വെള്ളം വറ്റാത്ത ഒരു കുളമുണ്ടായിരുന്നു കാട്ടിൽ. മൃഗങ്ങളെല്ലാം ആ കുളത്തിലെ വെള്ളം കുടിച്ചു ജീവിച്ചു. ഒരു ദിവസം ഒരു ഞണ്ട് ആ കുളത്തിൽ താമസമാക്കി. വെള്ളം കുടിക്കാൻ കുളത്തിൽ ഇറങ്ങുന്നവരെയൊക്കെ ഞണ്ട് ഇറുക്കാൻ തുടങ്ങി. ഞണ്ടിനെ പേടിച്ച് ആരും അങ്ങോട്ട് പോകാതെയായി.

To advertise here,

അങ്ങനെയിരിക്കെ ഒരു ദിവസം മറ്റൊരു കാട്ടിൽ നിന്ന് ഒരാന അവിടെയെത്തി. വെള്ളം തേടി നടന്ന ആന ആ കുളം കണ്ടു. അവൻ തുമ്പിക്കൈ നീട്ടി കുളത്തിൽ നിന്ന് വെള്ളം കുടിക്കാൻ തുടങ്ങി. പെട്ടെന്ന് ഞണ്ട് ആനയുടെ തുമ്പിക്കൈയിൽ ഇറുക്കി. അവൻ തുമ്പിക്കൈയിൽ വിടാതെ പിടുത്തമിട്ടു. ആന വേദനകൊണ്ട് പുളഞ്ഞു. എങ്കിലും ആന ചിന്തിച്ചു. 'എന്തെങ്കിലും സൂത്രം ഉപയോഗിച്ച് ഈ ഞണ്ടിനെ ശരിയാക്കാം!'

ആന പറഞ്ഞു: ''കുളത്തിലെ രാജാവായ ഞണ്ടേ, ശക്തിമാനായ അങ്ങയെ നേരിൽ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഞങ്ങളുടെ രാജാവായ സിംഹത്തിനുപോലും അങ്ങയെ പേടിയാണ്. ദയവായി പുറത്തേക്ക് വരൂ!''

ആന പറഞ്ഞത് പൊങ്ങച്ചക്കാരനായ ഞണ്ടിന് ഇഷ്ടമായി. അവൻ ആനയുടെ തുമ്പിക്കൈയിൽ നിന്ന് പിടുത്തംവിട്ട് വെള്ളത്തിൽ നിന്ന് കരയിലേക്ക് കയറിവന്നു. ഞണ്ടിനെ കണ്ടയുടൻ ആന ഒറ്റച്ചവിട്ട്. അതോടെ അഹങ്കാരിയായ ഞണ്ടിന്റെ കഥയും കഴിഞ്ഞു.

അഹങ്കാരം ആപത്തുക്ഷണിച്ചു വരുത്തുമെന്ന് മനസ്സിലായില്ലേ.