ഗധയിലെ രാജകുമാരനായിരുന്നു മഹാപത്മൻ. ഒരിക്കൽ രാജകുമാരന് കുതിരസവാരി പഠിക്കണമെന്ന് തോന്നി. അതിനായി കുമാരൻ പ്രസിദ്ധനായ ഒരു ഗുരുവിന്റെ അടുത്തെത്തി. ധ്യാനാനന്ദൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. വൈകാതെ ഗുരു വലിയൊരു കുതിരയുടെ പുറത്ത് കുമാരനെ കയറ്റിയിരുത്തി. പക്ഷേ, കുതിര ദേഹം ഒറ്റക്കുടയൽ! കുമാരൻ തെറിച്ച് നിലത്തുവീണു!

To advertise here,

''സാരമില്ല!'', ഗുരു ആശ്വസിപ്പിച്ചു. എന്നിട്ട് മഹാപത്മനെ വീണ്ടും കുതിരപ്പുറത്തുകയറ്റി. അപ്പോഴും കുതിര കുമാരനെ കുടഞ്ഞു താഴെയിട്ടു.

''ഹും! എനിക്ക് കുതിരസവാരി പഠിക്കേണ്ട!'', ക്ഷമകെട്ട കുമാരൻ തിരിച്ചുപോകാനൊരുങ്ങി.

അപ്പോൾ ഗുരു സ്‌നേഹത്തോടെ പറഞ്ഞു: ''കുതിരപ്പുറത്തുയാത്ര ചെയ്യണമെങ്കിൽ ആദ്യം കുതിരയെ മെരുക്കണം! അതിന് കുതിരയുടെ സ്‌നേഹവും വിശ്വാസവും നേടുകയേ വഴിയുള്ളൂ.'' ഒരുകാര്യം കൂടി അദ്ദേഹം ഓർമിപ്പിച്ചു: ''കുറച്ചു കാലത്തിനുശേഷം ഈ രാജ്യം ഭരിക്കേണ്ട ആളാണ് നീ. ജനങ്ങളെ നയിക്കണമെങ്കിലും ആദ്യം അവരുടെ സ്‌നേഹവും വിശ്വാസവും നേടണം. ക്ഷമയില്ലാതെ ഒരു കാര്യവും സാധിക്കാനാവില്ല.'' അപ്പോഴാണ് കുമാരന് തന്റെ തെറ്റുമനസ്സിലായത്. അതോടെ മഹാപത്മൻ ക്ഷമയോടെ കുതിരസവാരി പഠിക്കാൻ തുടങ്ങി.