കൊയ്ത്തുകഴിഞ്ഞു കിടക്കുന്ന പുഞ്ചപ്പാടത്ത് മേഞ്ഞു നടക്കുകയായിരുന്നു പാവം പൂവാലിപ്പശു. കുറെ നേരം പുല്ല് തിന്നുനടന്നപ്പോൾ പൂവാലിപ്പശുവിന് വല്ലാത്ത ദാഹം തോന്നി. പൂവാലിപ്പശു മെല്ലെ നടന്ന് പുഴക്കരയിലെത്തി. പുഴയോരത്ത് ധാരാളം ഞണ്ടുകൾ പാർത്തിരുന്നു. പൂവാലിപ്പശു പുഴയിലിറങ്ങി മതിയാവോളം വെള്ളംകുടിച്ചു. പുല്ലുതിന്ന് വിശപ്പും മാറി, വെള്ളം കുടിച്ച് ദാഹവും മാറിക്കഴിഞ്ഞപ്പോൾ പൂവാലിപ്പശു വിചാരിച്ചു: 'ഇനി, ഈ പുഴക്കരയിൽ കിടന്ന്, അല്പം വിശ്രമിച്ചിട്ട് വീട്ടിൽ പോകാം. വല്ലാത്ത ക്ഷീണം!' പൂവാലിപ്പശു പുഴയോരത്തെ പൂഴിമണ്ണിൽ കിടന്നു.

To advertise here,

ഉച്ചനേരത്ത് പുഴവക്കത്തെ അത്തിമരക്കൊമ്പിൽ വിശ്രമിക്കുകയായിരുന്നു കൊക്കമ്മാവൻ. കൊക്കമ്മാവൻ വേഗം പൂവാലിപ്പശുവിന്റെ അടുത്ത് പാറിവന്ന് പറഞ്ഞു:

''പൂവാലിപ്പശുവേ, പൂവാലിപ്പശുവേ

ഞാനെന്റെ നീണ്ടൊരു കൊക്കുകൊണ്ട്

നിന്റെ മേലോടുന്ന പ്രാണികളെ

കൊത്തിയെടുത്ത് കഴിച്ചിടട്ടേ?''

കൊക്കമ്മാവനും സന്തോഷമായി. കൊക്കമ്മാവൻ പൂവാലിപ്പശുവിന്റെ പുറത്ത് കയറിയിരുന്ന്, പ്രാണികളെ തന്റെ നീണ്ട കൊക്കുകൊണ്ട് കൊത്തിയെടുത്തുതിന്നാൻ തുടങ്ങി.

പാവം പൂവാലിപ്പശുവാകട്ടെ ക്ഷീണംകൊണ്ട് വേഗം ഉറങ്ങിപ്പോയി. അപ്പോഴാണ് പുഴക്കരയിലെ താമസക്കാരനായ ഞണ്ടാശാൻ അതുവഴി വന്നത്. പൂവാലിപ്പശുവിനെ കണ്ടപ്പോൾ ഞണ്ടാശാന് കലശലായ ദേഷ്യം വന്നു. ഞണ്ടാശാൻ പറഞ്ഞു:

''എന്റെ മടയ്ക്കു മുൻപിൽ ഒരു കൂസലില്ലാതെയുറങ്ങുന്ന, ധിക്കാരിപ്പൂവാലീ ഞാനിന്ന്, നിന്നെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്!'' അഹങ്കാരിയായ ഞണ്ടാശാൻ ഞൊടിയിടയിൽ പാവം പൂവാലിപ്പശുവിന്റെ വാലിൽ കടിച്ചു പിടിച്ചു.

പൂവാലിപ്പശു ഞെട്ടിയുണർന്ന് വേദനകൊണ്ടുപുളഞ്ഞു. ഞണ്ടാശാനോടു പൂവാലിപ്പശു താഴ്മയായി പറഞ്ഞു:

''ഞണ്ടാശാനേ, ഞണ്ടാശാനേ!

എന്നെയൊന്നും ചെയ്യല്ലേ!

ക്ഷീണമകറ്റാൻ മോഹിച്ച്

തെല്ലിട നേരമിരുന്നൂ ഞാൻ!''

അഹങ്കാരിയായ ഞണ്ടാശാനുണ്ടോ കടിവിടുന്നു? പൂവാലിപ്പശു ഉറക്കെ കരഞ്ഞു. പ്രാണികളെ കൊത്തിത്തിന്ന് ദൂരെ അത്തിമരക്കൊമ്പിൽ വിശ്രമിക്കുകയായിരുന്നു കൊക്കമ്മാവൻ. പൂവാലിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടമാത്രയിൽ കൊക്കമ്മാവൻ തന്റെ ചിറകുവീശിയടിച്ച് പറന്നെത്തി.

കൊക്കമ്മാവൻ തന്റെ കൂർത്ത ചുണ്ടുകൊണ്ട് ഞണ്ടാശാനെ ഒറ്റക്കൊത്തിനു വായിലാക്കി. പിന്നെ ദൂരേക്ക് ഒറ്റ ഏറ്. പൂവാലി കൊക്കമ്മാവന് നന്ദി പറഞ്ഞു.