കിങ്ങിണിക്കാട്ടിലാണ് ജിംഗൻ എന്ന കുട്ടിയാനയുടെയും മിന്നു എന്ന പുള്ളിമാനിന്റെയും താമസം. മിന്നുമാന് താൻ വലിയ സുന്ദരനാണെന്ന ഭാവമായിരുന്നു! ഒരുദിവസം മിന്നുമാൻ ജിംഗനാനയെ കളിയാക്കി.
''ജിംഗാ! ജിംഗാ! നിന്നെക്കാണാൻ
ഭംഗിയൊരല്പവുമില്ലല്ലോ!
എന്നെ കാണാൻ എന്തൊരു ചന്തം!
ചൊല്ലു! ചൊല്ലൂ! ചങ്ങാതീ!''
ഇതു കേട്ടപ്പോൾ ജിംഗനാനയ്ക്ക് വലിയ വിഷമമായി! 'കഷ്ടം ഈ പുള്ളിമാൻ എന്തിനാണ് എന്നെ ഇങ്ങനെ കളിയാക്കുന്നത്?'
ജിംഗനാന മിന്നുപ്പുള്ളിമാനെ നോക്കി പറഞ്ഞു:
''മിന്നൂ! മിന്നൂ! ചങ്ങാതീ!
എന്നോടിഷ്ടം കൂടാമോ?
നിനക്കു കാവൽ ഞാനില്ലേ?
ആനച്ചന്തമെനിക്കില്ലേ?''
ഇതു പറഞ്ഞ് ജിംഗനാന തന്റെ കുട്ടിക്കൊമ്പുകൾ കുലുക്കിക്കാണിച്ചു. കുഞ്ഞിത്തുമ്പിക്കൈ കൊണ്ട് ചെറിയ മരങ്ങളൊക്കെ തള്ളി മറിച്ചിട്ടുകാണിച്ചു.
മിന്നുപ്പുള്ളിമാൻ അഹങ്കാരത്തോടെ തന്റെ ദേഹത്തെ പുള്ളികളെല്ലാം തെളിഞ്ഞു കാണത്തക്കവിധത്തിൽ അഹങ്കരിച്ചു ഞെളിഞ്ഞു നടന്നു.
ഒരു ദിവസം രണ്ടുപേരും ഒരു പുൽമേട്ടിലൂടെ നടക്കുകയായിരുന്നു.
തെല്ലകലെ എത്തിയപ്പോൾ തൊട്ടടുത്ത പൊന്തക്കാട്ടിൽനിന്നും 'ഗ്ര്... ഗ്ര്...' എന്നൊരു മുരൾച്ച! ചിങ്കൻ കടുവയായിരുന്നു അത്. ''അയ്യോ! ജിംഗാ ഓടിവരണേ! ഈ കടുവ ഇപ്പോ എന്നെപിടികൂടി കൊന്നുതിന്നുമേ!''
മിന്നുമാനിന്റെ നിലവിളി കേട്ടപ്പോൾ ജിംഗനാന വേഗം തുമ്പിയുമാട്ടി ചിങ്കൻ കടുവയുടെ മുമ്പിലെത്തി. മിന്നുമാൻ പേടിച്ച് പാവം ജിംഗനാനയുടെ കാലുകൾക്കിടയിൽ വന്നുനിന്നു.
''ഹാവൂ! രക്ഷപ്പെട്ടു!'', പുള്ളിമാൻ കിതച്ചുകൊണ്ടു പറഞ്ഞു.
'ഗ്ര്... ഗ്ര്...' മുരണ്ടുകൊണ്ട് ചിങ്കൻ കടുവ പൊന്തക്കാട്ടിൽ നിന്നും പുറത്ത് വന്നു. ജിംഗനാന ഉറക്കെ ചിന്നം വിളിച്ചു; തുമ്പിക്കൈ ഉയർത്തി ചിന്നം വിളിച്ചു നിൽക്കുന്ന ജിംഗനാനയെ കണ്ടപ്പോൾ ചിങ്കൻ കടുവ പേടിച്ചു പോയി. ''അയ്യോ എന്നെ ഒന്നും ചെയ്യല്ലേ!'' കടുവ ഓടി പൊന്തക്കാട്ടിനുള്ളിലേക്കുകയറി ഒളിച്ചിരുന്നു.
തന്റെ ജീവൻ രക്ഷിച്ച ജിംഗനാനയോട് മിന്നുമാൻ നന്ദി പറഞ്ഞു. അതോടെ മിന്നുപ്പുള്ളിമാന്റെ ഗർവെല്ലാം പമ്പ കടന്നു. പിന്നീടവർ ഉറ്റ ചങ്ങാതിമാരായി കാട്ടിൽ താമസിച്ചു.
Content Highlights: A moral tale highlighting the value of friendship over vanity., The story of Jingan the elephant protecting Minnu the deer
Published: 22 Apr 2026, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented