തക്കുടു ആനയ്ക്ക് തുമ്മലാണ്. രാവിലെ എഴുന്നേറ്റാലുടൻ തുടങ്ങും തുമ്മൽ. അവന്റെ തുമ്മൽ മാറാൻ അച്ഛൻആന കാണിക്കാത്ത വൈദ്യൻമാരില്ല. ഒരുദിവസം എങ്ങാണ്ടുനിന്നോ ഒരു കൊക്കമ്മാവൻ വന്നു. ആള് പേരുകേട്ട വൈദ്യനാണത്രേ. തക്കുടുവിനെ പരിശോധിച്ച കൊക്കമ്മാവൻ പറഞ്ഞു: “വെള്ളാരങ്കല്ലുകൾക്കിടയിൽ മുളച്ചുനിൽക്കുന്ന മുയൽച്ചെവിയൻ ഇടിച്ചുപിഴിഞ്ഞ് രാവിലെയും രാത്രിയും കഴിച്ചാൽ മതി!” മുയൽച്ചെവിയൻ ഒരു മരുന്നുചെടിയാണ്. അത് കാട്ടിൽ പലയിടത്തുമുണ്ട്. പക്ഷേ, വെള്ളാരങ്കല്ലിനിടയിൽ മുളച്ച മുയൽച്ചെവിയൻ മാത്രം ആരും കണ്ടില്ല. തക്കുടുവിന് ആകെ സങ്കടമായി.
“തുമ്മിത്തുമ്മി മടുത്തല്ലോ
വയ്യാതായിത്തീർന്നല്ലോ
വെള്ളാരങ്കൽ കണ്ടാലവിടെ
മുയൽച്ചെവി മാത്രം കാണില്ല!” 

ഇങ്ങനെ പാടിപ്പാടി തക്കുടു ദിവസങ്ങൾ തള്ളിനീക്കി.

To advertise here,

ഒരുദിവസം തക്കുടുവിനെ കാണാൻ ചങ്ങാതി കുക്കുടു ഉറുമ്പ് വന്നു. കുക്കുടുവിനോട് തന്റെ സങ്കടങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് തക്കുടുവിന് തുമ്മൽ വന്നത്. ‘ഹാച്ചീ...’ തക്കുടു ആഞ്ഞൊന്നുതുമ്മി. തുമ്മലിന്റെ ശക്തിയിൽ പാവം കുക്കുടു ദൂരേക്ക് തെറിച്ചുവീണു. “അയ്യയ്യോ...” “ഠപ്പേ!” എന്ന് എവിടെയോ തലയിടിച്ചാണ് കുക്കുടു വീണത്. വീണപ്പോൾ തന്നെ ബോധം പോയി. കുറേ കഴിഞ്ഞ് കണ്ണുതുറന്നുനോക്കിയപ്പോൾ തലയ്ക്ക് നല്ല വേദന. അപ്പോഴാണ് അവനാ കാഴ്ച കണ്ടത്. സന്തോഷം കൊണ്ട് അവന്റെ കണ്ണുനിറഞ്ഞു. അവൻ വീണ കുറ്റിക്കാട്ടിൽ അതാ വെള്ളാരങ്കല്ലുകൾക്കിടയിൽ മുളച്ചുനിൽക്കുന്നു മുയൽച്ചെവിയൻ. അവൻ ചുറ്റും നോക്കി. എങ്ങോട്ടോ തിരക്കിട്ട് പറക്കുകയായിരുന്ന കാക്കച്ചിയോട് അവനാ വിവരം പറഞ്ഞു. താമസിയാതെ തക്കുടുവും അച്ഛനാനയും അമ്മയാനയും ചങ്ങാതിമാരുമെല്ലാം അവിടെക്കെത്തി. അവർ മുയൽച്ചെവി പറിച്ച് നീരുണ്ടാക്കി. അത് തക്കുടു കുടിച്ചു. കുറച്ച് കുക്കുടുവിന്റെ തലയിലും പുരട്ടി. അതോടെ രണ്ടുപേരുടേയും പ്രശ്‌നം മാറി. ഒറ്റതുമ്മൽ പോലും വരാതെ തക്കുടു എബിസിഡി മുഴുവൻ പറഞ്ഞു. അതുകേട്ട് കുക്കുടു തലകുലുക്കിച്ചിരിച്ചു.
“തക്കുടുവും കുക്കുടുവും
നല്ല ഫ്രണ്ട്‌സാണേ
എന്നുമെന്നും കൂട്ടുകാരാ
നല്ല കുട്ട്യോളാ!”