പണ്ടുപണ്ട്, മനോഹരമായ മണിപ്പുരിന്റെ താഴ്വരയിൽ ആകാശത്തിലെ രാജകുമാരികളായ ഏഴ് സഹോദരിമാർ ജീവിച്ചിരുന്നു.
ഓരോ പൗർണമിരാത്രിയും അതിനോടടുത്ത ദിനങ്ങളിലും അവർ ഭൂമിയിൽ ഇറങ്ങി ഒരു ശാന്തമായ പുൽമേടിൽ നൃത്തംചെയ്തുപോന്നു. രാജകുമാരിമാരുടെ നൃത്തത്തിൽ, മുഴുവൻ പുൽമേടും വെള്ളിത്തിളക്കത്തിൽ മിന്നിക്കുളിച്ചങ്ങനെ നിൽക്കും!
വെട്ടിത്തിളങ്ങുന്ന ഉടുപ്പിന്റെ കൂടെ അവർ ധരിച്ചിരുന്നത് മൃദുവായ മേഘങ്ങൾകൊണ്ടുള്ള മാന്ത്രികച്ചേലയായിരുന്നു. എന്നും നൃത്തത്തിനുശേഷം അവർ ചേല അടുത്തുള്ള തടാകക്കരയിൽ ഒളിപ്പിച്ചുവയ്ക്കും.
ഒരു രാത്രി, ഖുമാനെന്ന് പേരുള്ള ഒരു യുവാവ് ഈ രാജകുമാരിമാരെ ഒരു മരത്തിന്റെ പിന്നിൽനിന്ന് കാണാനിടയായി. അവരുടെ സൗന്ദര്യവും സുന്ദരമായ ചലനങ്ങളും കണ്ടപ്പോൾ അവൻ അദ്ഭുതപ്പെട്ടു. എന്നാൽ അവന്റെ ശ്രദ്ധ ഉടക്കിയത് കൂട്ടത്തിലെ ഏറ്റവും ഇളയ രാജകുമാരിയിലാണ്. അവൾ വളരെ പതിഞ്ഞ താളത്തിലും നാണത്തോടെയുമാണ് നൃത്തംചെയ്യുന്നത്.
ഖുമാൻ അവളോട് സംസാരിക്കാൻ ആഗ്രഹിച്ചു, പക്ഷേ, അവനെ കണ്ടാൽ അവർ എല്ലാവരും ആകാശത്തേക്ക് പറന്നുപോകുമെന്ന് അവനറിയാമായിരുന്നു. അതിനാൽ, അവൻ ഒരു പദ്ധതി ഒരുക്കി.
അടുത്ത രാത്രിയിൽ, അവർ വരുന്നതിന് മുൻപ്, ഏറ്റവും ഇളയ രാജകുമാരിയുടെ മാന്ത്രികച്ചേല അവൻ സൂത്രത്തിൽ ഒളിപ്പിച്ചുവെച്ചു.
നൃത്തംചെയ്യാനുള്ള ആവേശത്തിൽ ആരും ഇളയകുമാരിയുടെ ചേലയെപ്പറ്റി ഓർത്തില്ല. നൃത്തം കഴിഞ്ഞപ്പോൾ, ബാക്കിയുള്ള ആറ് സഹോദരിമാർ ആകാശത്തിലേക്ക് പറന്നുപോവുകയും ചെയ്തു. പക്ഷേ, ഇളയ രാജകുമാരിക്ക് പറക്കാൻ കഴിഞ്ഞില്ല. അവൾ ആകെ വിഷമത്തിലായി.
ഖുമാൻ മരങ്ങൾക്കിടയിൽനിന്ന് പുറത്തുവന്ന് പറഞ്ഞു:
''ഭയപ്പെടേണ്ട, നിന്റെ ചേല കിട്ടുന്നതുവരെ എന്റെ വീട്ടിൽ താമസിക്കാം.''
കാലം കടന്നുപോയി. അവർ നല്ല സുഹൃത്തുക്കളായി. ഖുമാൻ അവളെ മണിപ്പുരിലെ പുഷ്പങ്ങളും നദികളും കുന്നുകളും കാണിച്ചു. പതിയെ രാജകുമാരി ഈ നാടിനെയും ഖുമാനെയും സ്‌നേഹിക്കാൻ തുടങ്ങി.
ഒരുദിവസം, ഖുമാൻ അവളുടെ മാന്ത്രികച്ചേല തിരികെ നൽകിക്കൊണ്ട് പറഞ്ഞു:
''കുമാരി, എന്നോട് ക്ഷമിക്കണം. ഇതാ കാണാതായ ചേല. കുമാരിയോട് കൂട്ടുകൂടാൻവേണ്ടി ഞാനാണ് ഇതൊളിപ്പിച്ചത്. കുമാരിക്ക് ഇനി ആകാശത്തേക്ക് മടങ്ങാം.'' തന്റെ മനസ്സ് വിഷമിച്ചാണെങ്കിലും ഖുമാൻ രാജകുമാരിക്ക് വിടനൽകാൻ ഒരുങ്ങി.
രാജകുമാരി ആകാശത്തേക്ക് നോക്കി, പിന്നെ ഖുമാനെ നോക്കി പുഞ്ചിരിച്ചു:
''ആകാശം മനോഹരമാണ്, പക്ഷേ, ശേഷിച്ച കാലം നിന്നോടൊപ്പം ഈ സുന്ദരമായ ഭൂമിയിൽ ജീവിക്കാനാണ് എനിക്കിഷ്ടം.'' അങ്ങനെ രാജകുമാരി ഭൂമിയിൽതന്നെ കഴിയാൻ തീരുമാനിച്ചു.
അന്നുമുതൽ അവർ താഴ്വരയിൽ സന്തോഷത്തോടെ ജീവിച്ചു.
ഇന്നും ചില പൗർണമിരാത്രികളിൽ, മണിപ്പുരിലെ വീടുകളുടെ മേലെ തണുത്തുറഞ്ഞ കോടമഞ്ഞിനോടൊപ്പം ഒരു മൃദുവായ മേഘം വന്നുനിൽക്കുമത്രേ. ആകാശത്തിലെ ആറ് രാജകുമാരിമാർ ഇന്നും തങ്ങളുടെ കൂടപ്പിറപ്പിനെ തിരയുന്നതാണിതെന്ന് മണിപ്പുരുകാർ വിശ്വസിക്കുന്നു.
Content Highlights: manipuri folktale, bedtime story
Published: 29 Sept 2025, 12:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented