവ് പിയർ പ്രഷർ (Negative Peer Pressure)

  • പഠനത്തിൽ ശ്രദ്ധ കുറയ്ക്കൽ, ക്ലാസ് കട്ട് ചെയ്യൽ.
  • ലഹരിവസ്തുക്കൾ, സിഗരറ്റ്, മദ്യം എന്നിവ പരീക്ഷിക്കാൻ നിർബന്ധിതരാകൽ.
  • സൈബർ ബുല്ലീയിംഗ്, മറ്റുള്ളവരെ കളിയാക്കൽ അല്ലെങ്കിൽ സ്‌കൂൾ നിയമങ്ങൾ തെറ്റിക്കൽ.
  • സോഷ്യൽ മീഡിയ ട്രെൻഡുകൾക്ക് പിന്നാലെ ഓടി അനാവശ്യ കാര്യങ്ങൾ ചെയ്യൽ.

പോസിറ്റീവ് പിയർ പ്രഷർ (Positive Peer Pressure)

  • കൂട്ടുകാർ നന്നായി പഠിക്കുന്നത് കണ്ട് കൂടുതൽ പഠിക്കാൻ പ്രേരണ തോന്നൽ.
  • സ്പോർട്സ്, ആർട്ട്, വായന തുടങ്ങിയ നല്ല ശീലങ്ങളിൽ പങ്കാളികളാകൽ.
  • സഹജീവികളെ സഹായിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും പ്രചോദനം ലഭിക്കൽ.

കുട്ടികളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ
ആത്മവിശ്വാസക്കുറവ്:
സ്വന്തം വ്യക്തിത്വം മറന്ന് മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുമ്പോൾ സ്വന്തം കഴിവിൽ വിശ്വാസമില്ലാതാകുന്നു.

മാനസിക സമ്മർദ്ദം: കൂട്ടത്തിൽ ഉൾപ്പെടാൻ നിരന്തരം ശ്രമിക്കുന്നത് വലിയ തോതിലുള്ള ഉത്കണ്ഠയ്ക്ക് കാരണമാകുന്നു.

സ്വഭാവ മാറ്റങ്ങൾ: പെട്ടെന്ന് പ്രകോപിതരാവുക, വീട്ടുകാരോട് കാര്യങ്ങൾ മറച്ചുവെക്കുക, പഠനത്തിൽ പിന്നാക്കം പോകുക.

നൽകാം പിന്തുണ

നോ (NO) എന്ന് പറയാൻ പഠിപ്പിക്കുക: ഇഷ്ടമില്ലാത്തതോ തെറ്റായതോ ആയ കാര്യങ്ങളോട് ഉറച്ച ശബ്ദത്തിൽ 'നോ' പറയാൻ കുട്ടികളെ പ്രാപ്തരാക്കുക.

ഓപ്പൺ കമ്മ്യൂണിക്കേഷൻ (Open Communication): കുട്ടികൾക്ക് ഭയമില്ലാതെ കാര്യങ്ങൾ തുറന്നുപറയാൻ വീട്ടിൽ സൗഹൃദപരമായ അന്തരീക്ഷം ഉറപ്പാക്കുക.

സ്വന്തം മൂല്യങ്ങൾ വളർത്തുക: മറ്റുള്ളവരുടെ അംഗീകാരമല്ല, സ്വന്തം ശരികളാണ് പ്രധാനം എന്ന ബോധം കുട്ടികളിൽ വളർത്തുക.

നല്ല സൗഹൃദങ്ങൾ പ്രോത്സാഹിപ്പിക്കുക: കുട്ടിയുടെ കൂട്ടുകാരെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കുകയും നല്ല സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.