വിസ്മയ ഓടിക്കിതച്ച് ക്ലാസിലെത്തിയത് കണ്ടപ്പോൾ രോഹിതയ്ക്ക് ചിരിവന്നു. ഇന്ന് ഗീതാനന്ദൻ മാഷോട് കണക്കിന് കിട്ടും. കഴിഞ്ഞദിവസം പരിസ്ഥിതിയെക്കുറിച്ച് രണ്ട് പാരഗ്രാഫ് എഴുതിക്കൊണ്ടുവരാൻ മാഷ് പറഞ്ഞ കാര്യം ചെയ്യാൻ പറ്റിയില്ലെന്ന് അവൾ കാലത്ത് തന്നോട് പറഞ്ഞതാണ്. തന്റെ വീടിനുമുന്നിലുള്ള നിരത്തിലൂടെയാണ് ഒരു പക്ഷിക്കുഞ്ഞിനെയുംകൊണ്ട് അവൾ മൃഗാശുപത്രിയിലേക്ക് കാലത്തുതന്നെ ഓട്ടോയിൽ പോയത്. അവളോടൊപ്പം അവളുടെ അനിയനുമുണ്ടായിരുന്നു.
''അതിനെ അവിടേടെങ്കിലും ഇട്ട് സ്‌കൂളിൽപ്പോട് പെണ്ണേ...'', കാര്യമറിഞ്ഞപ്പോൾ തന്റെ അമ്മ, ഒരകന്ന ബന്ധുകൂടിയായ അവളോട് അങ്ങനെയായിരുന്നു പറഞ്ഞത്.
അതുകേട്ട അവൾ ''വരട്ടെ'' എന്നുപറഞ്ഞ് ഓട്ടോക്കാരൻ അനിലേട്ടനെ നോക്കി.
''ആ പെണ്ണിന് പ്രാന്താ!'' ഓട്ടോ അകന്നുപോകുന്നത് നോക്കി അമ്മ പറഞ്ഞു.
അതുകേട്ട് ഒരു മൂളിപ്പാട്ടോടെ കുളിക്കാൻ പോകുകയായിരുന്നു രോഹിത.
മൃഗാശുപത്രിയിൽനിന്ന് വീണ്ടും വീട്ടിൽപ്പോയി വരുമ്പോഴേക്കും സമയം വൈകിയിരിക്കും. പരിസ്ഥിതിയെക്കുറിച്ച് എഴുതാനൊന്നും അവൾക്ക് സമയം കിട്ടിയിട്ടുണ്ടാവില്ല. ഇന്ന് ഗീതാനന്ദൻ മാഷോട് ചീത്തകേൾക്കും. ചെലപ്പം ചൂരലെടുത്ത് രണ്ട് പെടയും. എന്തായാലും വൈകുന്നേരം വീട്ടിൽപ്പോയി പറയുമ്പോൾ അമ്മയ്ക്ക് ചിരിക്കാൻ വകയായി. അവളോർത്തു.
''ഇതാര് വിസ്മയയോ?'', ഗീതാനന്ദൻ മാഷിന്റെ ചോദ്യമാണ് രോഹിതയെ ചിന്തയിൽനിന്നുണർത്തിയത്.
''പരിസ്ഥിതിയെക്കുറിച്ച് എഴുതിയോ?,'' പരുങ്ങലോടെ നിൽക്കുന്ന വിസ്മയയെ നോക്കി മാഷ് ചോദിച്ചു.
''ഇല്ല മാഷേ,'' വിസ്മയ വിനയത്തോടെ പറഞ്ഞു.
''എന്തുകൊണ്ട്?,'' ഗീതാനന്ദൻ മാഷ് തന്റെ താടിയുഴിഞ്ഞുകൊണ്ട് ചോദിച്ചു.
''സമയം വൈകിപ്പോയി, മൃഗാശുപത്രിയിൽ പോയിരുന്നു.''
''എന്തിന്?'', മാഷ് കൗതുകത്തോടെ ചോദിച്ചു.
''അവൾക്ക് പനിയാ...'', ക്ലാസിൽനിന്ന് ആരോ തമാശ പറഞ്ഞു.
ഗീതാനന്ദൻ മാഷ് കൈയുയർത്തി നിശ്ശബ്ദരാകാൻ ആംഗ്യംകാണിച്ചു. ശേഷം ക്ലാസിലേക്ക് തിരിഞ്ഞുനിന്ന് ഒരു കാര്യം പറഞ്ഞു:
''നമുക്കൊക്കെ വളരെ അഭിമാനകരമായ ഒരു കാര്യം ചെയ്യാൻവേണ്ടിയാണ് വിസ്മയ വൈകിയത്. എന്താന്നറിയോ? വീടിന്റെ മുറ്റത്ത് മുറിവേറ്റുവീണ ഒരു പക്ഷിക്കുഞ്ഞിനെ പരിചരിക്കുകയും മൃഗാശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്ത് തിരിച്ച് വീട്ടിലെത്തിയതിനുശേഷമാണ് സ്‌കൂളിലേക്ക് വരുന്നത്. നല്ല കാര്യമല്ലേ?''
ഗീതാനന്ദൻ മാഷിന്റെ ചോദ്യത്തിന് മറുപടിയായി നീണ്ട കരഘോഷമുണ്ടായി.
ഗീതാനന്ദൻ മാഷ് തുടർന്നു:
''അവിടുത്തെ ഡോക്ടർ സജീവൻ എന്റെ സുഹൃത്താണ്. സജീവനാണ് വിളിച്ച് വിസ്മയയുടെ കാര്യം പറഞ്ഞത്. സമയം വൈകുമെന്ന അവളുടെ പേടിയും ഡോക്ടർ എന്നെ അറിയിച്ചിരുന്നു. വിസ്മയയാണ് നമ്മുടെ ഇന്നത്തെ മാതൃക. എഴുതാൻ മാത്രമല്ല, അത് പ്രാവർത്തികമാക്കാനും നമുക്ക് കഴിയണം. വിസ്മയ നമ്മുടെ അഭിമാനമാണ്.''
''അടുത്ത ഞായറാഴ്ച വിസ്മയയുടെ പക്ഷിക്കുഞ്ഞിനെ കാണാൻ താത്പര്യമുള്ളവർക്ക് അവളുടെ വീട്ടിൽ പോകാം'' എന്നുള്ള ഗീതാനന്ദൻ മാഷിന്റെ അറിയിപ്പുകേട്ട് രോഹിതയുടെ കണ്ണുനിറഞ്ഞു.
Content Highlights: Vismaya misses her homework because she rescues an injured baby bird.
Published: 09 Sept 2026, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented