ചെരുപ്പുവാങ്ങിയപ്പോൾ കിട്ടിയ കാർഡ് ബോഡ് പെട്ടി അമ്മ ഒഴിഞ്ഞ പറമ്പിലേക്ക് വലിച്ചെറിയുന്നത് മിലൻ കണ്ടു. അവൻ ഓടിച്ചെന്ന് ആ പെട്ടി കൈയിലെടുത്തു. പിന്നീട് വെട്ടിയും ഒട്ടിച്ചും പല നിറങ്ങൾ കൊടുത്തും മിലൻ ആ കാലിപ്പെട്ടിയെ ഒരു ചെറു വണ്ടിയാക്കി മാറ്റി. പാഴ്‌വസ്തുക്കളെ ഉപയോഗപ്രദമാക്കുന്ന ഈ മാജിക് കുഞ്ഞുങ്ങളിൽ കൗതുകം ഉണർത്തുമെന്ന കാര്യത്തിൽ തർക്കമില്ല. പുനരുപയോഗം എന്ന ഈ കല കുഞ്ഞുങ്ങൾക്ക് ഒന്ന് പകർന്നു കൊടുത്താലോ. ഇതു കൊണ്ടുള്ള നേട്ടങ്ങളും ചെറുതല്ല.

To advertise here,

വേണ്ടാത്തതെല്ലാം വലിച്ചെറിയാനുള്ളതല്ല എന്ന പാഠം കുഞ്ഞുങ്ങൾക്കു പകർന്നു കൊടുക്കാനുള്ള എളുപ്പ വഴിയാണിത്.

മിഠായിക്കവറിൽ നിന്ന് ചെറുപാവകളെയും തീപ്പെട്ടിക്കൂടുകൾ കൊണ്ട് ചെറുവണ്ടികളും ഉണ്ടാക്കിക്കൊടുക്കാൻ രക്ഷിതാക്കൾ ഒന്നു ശ്രമിച്ചു നോക്കൂ. ഓട്ടവും ചാട്ടവും ഒട്ടൊന്നു കുറച്ച് അല്പനേരത്തേക്കെങ്കിലും കുഞ്ഞുങ്ങളെ അടക്കിയിരുത്താനും ഇതിലൂടെ കഴിയും.

പാഴ്‌വസ്തുക്കളിൽ നിന്നും ചന്തമുള്ളതെന്തെങ്കിലും ഉണ്ടാക്കിയെടുക്കുന്ന ഈ രസകരമായ വിനോദത്തിൽ അവരുടെ കൂട്ടുകാരെയും പങ്കാളികളാക്കാം. ഒഴിഞ്ഞ കവറുകളും കാർഡ്ബോഡ് പെട്ടികളും പ്ലാസ്റ്റിക് കുപ്പികളുമൊക്കെ അവർക്ക് നൽകാം. ഭാവനയ്ക്കനുസരിച്ച് അവർ അതിൽ നിന്നും എന്തും ഉണ്ടാക്കട്ടെ. മുതിർന്നവരുടെ മേൽനോട്ടവും അഭിനന്ദനവും ഇക്കാര്യത്തിൽ വേണമെന്നു മാത്രം.

കടലാസുകളും കവറുകളുമൊക്കെ മുറിക്കുമ്പോഴും മറ്റും അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണേ.

പുനരുപയോഗം എന്ന വലിയ ആശയം കുഞ്ഞുങ്ങളുടെ മനസ്സിൽ എത്തിക്കുന്നതിലൂടെ പാഴ്‌വസ്തുക്കളുടെ ഭാരമില്ലാതെ ഭൂമിയെ കൂടുതൽ സുന്ദരമാക്കാനാകും എന്നോർക്കുക.