കൂട്ടുകാർക്ക് ചിത്രം വരയ്ക്കാൻ ഇഷ്ടമല്ലേ? ബോറടിച്ചിരിക്കുമ്പോൾ ഡൂഡിൽ ചിത്രങ്ങൾ വരച്ച് പരിശീലിക്കാനുള്ള ഒരു കിടിലൻ വെബ്‌സൈറ്റ് പരിചയപ്പെട്ടാലോ? രസകരമായ ചിത്രങ്ങൾ വരച്ചുനോക്കാൻ നമ്മെ സഹായിക്കുന്ന A.I മാഷാണ് ഗൂഗിളിന്റെ Quick Draw. മാഷിന്റെ നിർദേശങ്ങൾ അനുസരിച്ച് ചുമ്മാ അങ്ങ് വരച്ച് തുടങ്ങിയാൽ മതി, ചുരുങ്ങിയ കാലം കൊണ്ടുതന്നെ നമ്മൾക്ക് അടിപൊളി ഡൂഡിലുകൾ വരക്കാൻ സാധിക്കും.

To advertise here,

ഇതാ ലിങ്ക്
https://quickdraw.google.com വഴി നമുക്ക് ഈ വെബ്‌സൈറ്റിൽ എത്താം. അപ്പോൾ വെള്ള നിറത്തിലുള്ള കുറച്ച് ഡൂഡിൽ ചിത്രങ്ങൾ നമ്മെ സ്വാഗതം ചെയ്യും.
അവിടെ Let's draw എന്ന ഭാഗത്ത് ടച്ച് ചെയ്താൽ നമുക്ക് വര തുടങ്ങാം..

മാഷ് പറയുന്നത് കേൾക്കണം!
20 സെക്കന്റ് സമയമാണ് നമുക്കുള്ളത് അതായത് നമ്മൾ 20 വരെ എണ്ണാനെടുക്കുന്ന സമയം. അതിനുള്ളിൽ മാഷ് പറയുന്ന ചിത്രം നമ്മൾ വരക്കണം.. ഇതാണ് ടാസ്‌ക്. വെറുതേ വരച്ചാൽ മാത്രം പോരാ നമ്മൾ വരയ്ക്കുന്ന ചിത്രം മാഷിന് മനസിലാവുകയും വേണം.

മാഷ് മാർക്ക് തരും 
6 ചിത്രങ്ങളാണ് ഒരു സെറ്റിൽ ഉണ്ടാവുക. ആറെണ്ണവും വരച്ചാൽ നമുക്ക് വരച്ച ചിത്രങ്ങളെല്ലാം കാണാൻ കഴിയും. നമ്മൾ എത്ര നന്നായി വരച്ചു എന്നും A.I മാഷിന് അത് ഇഷ്ടമായോ എന്നും കാണാം. 

ഇനിയാണ് ട്വിസ്റ്റ്!
നമ്മൾ വരച്ച ചിത്രങ്ങൾ മറ്റുള്ളവർ എങ്ങനെയാണ് വരച്ചത് എന്നും നമുക്ക് കാണാൻ കഴിയും. നമ്മൾ വരച്ച ഒരു പൂച്ചയുടെ ചിത്രം പോലെയാവില്ല, മറ്റുകുട്ടികൾ വരച്ചത്. ഇതുവഴി നമ്മുടെ ചിത്രത്തിൽ വരുത്തേണ്ട മാറ്റങ്ങളും നമുക്ക് മനസിലാക്കാം. ഇതൊന്നുമല്ലാതെ മറ്റൊരു സർപ്രൈസും ഉണ്ട്. A.I മാഷിന് നമ്മുടെ ചിത്രം ഇഷ്ടപ്പെട്ടാൽ അത് മറ്റുള്ളവർക്ക് കാണാനായി മാഷ് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യും.

സ്ഥിരമായി പരിശീലിച്ചാൽ ചെറിയ ഡൂഡിലുകൾ സിംപിളായും വേഗത്തിലും വരയ്ക്കാൻ നമുക്ക് കഴിയും. നമ്മൾ വരച്ച ചിത്രങ്ങൾ ഫേസ്ബുക്ക് വഴി ഷെയർ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. 

Quick Draw എന്ന ഡൂഡിൽ മാഷിനെ ഇഷ്ടമായാൽ കൂട്ടുകാർക്കും പറഞ്ഞുകൊടുക്കണേ..